Sunday, March 6, 2011

കിഴക്കുംഭാഗം ബീനാ ടാക്കീസ്


















നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടര്‍ന്നിരുന്ന പല സിനിമാ തീയറ്ററുകളും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞകൂട്ടത്തില്‍ നമ്മുടെ ബീനാ ടാക്കീസും കഥാവശേഷമായി.

"ആഷാഢം മയങ്ങി നിന്‍ മുകില്‍ വേണിയില്‍...
ആകാശം തിളങ്ങി നിന്‍ നയനങ്ങളില്‍... "
"നീലാംബുജങ്ങള്‍ വിടര്‍ന്നു... "
ഓരോ പ്രദര്‍ശനത്തിനും മുന്‍പ്‌ കിഴക്കുംഭാഗം ബീനാ ടാക്കീസില്‍ കേള്‍ക്കാറുള്ള ഗാനങ്ങള്‍!"സത്യവാന്‍ സാവിത്രി"യിലെ ഈ ഗാനങ്ങള്‍ വര്‍ഷങ്ങളോളം അവിടെനിന്ന്‌ കേട്ടിരുന്നു. ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍ മാത്രം ഉപയോഗിച്ചിരുന്ന്‌ ആക്കാലത്ത്‌ പുതിയഗാനങ്ങള്‍ വാങ്ങുക ചിലവേറിയ കാര്യമായിരുന്നു. ഇപ്പോഴും ഈ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ബീനാ ടാക്കീസാണ്‌ ഓര്‍മ്മവരിക.

ബീനയില്‍ നിന്ന്‌ ആദ്യം കണ്ട സിനിമയേതെന്ന്‌ ഓര്‍മ്മയില്ല. എങ്കിലും ചിതറ യു പി എസ്സില്‍ പഠിക്കുമ്പോള്‍ അവിടെനിന്ന്‌ കൊണ്ട്‌ പോയിക്കാണിച്ച "ദുര്‍ഗ്ഗ" എന്ന സിനിമ ഓര്‍മ്മയുണ്ട്‌. (എന്തുദ്ദേശത്തിലാണ്‌ ആ മസാല സിനിമ സ്കൂളില്‍ നിന്നുകൊണ്ടുപോയിക്കാണിച്ചതെന്ന്‌ ഇപ്പോഴും ഞാനതിശയിക്കാറുണ്ട്‌). റിസര്‍വേഡില്‍ (കൂടിയ ക്ളാസിണ്റ്റെ നാടന്‍ ഭാഷ്യം) ആയിരുന്നു അന്ന്‌ ഞങ്ങളിരുന്നത്‌. 55 പൈസയോമറ്റോ ആയിരുന്നു അന്നതിണ്റ്റെ റേറ്റ്‌. കുട്ടകം പോലെ കുഴിവുള്ള അന്നത്തെ മോഡല്‍ ചൂരല്‍ കസേരകളായിരുന്നു റിസര്‍വേഡില്‍. മൂട്ടക്കളുടെ മൊത്തവിതരണ കേന്ദ്രങ്ങളായിരുന്നു അന്നൊക്കെ തീയറ്ററുകള്‍. അവയ്ക്ക്‌ അര്‍മാദിക്കാന്‍ പറ്റിയതായിരുന്നു ചൂരല്‍ക്കസേരകള്‍.

റിസര്‍വേഡിലൊഴികെ മറ്റുള്ള ക്ളാസുകളിലെല്ലാം സ്ത്രീ പുരുഷ സീറ്റുകള്‍ വേലികെട്ടി തിരിച്ചിട്ടുണ്ടായിരിക്കും. റിസര്‍വേഡിണ്റ്റെ തൊട്ടു മുന്നില്‍ "ഫഷ്‌ ക്ളാസ്‌". ബഞ്ചില്‍ ചാരിയിരിക്കാന്‍ പലകയടിച്ചയിരിപ്പിടം. അടുത്തത്‌ ബഞ്ച്‌. പിന്നെ തറ. തറയില്‍ മണല്‍ വിരിച്ചിട്ടുണ്ടാകും. (തറയിലിരിക്കുന്നവരാണ്‌ യഥാര്‍ത്ഥ ആസ്വാദകര്‍. തട്ടുപൊളിപ്പന്‍ സിനിമകള്‍ക്ക്‌ അവരില്ലെങ്കില്‍ ഒരു രസവുമുണ്ടാകില്ല. സ്ളോമൊഷനില്‍ നായകന്‍ പ്രവേശിക്കുമ്പോള്‍ വിസിലടിയും കയ്യടിയുമില്ലെങ്കില്‍ പിന്നെന്ത്‌ നായക പ്രവേശം. നമ്മളൊക്കെ കൂടിയ ക്ളാസില്‍ മസിലുപിടിച്ചിരിക്കുകയാണല്ലൊ, ഇഞ്ചി കടിച്ചവരെപ്പോലെ. )

അകത്ത്‌ റിക്കര്‍ഡിട്ടുതുടങ്ങുന്നതോടെ തിയറ്ററിനകം പുകകൊണ്ട്‌ മൂടുകയായി. പ്രത്യേകിച്ചും തിയറ്ററിനുള്ളില്‍ പുകവലി പാടില്ല എന്ന സ്ളൈഡ്‌ കാണിക്കുന്നതോടെ കൂടുതല്‍ വാശിയോടെ സിഗററ്റും ബീഡിയും കത്തിയമരുന്നു, നമ്മുടെ വസ്ത്രങ്ങളില്‍ കഴികിയാലും മാറാത്ത പുകമണം അവശേഷിപ്പിച്ചുകൊണ്ട്‌.

ലൈറ്റുകള്‍ മങ്ങി ദ്രുതതാളത്തിലുള്ള സംഗീതം കേല്‍ക്കുമ്പോള്‍ സ്ക്രീനിനുമുന്നിലെ കര്‍ട്ടണ്‍ കളര്‍ബള്‍ബുകളുടെ അകമ്പടിയോടെ മെല്ലെ ഉയര്‍ന്നു തുടങ്ങുന്നു. സന്തോഷവും ആകാംഷയും കൊണ്ട്‌ ഹൃദയം മിടിക്കുന്നു. കാത്തിരുന്ന സ്വപ്ന ലോകത്തേക്ക്‌ പ്രവേശിക്കാന്‍ പോകുന്നതുപോലെ. കര്‍ട്ടണ്‍ ഉയര്‍ന്നുകഴിഞ്ഞ്‌ ഒരു നിമിഷത്തേക്ക്‌ നിശബ്ദത. പിന്നെ പ്രൊജക്ടര്‍ ശബ്ദിച്ച്‌ തുടങ്ങുന്നു. ഒരു കാലത്ത്‌ എന്നെ ഏറെ ത്രസിപ്പിച്ച സ്വരം അതായിരുന്നു. പ്രൊജക്ടറിണ്റ്റെ ശബ്ദം. ബീനയില്‍ അതിണ്റ്റെ ഒച്ച ഇത്തിരി കൂടുതലായിരുന്നെന്ന്‌ തോന്നുന്നു. നമ്മളുടെ പുറകിലുള്ള ദ്വാരത്തിലൂടെ തിയറ്ററിലെ നിറഞ്ഞ പുകയിലൂടെ നസീറും ഷീലയുമൊക്കെ സ്ക്രീനിലേയ്ക്ക്‌ പാറിവരുന്നു.

സിനിമയ്ക്ക്‌ മൂന്ന്‌ ഇടവേളകള്‍ ഉണ്ടാകും. രണ്ടാമത്തേതാണ്‌ ശരിക്കും ഇന്റര്‍വെല്‍. സോഡാ, ക്രഷ്‌, കപ്പലണ്ടിയും പാട്ടുപുസ്തകവും അപ്പോള്‍ വില്‍പ്പനയ്ക്കായി തിയറ്ററിനുള്ളിലെത്തും. മൂത്രമൊഴിക്കേണ്ട പുരുഷന്‍മാര്‍ അടുത്ത തെങ്ങിന്‍ ചുവട്ടിലേക്കോടും. മൂത്രപ്പുരപോലുള്ള ആഡംബരങ്ങളിലൊന്നും നാട്ടുകാര്‍ക്ക്‌ വിശ്വാസമില്ല. ( ഗള്‍ഫില്‍ പോയി വരും വരെ കക്കൂസും നാട്ടുകാര്‍ പൊങ്ങച്ചമാക്കി തള്ളിക്കളഞ്ഞിരുന്നല്ലൊ!)

ഗ്രാമങ്ങളിലെ സിനിമാ കൊട്ടകകള്‍ വെറും ഓലപ്പുരകള്‍ മാത്രമായിരുന്ന അക്കാലത്ത്‌ ബീനാ ടാക്കീസ്‌ ഒരു അതിശയം തന്നെയായിരുന്നു. തൂണുകളുടെ മറവില്ലാതെ ആസ്ബസ്റ്റോസ്‌ ഷീറ്റ്‌ മേഞ്ഞ മികച്ച തീയറ്റര്‍. എങ്കിലും അന്നത്തെ ഇരിപ്പിടങ്ങളുടെ സജ്ജീകരണമനുസരിച്ച്‌ ഓരോ ക്ളാസിലും മുന്നിലിരിക്കുന്നവര്‍ക്ക്‌ മാത്രമേ മറകൂടതെ കാണാന്‍ കഴിയുമായിരുന്നുള്ളൂ. ഇന്നത്തെതിയറ്ററുകളെപ്പോലെ ഓരോ വരിയും തമ്മില്‍ പൊക്ക വ്യത്യാസമുണ്ടായിരുന്നില്ല.

കൈ വണ്ടിയിലോ കാള വണ്ടിയിലോ ആയിരുന്നു സിനിമയുടെ പ്രചരണം. വണ്ടിയില്‍ പിരമിഡ്‌ പോലെ രണ്ട്‌ സിനിമാ ബോഡുകള്‍ ചാരിവച്ചിരിക്കും. ചെണ്ടക്കാര്‍ പിറകെ. ഒരാള്‍ നോട്ടീസ്‌ വിതരണത്തിനുണ്ടാകും. അനൌണ്‍സ്മെണ്റ്റൊന്നും ഉണ്ടാകില്ല. ചിലപ്പോള്‍ കോളാമ്പി പോലൊരെണ്ണം വച്ച്‌ വിളിച്ച്‌ പറയും. റിലീസായി ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കഴിഞ്ഞ പടങ്ങളായിരിക്കു പ്രദര്‍ശനത്തിനു വരിക. (പോസ്റ്റര്‍ വിതരണത്തിനു വരുന്ന പയ്യനായിരുന്നു അന്നൊക്കെ കുട്ടികളുടെ ഹീറോ. ടക്കീസിലെ ഗേറ്റില്‍ ടിക്കറ്റ്‌ കീറാനായി നില്‍ക്കുന്നയാളാകണമെന്നായിരുന്നു അന്നൊക്കെ മോഹിച്ചിരുന്നത്‌. പ്രൊജക്ടര്‍ ഓപ്പറേറ്ററെ ദൈവത്തെപ്പോലെ നോക്കിക്കണ്ടു. "എന്തൊരൊ ഭാഗ്യവാന്‍", ഞാന്‍ അസൂയപ്പെട്ടു. അയാള്‍ക്കെന്നും സിനിമ കാണാം!) പിന്നീട്‌ അനൌണ്‍സ്മെണ്റ്റ്‌ ജീപ്പിലായി. "മനം മയക്കുന്ന നൃത്ത നൃത്യങ്ങള്‍, സ്ത്രീകളെ കരയിക്കുന്ന ദുഖ രംഗങ്ങള്‍, നിങ്ങളുടെ കരളിനെ രോഞ്ചമണിയിക്കുന്ന മാദക രംഗങ്ങള്‍, ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍..." ഇങ്ങനെ തുടങ്ങിയ ഉച്ചഭാഷിണി പ്രയോഗങ്ങള്‍ പിന്നീട്‌ വിയെസ്‌ അച്ചുതാനന്ദണ്റ്റെ പ്രസംഗത്തിലെ കയറ്റിയിറക്കങ്ങള്‍ പോലെ സ്റ്റൈലിഷ്‌ ആയി.

ബീനയിലെ ഒരു അനൌണ്‍സര്‍ തണ്റ്റെ പ്രണയിനിയുടെ വീട്ടിനരികില്‍ അനൌണ്‍സ്മെണ്റ്റ്‌ വാഹനം നിര്‍ത്തി വിളിച്ചുപറഞ്ഞു "നാളെ മുതല്‍ കിഴക്കുംഭാഗം ബീനയുടെ വെള്ളിത്തിരയില്‍....
എന്നെ സ്നേഹിക്കൂ എന്നെ മാ......ത്രം"

5 comments:

  1. ഗ്രാമങ്ങളിലെ സിനിമാ കൊട്ടകകള്‍ വെറും ഓലപ്പുരകള്‍ മാത്രമായിരുന്ന അക്കാലത്ത്‌ ബീനാ ടാക്കീസ്‌ ഒരു അതിശയം തന്നെയായിരുന്നു. തൂണുകളുടെ മറവില്ലാതെ ആസ്ബസ്റ്റോസ്‌ ഷീറ്റ്‌ മേഞ്ഞ മികച്ച തീയറ്റര്‍.

    ReplyDelete
  2. ശേഷം വെള്ളിത്തിരയില്‍!

    അന്നൊക്കെ സിനമ നോടീസിനര്റെ അവസാനം ഇതായിരുന്നു. എനിക്കിതിന്റെ അര്‍ഥം ആദ്യമൊന്നും അറിയില്ലായിരുന്നു. വെള്ളി കൊണ്ടുടക്കിയ എന്തിലോ ഒന്നിലായിരുന്നു സിനിമ കാണിക്കുന്നത് എന്നായിരുന്നു ഞാന്‍ ധരിച്ചു വച്ചിരുന്നുത് :)

    ReplyDelete
  3. അനീഷ്‌ പേഴുംമൂട്March 28, 2011 at 1:14 AM

    സൈബറിക്ക പറഞ്ഞതുപോലെ ബീന തീയേറ്റര്‍ കുട്ടിക്കാലത്ത് ഞങ്ങള്‍ക്കും ഒരു വലിയ അത്ഭുതം തന്നെയായിരുന്നു വളരെ ചെറുപ്പത്തില്‍ (ഇപ്പോഴും പേരോ കഥയോ ,കഥാപാത്രങ്ങളെയോ അറിയില്ല) അവിടെ സിനിമ കാണാന്‍ പോയ ഓര്‍മ ഉണ്ട് വറുത്ത കപ്പലണ്ടിയും കൊറിച്ചിരുന്നു സിനിമ കണ്ടു . പിന്നീട് LPS ഇല്‍ പഠിക്കുന്ന സമയത്ത് വീണ്ടുമൊരു ചിത്രം കാണാന്‍ പോയി പക്ഷെ അന്ന് "പെട്ടി" വന്നില്ല സ്തിനു ശേഷം അവിടെ മസാല ചിത്രങ്ങള്‍ മാത്രമായി ഒടുവില്‍ അതും നിന്ന്. പിന്നെ സ്കൂളില്‍ നിന്നും ഒരു മാജിക്‌ ഷോ കാണാനാണ് അവിടെ പോയത് ...വര്‍ഷങ്ങളോളം ഒരു പ്രേത ഭവനം പോലെ അടഞ്ഞു കിടന്നു ഒരുകാലത്ത് സര്‍വ പ്രതാപതോടെയും നിന്ന, ജനങ്ങളെ രസിപ്പിച്ച ,ചിന്ടിപ്പിച്ച ബീന തീയേറ്റര്‍ .പിന്നെടെപ്പോഴോ അവിടെ പോയത് വളം വാങ്ങാനായിരുന്നു കാരണം അപ്പോഴേക്കും അതൊരു വളം ഗോഡോവ്ന്‍ ആയിരുന്നു... അനീഷ്‌ പേഴുംമൂട്

    ReplyDelete
  4. Ansar MangalathopJune 3, 2011 at 7:29 AM

    പഴയ ഓര്‍മകളിലേക്ക് കൊണ്ട് പോയി. ജയന്റെ 'ആക്രമണം' എന്ന സിനിമ വന്ന സമയം. ടിക്കെറ്റ് എടുക്കാന്‍ നിന്ന എന്റെ പുറത്തേക്കു പിറകില്‍ നിന്നവരുടെ തള്ളികയറ്റത്തില്‍ കയ്യ് കേറി ഭിത്തിയില്‍ ഉരഞ്ഞു. (പ്രത്യേക ക്യൂ ഒന്നും ഇല്ല, കയ്യൂക്കുള്ളവന് തന്നെ ആദ്യം ടിക്കറ്റ്‌). ശെരിക്കും ഒരു ആക്രമണം. അത്കൊണ്ട് ഗുണം ഉണ്ടായി. പത്താം ക്ലാസ്സില്‍ SSC ബുക്കില്‍ വെക്കാന്‍ രണ്ട് തിരിച്ചറിയല്‍ അടയാളങ്ങള്‍ വേണ്ടി വന്നപ്പോള്‍ സാറ് തെരഞ്ഞെടുത്തതില്‍ ഒന്ന് ഈ പാട് ആയിരുന്നു.

    ReplyDelete
  5. ബീന തിയറ്ററിൽ ആദ്യം കണ്ട സിനിമ ഓർമ ഇല്ല, സ്കൂളിൽ പഠിക്കുന്ന കാലത്തു വീട്ടിൽ പറയാതെ പറങ്ങിയണ്ടി (കശുഅണ്ടീ) വിറ്റ് കിട്ടിയ പൈസയുമായി "ഹൃദയം ഒരു ക്ഷേത്രം" കാണാൻ പോയത് ഇപ്പോഴും ഓർക്കുന്നു.. പിന്നീട് തിയറ്റർ പൊളിക്കുന്നത് വരെ ആഴ്ചയിൽ ഒരു സിനിമ എന്ന ആഘോഷം മുടങ്ങിയിട്ടില്ലായിരുന്നു..

    ഓർമകൾ പുതുക്കി തന്നതിന്‌ നന്ദി..

    ReplyDelete