(ചിത്രങ്ങള്‍ ഞാന്‍ മൊബൈലില്‍ പകര്‍ത്തിയത്)
ഷുക്കൂര്‍ വളവുപച്ചയുടെ കണ്ണിലുണ്ണിയായിട്ട് രണ്ട് വര്‍ഷം കഴിയുന്നു. ചെറുപ്പക്കാര്‍ക്കെല്ലാം അസൂയതോന്നും വിധത്തില്‍ അവനങ്ങനെ അര്‍മാദിച്ച് നടക്കുകയാണ്.ഏതോപള്ളിയിലേക്ക് നേര്‍ച്ച നേര്‍ന്ന് വിട്ടതാണ് ഷുക്കൂറിനെ. ഷുക്കൂര്‍ ഒരു മുട്ടനാടാണ്. ആദ്യം അവന്‍ കാനൂര്‍പള്ളിയിലായിരുന്നു. അവിടന്ന് ആരോ അവനെ വളവുപച്ചയില്‍ കൊണ്ട് വന്നു. തികച്ചും ദുര്‍ബലനായിരുന്നു അവനന്ന്. വളവുപച്ചക്കാര്‍ അവനെ ഏറ്റെടുത്തു. മൃഗങ്ങള്‍ക്കുള്ള സ്ഥിരം പേരുകളുടെ കീഴ്വഴക്കങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ആരോ അവന് ഷുക്കൂര്‍ എന്ന പേരുനല്‍കി.
ചായക്കടകളില്‍ നിന്ന് പെറൊട്ടയും പെട്ടിക്കടകളില്‍ നിന്ന് ഏത്തപ്പഴവും തിന്ന് അവന്‍ കൊഴുത്ത് തടിച്ചു. ആദ്യകാലങ്ങളില്‍ അവന്റെ കഴുത്തില്‍ ഒരു പച്ച സഞ്ചി കെട്ടിത്തൂക്കിയിരുന്നു. അതില്‍ ഭക്തര്‍ ചില്ലറനാണയങ്ങളും രൂപയും നിക്ഷേപിച്ചു. വൈകുന്നേരമാകുമ്പോള്‍ വളവുപച്ച ചന്തയ്ക്കുള്ളിലേയ്ക് കൊണ്ട് പോയി ചിലര്‍ അവന്റെ സഞ്ചിയിലെ കാശ് അടിച്ചുമാറ്റി പാമ്പായി ഇഴഞ്ഞു. ഇതറിഞ്ഞ നാട്ടുകാര്‍ അവന്റെ കഴുത്തില്‍ കെട്ടിത്തൂക്കിയിരുന്ന സഞ്ചി മുറിച്ചുകളഞ്ഞു.
ഷുക്കൂര്‍ ആരെയും ഉപദ്രവിക്കാറില്ല. അവനങ്ങനെ അലസമായി വളവുപച്ചയിലൂടെ ഉലാത്തും. സധാരണ ആടുകളെപ്പോലെ പുല്ലും പ്ലാവിലയുമൊന്നും അവന് താത്പര്യമില്ല. പറോട്ടയും അപ്പവും പഴംപൊരിയുമൊക്കെയാണ് ഇഷ്ടഭക്ഷണങ്ങള്‍. പൂവന്‍പഴം വേണ്ട, ഏത്തപ്പഴമേ സ്വീകരിക്കൂ.
ഷുക്കൂറിന് സ്ഥിരമായി ആഹാരം വാങ്ങിക്കൊടുക്കുന്ന ചിലരുണ്ട്. അതിലൊരാളാണ് മണിയന്‍ മേശിരി.
(ഷുക്കൂര്‍ മണിയന്‍ മേശിരിയോടൊപ്പം)
എന്നും രാവിലെ മേശിരി ഷുക്കൂറിന് 5 പെറോട്ടയും രണ്ട് ഏത്തപ്പഴവും വാങ്ങിക്കൊടുക്കും. കൊടുത്തത് തൃപ്തിയായില്ലെങ്കില്‍ ഷുക്കൂര്‍ മേശിരിയെ ഉരുമ്മി അവിടെത്തന്നെ നില്‍ക്കും. തൃപ്തിയായാല്‍ അവന്‍ ചന്ത ഗേറ്റിലുള്ള സ്ഥിരം തിണ്ണയില്‍ പോയിക്കിടക്കും.ഏതെങ്കിലും ജാഥയുണ്ടെങ്കില്‍ ഷുക്കൂര്‍ അതിന്റെ മുന്നിലുണ്ടാകും. ശവമഞ്ചല്‍ കടന്നുപോകുമ്പോഴും ഷുക്കൂര്‍ അനുഗമിക്കും. കബറടക്കം കഴിയും വരെ ഷുക്കൂര്‍ അവിടെ ചുറ്റിപ്പറ്റി നില്‍ക്കും.
അവന് ആള്‍ക്കൂട്ടത്തോടണ് താത്പര്യം. നാലാള്‍ കൂടുന്നിടത്തൊക്കെ തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ട് അതിനിടയില്‍ക്കയറി നില്‍ക്കും.
ഷുക്കൂറിന് സ്ഥിരമായി മിഠായി എറിഞ്ഞുകൊടുക്കുന്ന ഒരു ബസ് യാത്രക്കാരിയുണ്ട്. രാവിലെയും വൈകിട്ടും അവര്‍ രണ്ട് വീതം മിഠായികള്‍ എറിഞ്ഞുകൊടുക്കും. ബസിന്റെ സമയമാകുമ്പോല്‍ ഷുക്കൂര്‍ കൃത്യമായും സ്ഥലത്ത് എത്തിയിട്ടുണ്ടാകും. തറയൈല്‍ വീഴുന്ന മിഠായികള്‍ നാട്ടുകാരിലാരെങ്കിലും എടുത്ത് കവര്‍ പൊളിച്ചു ഷുക്കൂറിന് കൊടുക്കും.
അങ്ങനെ ഷുക്കൂര്‍ വളവുപച്ചയുടെ ഓമനയായി വിലസുകയാണ്.
“ഷുക്കൂറ് സുന്ദരനാ
ഓനൊരു വല്ലാത്ത സംഭവമാ...”
ഈ പാട്ട് നമ്മുടെ ഷുക്കൂറിനെക്കുറിച്ചായിരിക്കുമോ?



വളവുപച്ചയുടെ ഓമനയായി വിലസുന്ന ഷുക്കൂര്‍ എന്ന ആടിനെപ്പറ്റി ഒരു കുറിപ്പ്.
ReplyDeletegood work
ReplyDelete