Sunday, April 22, 2012

ഷുക്കൂര്‍ @ വളവുപച്ച


(ചിത്രങ്ങള്‍ ഞാന്‍ മൊബൈലില്‍ പകര്‍ത്തിയത്)
ഷുക്കൂര്‍ വളവുപച്ചയുടെ കണ്ണിലുണ്ണിയായിട്ട് രണ്ട് വര്‍ഷം കഴിയുന്നു. ചെറുപ്പക്കാര്‍ക്കെല്ലാം അസൂയതോന്നും വിധത്തില്‍ അവനങ്ങനെ അര്‍മാദിച്ച് നടക്കുകയാണ്.

ഏതോപള്ളിയിലേക്ക് നേര്‍ച്ച നേര്‍ന്ന് വിട്ടതാണ് ഷുക്കൂറിനെ. ഷുക്കൂര്‍ ഒരു മുട്ടനാടാണ്. ആദ്യം അവന്‍ കാനൂര്‍പള്ളിയിലായിരുന്നു. അവിടന്ന് ആരോ അവനെ വളവുപച്ചയില്‍ കൊണ്ട് വന്നു. തികച്ചും ദുര്‍ബലനായിരുന്നു അവനന്ന്. വളവുപച്ചക്കാര്‍ അവനെ ഏറ്റെടുത്തു. മൃഗങ്ങള്‍ക്കുള്ള സ്ഥിരം പേരുകളുടെ കീഴ്വഴക്കങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ആരോ അവന് ഷുക്കൂര്‍ എന്ന പേരുനല്‍കി.


ചായക്കടകളില്‍ നിന്ന് പെറൊട്ടയും പെട്ടിക്കടകളില്‍ നിന്ന് ഏത്തപ്പഴവും തിന്ന് അവന്‍ കൊഴുത്ത് തടിച്ചു. ആദ്യകാലങ്ങളില്‍ അവന്റെ കഴുത്തില്‍ ഒരു പച്ച സഞ്ചി കെട്ടിത്തൂക്കിയിരുന്നു. അതില്‍ ഭക്തര്‍ ചില്ലറനാണയങ്ങളും രൂപയും നിക്ഷേപിച്ചു. വൈകുന്നേരമാകുമ്പോള്‍ വളവുപച്ച ചന്തയ്ക്കുള്ളിലേയ്ക് കൊണ്ട് പോയി ചിലര്‍ അവന്റെ സഞ്ചിയിലെ കാശ് അടിച്ചുമാറ്റി പാമ്പായി ഇഴഞ്ഞു. ഇതറിഞ്ഞ നാട്ടുകാര്‍ അവന്റെ കഴുത്തില്‍ കെട്ടിത്തൂക്കിയിരുന്ന സഞ്ചി മുറിച്ചുകളഞ്ഞു.

ഷുക്കൂര്‍ ആരെയും ഉപദ്രവിക്കാറില്ല. അവനങ്ങനെ അലസമായി വളവുപച്ചയിലൂടെ ഉലാത്തും. സധാരണ ആടുകളെപ്പോലെ പുല്ലും പ്ലാവിലയുമൊന്നും അവന് താത്പര്യമില്ല. പറോട്ടയും അപ്പവും പഴം‌പൊരിയുമൊക്കെയാണ് ഇഷ്ടഭക്ഷണങ്ങള്‍. പൂവന്‍പഴം വേണ്ട, ഏത്തപ്പഴമേ സ്വീകരിക്കൂ.
ഷുക്കൂറിന് സ്ഥിരമായി ആഹാരം വാങ്ങിക്കൊടുക്കുന്ന ചിലരുണ്ട്. അതിലൊരാളാണ് മണിയന്‍ മേശിരി.

(ഷുക്കൂര്‍ മണിയന്‍ മേശിരിയോടൊപ്പം)
എന്നും രാവിലെ മേശിരി ഷുക്കൂറിന് 5 പെറോട്ടയും രണ്ട് ഏത്തപ്പഴവും വാങ്ങിക്കൊടുക്കും. കൊടുത്തത് തൃപ്തിയായില്ലെങ്കില്‍ ഷുക്കൂര്‍ മേശിരിയെ ഉരുമ്മി അവിടെത്തന്നെ നില്‍ക്കും. തൃപ്തിയായാല്‍ അവന്‍ ചന്ത ഗേറ്റിലുള്ള സ്ഥിരം തിണ്ണയില്‍ പോയിക്കിടക്കും.

ഏതെങ്കിലും ജാഥയുണ്ടെങ്കില്‍ ഷുക്കൂര്‍ അതിന്റെ മുന്നിലുണ്ടാകും. ശവമഞ്ചല്‍ കടന്നുപോകുമ്പോഴും ഷുക്കൂര്‍ അനുഗമിക്കും. കബറടക്കം കഴിയും വരെ ഷുക്കൂര്‍ അവിടെ ചുറ്റിപ്പറ്റി നില്‍ക്കും.
അവന് ആള്‍ക്കൂട്ടത്തോടണ് താത്പര്യം. നാലാള്‍ കൂടുന്നിടത്തൊക്കെ തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ട് അതിനിടയില്‍ക്കയറി നില്‍ക്കും.

ഷുക്കൂറിന് സ്ഥിരമായി മിഠായി എറിഞ്ഞുകൊടുക്കുന്ന ഒരു ബസ് യാത്രക്കാരിയുണ്ട്. രാവിലെയും വൈകിട്ടും അവര്‍ രണ്ട് വീതം മിഠായികള്‍ എറിഞ്ഞുകൊടുക്കും. ബസിന്റെ സമയമാകുമ്പോല്‍ ഷുക്കൂര്‍ കൃത്യമായും സ്ഥലത്ത് എത്തിയിട്ടുണ്ടാകും. തറയൈല്‍ വീഴുന്ന മിഠായികള്‍ നാട്ടുകാരിലാരെങ്കിലും എടുത്ത് കവര്‍ പൊളിച്ചു ഷുക്കൂറിന് കൊടുക്കും.

അങ്ങനെ ഷുക്കൂര്‍ വളവുപച്ചയുടെ ഓമനയായി വിലസുകയാണ്.
“ഷുക്കൂറ് സുന്ദരനാ
ഓനൊരു വല്ലാത്ത സംഭവമാ...”
ഈ പാട്ട് നമ്മുടെ ഷുക്കൂറിനെക്കുറിച്ചായിരിക്കുമോ?

Friday, November 25, 2011

കെ.പി. കരുണാകരന്‍ പുരസ്കാരം

(ചിത്രങ്ങള്‍ - അഫ്‌സല്‍ഖാന്‍ വളവുപച്ച)
വളവുപച്ച സി കേശവന്‍ ഗ്രന്ഥശാലയുടെസ്ഥാപക സെക്രട്ടറിയായി 11 വര്‍ഷവും 1992 മുതല്‍ അന്തരിക്കുന്നതുവരെ ഗ്രന്ഥശാലയുടെ പ്രസിഡന്റായും ചിതറ രാഷ്ട്രീയ-സാമൂഹിക- സഹകരണ-കാര്‍ഷിക മേഖലയില്‍ അമൂല്യമായ സംഭാവനകള്‍ നല്‍കിയ ശ്രീ കെ.പി കരുണാകരന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പ്രതിഭാ പുരസ്ക്കാരം എനിക്ക് ലഭിക്കുകയുണ്ടായി.


24-11-2011 -ല്‍ വളവുപച്ച ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വച്ച് ബഹുമാനപ്പെട്ട മുന്‍ മന്ത്രിയും ഇപ്പോഴത്തെ എമ്മല്ലേയുമായ ശ്രീ മുല്ലക്കരരത്നാകരന്‍ പുരസ്കാരം നല്‍കി.

(മീര, മുല്ലക്കര രത്നാകരന്‍, കരകുളം ബാബു, പേഴും‌മൂട് സണ്ണി, ജെസ്സിന്‍, നാരായണന്‍ പിന്നെ ഞാനും.)

തീര്‍ച്ചയായും എനിക്കിത് വല്ലാത്ത സന്തോഷം നല്‍കിയ അനുഭവമായിരുന്നു. ഞാന്‍ വായിച്ചുവളര്‍ന്ന വായനശാല ഏര്‍പ്പെടുത്തിയ, ഞാനേറെ ബഹുമാനിക്കുന്ന കെപിയുടെ പേരിലുള്ള ഈ പുരസ്കാരം വളരെ വിലപ്പെട്ടതായി ഞാന്‍ കാണുന്നു. ഇത് എന്റെ മികവിനുള്ള അവാര്‍ഡായല്ല ഞാന്‍ കരുതുന്നത്. എന്റെ നാട്ടുകാരും സുഹൃത്തുക്കളും എനിക്ക് നല്‍കുന്ന സ്നേഹോപഹാരമായാണ്. എന്റെ വഴിത്തിരുവുകളില്‍ എന്നോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി!

(സി കേശവന്‍ ഗ്രന്ഥശാലാ കലോത്സവം സ്വാഗതസംഘം ഭാരവാഹികളും
ഗ്രന്ഥശാലാ ഭരണസമിതി അംഗങ്ങളും)
(വായനശാലാ സെക്രട്ടറി ശ്രീ. സി പി ജെസ്സിന്‍)

(പ്രസിഡന്റ് ശ്രീ. ജി നാരായണന്‍)

Wednesday, September 7, 2011

മുസ്ലിമിന്റെ ഓണാഘോഷം!


(ചിത്രം ഇവിടെ നിന്ന്)

തികഞ്ഞ മതവിശ്വാസിയായിരുന്നെങ്കിലും എന്റെ വാപ്പ സെക്യുലറായി ചിന്തിക്കുന്ന ആളായിരുന്നു. പരന്ന വായനയായിരിക്കാം അതിന്‌ കാരണം. അത്രയൊന്നുമില്ലെങ്കിലും കമ്യൂണിസ്റ്റുകാരായ സഹോദരന്‍മാരുടെ സാന്നിധ്യം ഉമ്മയെക്കൊണ്ടും സങ്കുചിതമല്ലാതെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അതുകൊണ്ടുതന്നെ യാഥാസ്തിതിക മതരീതികളൊന്നും വീട്ടില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ ഓണവും വിഷുവുമൊക്കെ ഞങ്ങള്‍ കൊണ്ടാടി.

അത്തത്തിന്‌ സഹോദരിമാര്‍ പൂക്കളമിടും. അവരുടെ കൂട്ടുകാരുടെ വീട്ടില്‍ ചെയ്യുന്ന രീതികണ്ട്‌ മനസ്സിലാക്കി അതുപോലായിര്‍ന്നു പൂക്കളമിടുക. അത്തം പത്തിനും പൂക്കളമിടും. ഞങ്ങള്‍ കുട്ടികള്‍ പൂക്കള്‍ ശേഖരിക്കാന്‍ കുടും. വീട്ടിലുള്ള പൂക്കളാകും ശേഖരിക്കുക. എല്ലാം നാട്ടുപൂക്കള്‍. ലില്ലി, ഡാലിയ പോലുള്ള ചില ഫോറിന്‍ പൂക്കള്‍ അന്നത്തെ ഫാഷനാണ്‌. എങ്കിലും തെച്ചിയും ചെമ്പരത്തിയും മുക്കുറ്റിയും കോഴിവാലനുമൊക്കെയാണ്‌ ഒരു വീട്ടിലെ പൂന്തോട്ടത്തില്‍ പ്രധാനം. ഹിന്ദു കുട്ടികള്‍ പൂതേടി വീട്ടിലെത്തും. പൂ പറിക്കുന്നതില്‍ ഉമ്മ തടസ്സം പറയാറില്ല. പക്ഷെ ചിലപ്പോള്‍ പൂ പറിക്കല്‍ ഒരു ആക്രമണം പോലെയാകും. തെച്ചിയുടെ മേല്‍ യുദ്ധത്തിലെന്നപോലെ കുട്ടികള്‍ ചാടിവീഴും. അപ്പോള്‍ ഉമ്മായുടെ സ്വഭാവം മാറും. പൂ പറിക്കാന്‍ വന്ന കുട്ടികള്‍ പറക്കും.

ഓണത്തിന്‌ മുന്നോടിയായി ഊഞ്ഞാലിടും. ശങ്കരനോ ഗോപാലനോ ആയിരിക്കും ഊഞ്ഞാലിട്ടുതരിക. അതിനായി വാപ്പായുടെ കടയില്‍ നിന്നും പുതിയ കയര്‍ കൊണ്ടുവരും. ഊഞ്ഞാലിടുന്നതോടെ ഞങ്ങള്‍ക്ക്‌ ഓണം അനുഭവപ്പെട്ട്‌ തുടങ്ങും. എല്ലാവര്‍ക്കും പുതുവസ്ത്രമുണ്ടാകും. മദ്രസയില്‍ നിന്ന്‌ മൂത്ത ഇത്താമാരുടെ (ഷമീന, ഷൈല) കൂട്ടുകാരികള്‍ വീട്ടില്‍ വന്ന്‌ "കൊട്ട" കളിക്കും. പാവാടയും ബ്ളൌസും "ഏത്താപ്പുമാണ്‌" മുതിര്‍ന്ന പെണ്‍കുട്ടികളുടെ വേഷം. കൌമാരമെത്തുമ്പോള്‍ ഏത്താപ്പ്‌ ഹാഫ്സാരിയാകും.

വീട്ടില്‍ ഓണത്തിന്‌ സദ്യയാണുണ്ടാക്കുക. മുതിര്‍ന്നപ്പോള്‍ ചിലപ്പോഴൊക്കെ ഞങ്ങള്‍ ഉമ്മയുടെ ഉണ്ണിമുക്കിലുള്ള കുടുംബവീട്ടില്‍ ഓണം കൂടാനെത്തും. ഉമ്മയുടെ സഹോദരന്‍ “എ കെ” യുടെ വീട്ടില്‍. അവിടെ വിശദമായ ഓണസദ്യയുണ്ടാകും, നിലത്ത്‌ ഇലയൊക്കെ വച്ച്‌. പക്ഷെ ഉമ്മുമ്മ (ഉമ്മയുടെ ഉമ്മ) തികഞ്ഞ യാഥാസ്തിതികയായിരുന്നു. ഉമ്മുമ്മ ഓണദിവസം എന്തെങ്കിലും മാംസഭക്ഷണം വയ്ക്കണമെന്ന്‌ നിര്‍ബന്ധിക്കും. ഓണം ഇല്ലാതാക്കാനുള്ള ഉമ്മുമ്മയുടെ സൂത്രപ്പണിയായിരുന്നു അത്‌. കാരണം നമ്മള്‍ തെക്കര്‍ക്ക്‌ ഓണത്തിന്‌ മാംസഭക്ഷണം ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്‌. എന്നാല്‍ വടക്ക്‌ ഓണത്തിന്‌ ഇറച്ചി ഒഴിവാക്കാന്‍ പറ്റാത്തതാണെന്നറിയുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം. ആചാരങ്ങളൂടെയൊരു വൈചിത്ര്യമേ!

പൊതുവെ വളവുപച്ചയിലെ ഓണാഘോഷം മുളയില്‍ കയറ്റത്തിലൊതുങ്ങും. ഷിഹാബിന്റെ (കിംഗായി) കമന്ററിയാണ്‌ മുളയികയറ്റത്തിന്‌ കൊഴുപ്പേകുക. ഓണസദ്യയൊക്കെ കഴിഞ്ഞ്‌ അല്‍പം "സേവിച്ച" പുരുഷന്‍മാരും വീട്ടിലെ പണിയൊക്കെ ഒതുക്കി സ്ത്രീകളൂം ആവേശത്തോടെ കാണികളാകും. പരിപാടിയുടെ ഗാംഭീര്യമല്ല, മറിച്ച്‌ അതില്‍ നാട്ടുകാര്‍ പങ്കാളിയാകുക എന്നതാണ്‌ ഓണപ്പരിപാടികളുടെ സന്തോഷം.

നാട്‌ വിട്ടുനില്‍ക്കുന്നവര്‍ക്ക്‌ വേറെവിടെ കൂടാന്‍ കഴിയും,
ഫെയിസ്‌ ബുക്കിലല്ലാതെ.
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍!

Monday, July 18, 2011

പ്രവാസിയുടെ ആടുജീവിതം

ബെന്യാമിന്റെ "ആടുജീവിതം" എന്ന നോവല്‍ ഒറ്റയിരിപ്പിലാണ്‌ വായിച്ച്‌ തീര്‍ത്തത്‌. അത്‌ വായിക്കുമ്പോള്‍ സമാനമായ ഒരു കഥ ഞാനോര്‍ത്തു. വളവുപച്ചക്കാരനായ ബഷീര്‍ റാവുത്തറുടെ കഥ. ഒരു പ്രവാസിയുടെ ജീവിതാനുഭവങ്ങള്‍. "ആടുജീവിത"ത്തിനോളം തീവ്രമല്ലെങ്കിലും ഒരു ശരാശരി പ്രവാസിയുടെ ജീവിത ദുരിതങ്ങള്‍ അതില്‍ നിന്നും വായിച്ചെടുക്കാനാകും.

എന്റെ വളവുപച്ചയിലെ ഏറ്റവുമടുത്ത രണ്ട് സുഹൃത്തുക്കളായിരുന്നു ബഷീറും സുലൈമാന്‍(റാവുത്തര്‍)ഉം. ജീവിതത്തിന്റെ ദുരിതങ്ങള്‍ താണ്ടി കരക്കേറിയവര്‍. എല്ലാദിവസവും വൈകുന്നേരം ഞങ്ങളൊരുമിച്ച് മാതേരുകുന്ന്-പരുത്തിയില്‍കൂടി ഒഴുകുപാറവഴി മടത്തറപ്പോകും. അവിടെ സംസം ബേക്കറിയില്‍ നിന്നും മൂന്ന് ചൂയിംഗം വാങ്ങിതിന്ന് തിരികെ നടക്കും, തമാശയും പൊട്ടിച്ചിരിയുമായി. വഴിയില്‍ ചില പെണ്‍കുട്ടികളെ കാണാമല്ലൊ എന്നൊരു ഉ(ദുരു)ദ്ദേശവും ഇതിന്റെ പുറകിലുണ്ടായിരുന്നു. സുലൈമാന്‍ തികഞ്ഞ സമാധാനപ്രിയന്‍. ബഷീറാണെങ്കില്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ മോന്തയ്ക്ക് അള്ളിപ്പിടിച്ച് കളയും! പക്ഷെ ആരെയും വേദനിപ്പിക്കാന്‍ ബഷീറിന് കഴിയില്ല. തന്റെ വിവാ‍ഹത്തില്‍പ്പോലും ബഷീര്‍ തികഞ്ഞ സ്വാത്വികനായി, മറ്റൊരാള്‍ക്കും കഴിയാത്ത തരത്തില്‍.

(ബഷീറും കിങ്ങായിയും(ഷിഹാബുദ്ദീന്‍) ഇഎം നസീറും ബൈജുവും ജോഷിബെനഡിക്റ്റും ഗോപുവും ബാബുരാജിനോടുമൊക്കെ ഞാന്‍ ജീവിതത്തില്‍ കടപ്പെട്ടിരിക്കുന്നു. എന്റെ ജീവിതത്തിലെ ഓരോ സന്നിഗ്ധ ഘട്ടങ്ങളില്‍ എനിക്ക്‌ താങ്ങായി നിന്ന എന്റെ സുഹൃത്തുക്കള്‍. അതില്‍ ബഷീറും ഷിഹാബും നസീറുമൊക്കെ സാമ്പത്തികമായിപ്പോലും എന്നെ തുണച്ചിട്ടുണ്ട്‌, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ! ബന്ധുക്കളേക്കാളും സുഹൃത്തുക്കളാകും നമുക്ക്‌ പ്രതിസന്ധികളില്‍ തണലാകുക എന്നാണ്‌ അനുഭവത്തില്‍ നിന്ന്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌.)

വളവുപച്ചയിലെ ജനങ്ങള്‍ ഭൂരിഭാഗവും മാതേരുകുന്നിലാണ്‌. അങ്ങിങ്ങ്‌ ചില പണക്കാരൊഴിച്ചാല്‍ പൊതുവെ പാവങ്ങളാണ്‌ മിക്കവരും. ദാരിദ്ര്യം എങ്ങും. ചെറുപ്പക്കാരുടെ ഒരേയൊരു പ്രതീക്ഷ പേര്‍ഷ്യയാണ്‌. ആലിബാബയുടെ നിധിനിറഞ്ഞ ഗുഹപോലെ പേര്‍ഷ്യ എല്ലാവരേയും മോഹിപ്പിച്ചുകൊണ്ടിരുന്നു. അയല്‍പക്കത്തെ ടേപ്പ്‌ റിക്കാര്‍ഡറില്‍ നിന്നുയരുന്ന വീയെംകുട്ടി വിളയില്‍ വത്സലമാരുടെ പാട്ടുകള്‍ക്ക്‌ ചെവിയോര്‍ക്കുമ്പോള്‍ അത്തരമൊരെണ്ണം സ്വന്തമാക്കുന്ന നാളിനെക്കുറിച്ച്‌ ചെറുപ്പക്കാര്‍ സ്വപ്നം കണ്ടു. ഗള്‍ഫുകാര്‍ ടേപ്പ്‌ റെക്കാര്‍ഡറും തൂക്കിപ്പിടിച്ച്‌ നടന്നു. കിഴക്കേമുക്കിലെ ഷംഹൂണ്‍ സായിപ്പ്‌ (ജപ്പാന്‍) പേര്‍ഷ്യയില്‍ നിന്ന്‌ കൊണ്ട്‌ വന്ന ടേപ്പ്‌ റെക്കോര്‍ഡര്‍ കല്‍പ്പനാ ടെക്സ്റ്റയിത്സില്‍ കൊണ്ട്‌ വച്ച്‌ പാടിച്ചപ്പോള്‍ അന്ന്‌ ഒരുത്സവത്തിനുള്ള ആള്‍ക്കൂട്ടമുണ്ടായി. വഴുതിപ്പോകുന്ന തരം പോളിസ്റ്റര്‍ ഷര്‍ട്ടും പോളിസ്റ്റര്‍ മുണ്ടുമുടുത്ത്‌ കയ്യില്‍ ട്രിപ്പിള്‍ ഫൈവ് സിഗററ്റും ചുവന്നുതുടുത്ത മുഖവും വെളുത്ത കാലുകളുമായി ഗള്‍ഫുകാര്‍ ഗ്രാമങ്ങളിലെ ഹീറോകളായി. പേര്‍ഷ്യക്കാര്‍ പോകുന്ന വഴിക്കെല്ലാം അതുവരെ അനുഭവിക്കാത്ത സുഗന്ധം കാറ്റില്‍ പടര്‍ന്നു. 'മാണിയറ്‌" കെട്ടിടങ്ങളുണ്ടാക്കി. (അതില്‍ കാര്‍പ്പോര്‍ച്ചുണ്ടാക്കി ആടിനെ കെട്ടിയിടാനും റബ്ബര്‍ഷീറ്റ്‌ ഉണക്കാനും ഉപയോഗിച്ചു). അവര്‍ നാട്ടുകാര്‍ക്ക്‌ വാരിക്കോരിക്കൊടുത്തു. ഗള്‍ഫിലെ ദുരിക്കടലില്‍നിന്ന്‌ ഒരിറ്റ്‌ സന്തോഷത്തിനായി അവന്‍ കാണിക്കുന്നതാണിതൊക്കെ എന്ന്‌ നാട്ടുകാര്‍ക്ക്‌ മനസ്സിലായതേയില്ല. ഒരാളിന്റെ ഗള്‍ഫിലെ ജോലിയെക്കുറിച്ച്‌ മറ്റൊരാള്‍ നാട്ടില്‍ പരാമര്‍ശിക്കാതെ നോക്കുമായിരുന്നു. അത്‌ ഒരലിഖിതനിയമം പോലെ എല്ലാവരും പാലിച്ചു. പേര്‍ഷ്യന്‍ സാധനങ്ങള്‍ വാങ്ങി കച്ചവടം ചെയ്യുന്നവര്‍ നാട്ടില്‍ സാധാരണയായി. വിദേശത്തുനിന്നും കൊണ്ട്‌ വരുന്ന എന്തിനും വലിയഡിമാന്റായിരുന്നു. ഇത്തരം കച്ചവടക്കാരെ സ്മഗ്ളര്‍ എന്നറിയപ്പെട്ടു. അതൊരു സ്റ്റൈലന്‍ ജോലിയായി അറിയപ്പെട്ടു.

"താത്താര മോന്‌ എന്തേര്‌ ജോലി" എന്ന ചോദ്യത്തിന്‌ "വോ, അവനിപ്പം സ്മഗ്ളറാ, അയ്യം ജോലികളുക്കൊന്നും ഞാന്‍ വിടൂല" എന്ന്‌ തള്ളമാര്‍ അഭിമാനപൂര്‍വ്വം പറഞ്ഞു.

കള്ളക്കടത്ത്‌ മോശം പണിയാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. അങ്ങനെയല്ലല്ലൊ smuggling.
ഇങ്ങനെ ഫോറിന്‍ തുണികള്‍ വിറ്റ്‌ പ്രദേശത്തെ ഏറ്റവും വലിയ വസ്ത്രവ്യാപാരിയായവര്‍ വരെയുണ്ട്‌ നാട്ടില്‍. അത്രയ്ക്കുണ്ടായിരുന്നു ഫോര്‍ന്റെ സ്വാധീനം.
കാരണവന്‍മാര്‍ വൈകുന്നേരത്തെ വെടിവട്ടങ്ങളില്‍ ഗള്‍ഫ്‌ വിശേഷങ്ങളായി സ്ഥിരം.
"അത്‌ നമ്മടെ ഷംസല്ലേ, എടേ നീ എപ്പഴ്‌ വന്നെടേ?"
"മാമാ ഞാനിന്നലെ വന്നു"
"നീയിപ്പ എവിടേണെടേ?"
"ഞാനങ്ങ്‌ റിയാദില്‌"
"റിയാദിലെവിടെയായിട്ട്‌ വരും?"
"അല്‍കോബാറെന്ന് പറയും"
"വോ, തന്നേ...നമ്മടെ മോന്‍ അവിടെയല്ലീ. അല്‍ക്കോബാരില്‌ ജംഷനിലാണോടേ, അവിടൊരു വലിയൊരു കടയുണ്ടല്ല്, എന്തേര്‌ അതിന്റെ പേര്‌.... ".....
ഇങ്ങനെ പോകും നാട്ടുവര്‍ത്തമാനം.

എഴുപതുകളില്‍ വിസയെ നാട്ടുകാര്‍ എന്‍ ഓ സി എന്നാണ്‌ വിളിച്ചിരുന്നത്‌. ആപേരില്‍ നാടകമൊക്കെ അക്കാലത്തുണ്ടായിരുന്നു. എന്നോസിക്കായി കാത്തിരിക്കുന്നവരുടെ നിര നീണ്ടു. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ പാര്‍ട്ടി ഓഫീസുകളിലും അഴിയടിച്ച ആര്‍ട്ട്‌ ക്ളബ്ബുകളിലും നെടുവീര്‍പ്പുകള്‍ മറന്ന് രാഷ്ട്രീയം പകലന്തിയോളം ചര്‍ച്ചചെയ്തു. ഗള്‍ഫില്‍ നിന്നു വരുന്ന ഓരോരുത്തരേയും പ്രതീക്ഷയോടെ നോക്കി. ഒരു വിസയ്ക്ക്‌ വേണ്ടി.... സില്‍ക്ക്‌ ജുബ്ബയിട്ട വിസക്കച്ചവടക്കാര്‍ പ്രൌഢിയോടെ നടന്നു. ചെറുപ്പക്കാര്‍ വിനീത വിധേയരായി അവര്‍ക്ക്‌ പിന്നാലെയും.

ഇതാണ് കഥയുടെ പശ്ചാത്തലം. എഴുപത്-എണ്‍പതുകളിലെ വളവുപച്ച.
ഇനി ബഷീര്‍ പറയട്ടെ...


“...പഴക്കമുള്ള ചെറിയൊരു വീടായിരുന്നു എന്റെത്‌.
അന്ന്‌ മാതേരുകുന്നില്‍ കറന്റ് എത്തിയിട്ടില്ല.
വീട്ടിലും കറന്റില്ല. മണ്ണെണ്ണ വെളിച്ചത്തില്‍ പഠിക്കാനിരിക്കുമ്പോഴും അക്ഷരാര്‍ത്ഥത്തില്‍ ഊണിലും ഉറക്കത്തിലും എന്റെ മനസ്സില്‍ പേര്‍ഷ്യമാത്രമായിരുന്നു. രാവിലെ വീട്ടില്‍ നിന്ന്‌ കപ്പയും കഞ്ഞിയും കുടിക്കുമ്പോള്‍ പേര്‍ഷ്യക്കാരന്‍ ബന്ധുപറഞ്ഞ കുബൂസും ആട്ടിറച്ചിയും ഒട്ടക ബിരിയാണിയും വയറുനിറയെ കഴിക്കുന്നത്‌ സ്വപ്നം കണ്ടു.
ഗള്‍ഫില്‍ എത്തിപ്പെട്ടാല്‍ കൈനിറയെ വാരിക്കൂട്ടുന്നത്‌ സ്വപ്നം കണ്ടവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു.
ഞാനും നാട്ടിലെ ഒരു വിസക്കാരനെ സമീപിച്ചു.
"ഹയറായിരിക്കട്ട്‌. അനിയാ നല്ലകാര്യം. നിനക്ക്‌ പറ്റിയ ഒരെണ്ണം വന്നിട്ടൊണ്ട്‌. കാശൊണ്ടെങ്കി നമിക്കിപ്പോതന്നെ ശരിയാക്കാം."
കാശിന്റെ കാര്യം ഉപ്പുപ്പ ഏറ്റു. അദ്ദേഹത്തിന്റെ കുറച്ച്‌ വസ്തുവിറ്റ്‌ കാശ്‌ തന്നു. സ്വപ്നങ്ങള്‍ക്ക്‌ ചിറക്‌ വച്ചു. ഞാനും ഗള്‍ഫ്കാരനാകാന്‍ പോകുന്നു.

ബോംബയിലേയ്ക്ക്‌ പുറപ്പെടുന്നതിന്റെ തലേന്ന് രാത്രിനടത്തിയ നേര്‍ച്ചക്കിടയിലും ഞാന്‍ സ്വപ്നം കാണുകയായിരുന്നു. പെട്രോമാക്സിന്റെ വെളിച്ചത്തില്‍ മുസ്ളിയാക്കന്‍മാര്‍ മുഴക്കത്തോടെ റാത്തീബ്‌ ചൊല്ലുമ്പോള്‍ ഞാന്‍ ചന്ദ്രലേഖ സിനിമയില്‍ ശ്രീനിവാസന്‍ കാണുന്ന സ്വപ്നം പോലെ ഒരു മൂലയിലിരുന്ന് അറേബ്യയിലൂടെ ഊളിയിടുകയായിരുന്നു.

വലിയൊരു യാത്രയയപ്പായിരുന്നു അത്‌. ബോംബയ്ക്ക്‌ ഞാന്‍ തിരിച്ചു, ട്രെയിനില്‍. ദുരിതങ്ങളിലേയ്ക്കാണ്‌ ചെന്നിറങ്ങുന്നതെന്ന് അപ്പോഴും ഓര്‍ത്തില്ല. പേപ്പറൊക്കെ കൊണ്ട്‌ ഉണ്ടാക്കിയതുപ്പോലുള്ള ചോപ്പാട്ടി എന്ന് നാട്ടുകാര്‍ പറയുന്ന ഒരു കുടിലിലേയ്ക്ക്‌ ഞങ്ങള്‍ കുറച്ചുപേരെ കൊണ്ട്‌ തള്ളി. വിശപ്പും ദാഹവും എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കിലും പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞതാണ്‌ എന്നെ തളര്‍ത്തിയത്‌. മറ്റുള്ളവരുടെ കാര്യവും അങ്ങയായിരിക്കുമെന്ന് മനസ്സിലായി. എങ്കിലും നേരിയ പ്രതീക്ഷ...

ഏറെനേരം കഴിഞ്ഞ്‌ ഞങ്ങളെ കുടിലിലേയ്ക്ക്‌ കൊണ്ട്‌ വന്നവരിലൊരാള്‍ ഒരു കെട്ട്‌ സാധനവുമായി വന്ന് എല്ലാവര്‍ക്കും ഓരോന്ന് കൊടുത്തു. നല്ല കട്ടിയുള്ള പരന്ന ആ സാധനം ഇട്ടിരിക്കാനുള്ളതാണെന്നായിരുന്നു ഞങ്ങള്‍ കരുതിയത്‌. അത്‌ കഴിക്കാനുള്ള റൊട്ടിയാണെന്ന് പിന്നെ മനസ്സിലായി.

ജയിലേത്‌ പോലുള്ള ആറ്‌ മാസം. അതും പണം കൊടുത്ത്‌ വാങ്ങിയ ശിക്ഷ!വിസ ശരിയാകാന്‍ ഇനിയും നാളുകളെടുക്കും. നാട്ടില്‍ പോയിവരാന്‍ എല്ലാവരോടും പറഞ്ഞു. ചിലരൊക്കെ നേരത്തെ നാട്ടില്‍ പോയിക്കഴിഞ്ഞിരുന്നു. ഒന്നുമാകാതെ തിരികെ നാട്ടിലേയ്ക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. വീണ്ടും നാട്ടുകാരെ അഭിമുഖീകരിക്കാനെനിക്ക്‌ വയ്യ!പക്ഷെ, കയ്യിലാണെങ്കില്‍ പണം അവസാനത്തെ ചില ചില്ലറ നോട്ടുകളിലേയ്ക്കെത്തിക്കൊണ്ടിരുന്നു. ബോംബയില്‍ കക്കൂസില്‍ പോകണമെങ്കിലും കാശ്‌ വേണം!

ഗതികെട്ട്‌ ഞാന്‍ നാട്ടിലേയ്ക്ക്‌ തിരിച്ചു. വരുന്ന കാര്യം വീട്ടിലറിയിച്ചു. കൊല്ലത്ത്‌ ട്രെയിനിറങ്ങി. ബസില്‍ കയറി കടയ്ക്കലെത്തി. വളവുപച്ചയ്ക്ക്‌ പോകാന്‍ ചമ്മല്‍. അവസാന ബസിന്‌ പോകാമെന്ന് തീരുമാനിച്ച്‌ കടയ്ക്കലെ മുറുക്കാന്‍ കടകളുടെ പിന്നില്‍ മറഞ്ഞു നിന്നു. ആകെ പത്ത്‌ രൂപ മാത്രം കയ്യില്‍. വിശന്നപ്പോള്‍ ഒരു കപ്പലണ്ടി മുട്ടായി വാങ്ങിതിന്ന് പച്ചവെള്ളവും കുടിച്ചു.
എട്ട്‌ മണിക്കുള്ള ഗോപാലകൃഷ്ണന്‍ ബസില്‍ കയറി വളവുപച്ചയിലിറങ്ങി. വളവുപച്ച നിറയെ ജനക്കൂട്ടം. അവര്‍ എന്നെ പൊതിഞ്ഞു. ബോംബയില്‍ നിന്ന് തിരിച്ച എന്നെ കാണാനിലാത്തതിനാല്‍ വീട്ടിലാകെ പരിഭ്രാന്തിയും കരച്ചിലും. നാട്ടുകാരും അന്വേഷിക്കുകയാണ്‌. മാന്യമായി നേരത്തെ വന്നിരുന്നെങ്കില്‍ ജംഗ്‌ഷനിലുള്ള കുറച്ചുപേരെ മാത്രം എനിക്കഭിമുഖീകരിച്ചാല്‍ മതിയായിരുന്നു. ഇതിപ്പോ...

വീട്ടിനുവെളിയിലിറങ്ങാതെ പൊതുവെ ഞാന്‍ കഴിച്ചുകൂട്ടി.
അവസാനം ടെലഗ്രാം വന്നു. വിസ റെഡി.

1986 ഫെബ്രുവരിയില്‍ ഞാന്‍ ഗള്‍ഫിലിറങ്ങി. വിമാനത്താവളത്തില്‍ നിന്ന് എന്നെയും ഒരുകൂട്ടം മറ്റ്‌ രാജ്യക്കാരേയും ഒരു പിക്കപ്പ്‌വാനില്‍ കയറ്റി മരുഭൂമിയിലൂടെ അറബി കൊണ്ട്‌ പോയി. നഗരത്തിന്റെ ആര്‍ഭാടങ്ങള്‍ വിട്ട്‌ വണ്ടി ഓടിക്കൊണ്ടിരുന്നു. മരുഭൂമിയിലൂടെ അഞ്ഞൂറ്‍ കിലോമീറ്ററെങ്കിലു സഞ്ചരിച്ചിട്ടുണ്ടാകുമെന്നാണ്‌ എനിക്കന്ന് തോന്നിയത്‌. തീക്ഷ്ണമായ മരുഭൂമി. അവസാനിക്കാത്ത യാത്രപോലെ തോന്നി. കടലുപോലെ അനന്തമായ മരുഭൂമിയിലെ തുരുത്ത്‌ പോലെ തോന്നിച്ച ഒരിടത്ത്‌ ഞങ്ങളുടെ യാത്രയവസാനിച്ചു.

കുറച്ച്‌ കൂടാരങ്ങളും നിറയെ ആടുകളുമായിരുന്നു അവിടെ. ആടിനെ മേയ്ക്കാനുള്ള വിസ എന്നൊക്കെ നാട്ടില്‍ പറഞ്ഞിരുന്നത്‌ തമാശയല്ലെന്ന് ഞാനൊരു നടുക്കത്തോടെ മനസ്സിലാക്കി. അതെ ഗള്‍ഫില്‍ ആട്ടിനെ മേയ്ക്കാനുള്ള വിസയാണ്‌ എന്റെ നാട്ടുകാരന്‍ എനിക്ക്‌ തന്നത്‌. ഒരു പക്ഷെ അയാളിതൊന്നും അറിഞ്ഞിട്ടുണ്ടാകില്ലായിരിക്കാം.

ഇനിയൊരു തിരിച്ചുപോക്ക്‌ എന്റെ സ്വപ്നത്തില്‍ പോലുമുണ്ടായിരുന്നില്ല. എന്തു ചെയ്തായാലും ഇവിടെ പിടിച്ചു നില്‍ക്കാന്‍ ഞാനുറച്ചു. എണ്റ്റെ കൂടെയുള്ളവരില്‍ മലയാളികള്‍ ആരുമുണ്ടായിരുന്നില്ല. പാകിസ്ഥാനികളും ഇന്ത്യയിലെ മറ്റ്‌ ഭാഗത്ത്‌ നിന്നെത്തിയവരും. ബോംബയിലെ വാസത്തിനിടയില്‍ കിട്ടിയ കുറച്ച്‌ മറാത്തിയും ഹിന്ദിയും വച്ച്‌ ഞാനവരെ കൈകാര്യം ചെയ്തു. ഉര്‍ദുവില്‍ അവരെന്നെ കൈകാര്യം ചെയ്തു. അങ്ങനെ ഹിന്ദിയും ഉര്‍ദുവും എനിക്ക്‌ അടിയറവ്‌ പറഞ്ഞു.

ആടുകള്‍ക്കൊക്കെ ഇത്രയും വലിപ്പം വയ്ക്കാനാകുമെന്ന് അവിടെ വച്ചാണ്‌ ഞാനറിയുന്നത്‌. നമ്മുടെ നാട്ടിലെ ആടുകളും ആള്‍ക്കാരുമൊക്കെ എത്ര ചെറിയവര്‍! ആടുകളെ അനുസരണപഠിപ്പിക്കാന്‍ നോക്കിയെങ്കിലും അവയൊന്നും എന്റെ വരുതിയില്‍ നിന്നേയില്ല. അറബി എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അതൊക്കെ തെറിയായിരുന്നെന്ന് ഇപ്പോഴെനിക്കറിയാം. അന്നെന്നെ അതൊന്നും ഏശിയതേയില്ല. കാരണം എനിക്ക്‌ അറബി അറിയില്ലല്ലൊ! അറബി എന്നെ ബെല്‍റ്റും തലേക്കെട്ടുമൊക്കെ ഊരി അടിക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ സങ്കടത്തിനൊന്നും അവിടെ വിലയുണ്ടായിരുന്നില്ല. ആടിനെ അനുസരിപ്പിക്കുന്നതിനേക്കാള്‍ എളുപ്പം നമ്മള്‍ ആടിനെ അനുസരിക്കുന്നതാണെന്ന് ഞാന്‍ പഠിച്ചു.

മരുക്കാട്ടിലേയ്ക്ക്‌ (മരുഭൂമിയെ കാട്‌ എന്ന അര്‍ത്ഥത്തിലാണ്‌ അറബികള്‍ പ്രയോഗിക്കുക) അട്ടിന്‍ക്കൂട്ടത്തേയും കോണ്ട്‌ രാവിലെ പുറപ്പെടും. ഒരു ചുള്ളിക്കമ്പിന്റെ നിഴല്‍ പോലും കിട്ടില്ല. പൊള്ളുന്ന ചൂട് എന്നൊക്കെ ആലങ്കാരികമായി കേട്ടിട്ടുണ്ടെങ്കിലും മരുഭൂമിയിലെ ചൂട് പൊള്ളിക്കുകതന്നെ ചെയ്യുമെന്ന് മനസ്സിലായി. തണലിന്റെ വില നമ്മള്‍ തിരിച്ചറിയുന്നതപ്പോഴാണ്‌. കേരളീയനോട്‌ തണലില്ലാത്ത അവസ്ഥ വിവരിക്കാനാവില്ല, മരുഭൂമിയിലെ ചൂടിനെക്കുറിച്ചും.

നാടൊക്കെ എന്റെ ഓര്‍മ്മയിലെങ്ങോ വിദൂര കോണിലേയ്ക്കൊതുങ്ങി. വല്ലപ്പോഴും വരുന്ന ടാങ്കര്‍ ലോറികളില്‍ നിന്ന് സംഭരിക്കുന്ന വെള്ളമാണ്‌ ദാഹം തീര്‍ക്കാനും ദേഹ ശുദ്ധിക്കും ഉപയോഗിക്കുന്നത്‌. നാട്ടിലെ പോലെ കുളി സ്വപ്നത്തില്‍ മാത്രം. ഒളു എടുക്കുന്നതുപോലെയാണ്‌ അവിടത്തെ ശുചിയാക്കല്‍. കുപ്പിയുയര്‍ത്തി മടമടാന്ന് വെള്ളകുടിക്കാനൊന്നുമാകില്ല. വെള്ളം റേഷനാണ്‌. മരുഭൂമിയിലെ ഏറ്റവും വിലപിടിച്ച വസ്തു വെള്ളമാണ്‌! അതില്‍ തന്നെ ആദ്യ പരിഗണന ആടിനാണ്‌. അതില്‍പ്പിന്നയേ നമുക്ക്‌ കിട്ടൂ.

ആദ്യം കുറേക്കാലം പഴയൊരു മണ്‍വീട്ടിലായിരുന്നു എനിക്കിടം തന്നത്‌. രാവിലെ കുബൂസും ദാലും കിട്ടും. പിന്നെ ആടിനെ മേച്ച്‌ വരുമ്പോള്‍ വൈകുന്നേരമാണ്‌ കഴിക്കാനെന്തെങ്കിലും കിട്ടുക. ഒരു കടലോളം കുടിക്കാനുള്ള ദാഹമുണ്ടാകും എപ്പോഴും. പക്ഷെ വെള്ളം മരീചികയാണ്. നാട്ടിലെ കുളവും തോടും തണുത്ത മരച്ചോലകളും പണ്ടെങ്ങോ ഞാന്‍ കണ്ട പകല്‍ക്കിനാവാണെന്ന് തോന്നി.


മരുഭൂമിയിലെ ജീവിതം ഞാന്‍ പരിചയിച്ചു തുടങ്ങി. ഒരിക്കല്‍ ഒട്ടകങ്ങള്‍ക്കുള്ള തീറ്റയുമായി പിക്കപ്‌ വാനില്‍ അറബി എന്നെ അയാളുടെ ഗ്രാമത്തിലേയ്ക്കയച്ചു. മരുഭൂമിയിലൂടെയുള്ള യാത്രയില്‍ വഴിതെറ്റി ഞാനലഞ്ഞു. ഞങ്ങള്‍ താമസിക്കുന്നതിന്റെ ചുറ്റുവട്ടത്തൊക്കെ വണ്ടിയുമായി കറങ്ങിയിട്ടുണ്ടെന്നല്ലാതെ മരുഭൂമിയില്‍ ഡ്രൈവിംഗ്‌ എക്സ്‌പെര്‍ട്ടൊന്നുമല്ലായിരുന്നു ഞാന്‍. വണ്ടിയിലെ വെള്ളവും തീര്‍ന്നു. എണ്റ്റെ പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങി.
ആരുമറിയാതെ ഈ മണല്‍ക്കാട്ടില്‍ ഞാനൊടൊങ്ങുമല്ലോയെന്നോര്‍ത്തു.
അങ്ങ് ദൂരെ വളവുപച്ച...
പതിയെ നാടിന്റെ ഓര്‍മ്മകള്‍...
അത്തായും അമ്മച്ചിയും...
സഹോദരി...
ജ്യേഷ്ടന്‍...
ഓരോരുത്തരായി മനസ്സില്‍ മിന്നിമറഞ്ഞു.
പെട്ടെന്ന് ദൂരെയോരു കറുത്ത പൊട്ട്‌ തെളിഞ്ഞു. ഞാനങ്ങോട്ട്‌ വണ്ടി വിട്ടു. ഞങ്ങള്‍ താമസിക്കുന്നതുപോളുള്ളയൊരിടം. മറ്റൊരു ആട്ടിന്‍ കൂട്‌. വണ്ടി നിര്‍ത്തി ഞാന്‍ കൂടാരത്തിനടുത്തേക്ക്‌ നടന്നു. പെട്ടൊന്നൊരു കൂറ്റന്‍ പട്ടി എണ്റ്റെ നേരെ കുരച്ച ചാടി. ഞാന്‍ പാഞ്ഞ്‌ വണ്ടിയില്‍ കയറി ഡോറടച്ചു. പട്ടി വണ്ടിക്ക്‌ ചുറ്റും കുരച്ചുകൊണ്ട്‌ ഓടി നടന്നു. അതിന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ എന്നെ കടിച്ച്‌ കീറിയേനെ.

പട്ടിയുടെ നിര്‍ത്താത്ത കുര കേട്ട്‌ കൂടാരത്തില്‍ നിന്നൊരാള്‍ ഇറങ്ങിവന്നു. കറുത്ത ഒരാജാനബാഹു. പഴയ സിനിമകളിലൊക്കെ കാണുന്നതുപോലുള്ള ഒരു ഭീകര വില്ലന്‍ രൂപം. നാട്ടിലിത്തിരി പൊക്കമുള്ള ഞാന്‍ അയാളുടെ മുന്നില്‍ നിസ്സാരനായിതോന്നി. മുഖത്ത്‌ കത്തികൊണ്ടെന്നപോലെ വരഞ്ഞ പാടുകള്‍. സുഡാനികളുടെ ഗോത്ര ശീലങ്ങള്ളാണതെന്ന് പിന്നീട്‌ ഞാനറിഞ്ഞു. വണ്ടി സ്റ്റാര്‍ട്ടാക്കി പുറപ്പെടാന്‍ തയ്യാറായി ഞാനിരുന്നു.

സുഡാനി അടുത്ത്‌ വന്ന് കാര്യം തിരക്കി. അറിയാവുന്ന അറബിയില്‍ ഞാന്‍ വിശദീകരിച്ചു. എണ്‍പത്‌ കിലോമീറ്ററോളം ഞാന്‍ വഴിമാറി വന്നിരിക്കുകയാണെന്നയാള്‍ പറഞ്ഞു. പോകേണ്ട ദിക്ക്‌ അയാള്‍ ചൂണ്ടിക്കാട്ടി. ഞാനയളോട്‌ കുടിക്കാനല്‍പം വെള്ളം ചോദിച്ചു. അയാളെന്നെ കൂടരത്തിലേയ്ക്ക്‌ ക്ഷണിച്ചു.

അവിടെ അയാള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. വെള്ളം കുടിച്ച്‌ ഒന്നാശ്വാസമായപ്പോള്‍ ഞാനയളുമായി സംസാരിച്ചു. സുഡനിലെ ഏതോ ദരിദ്രകുടുമ്പത്തിലെ പ്രതീക്ഷയാണയാള്‍.
അഹമ്മദ്‌ അലി.
അയാളിവിടെ ഒറ്റക്കാണ്‌. അറബി വല്ലപ്പോഴും വരും. ശംബളമൊന്നും കൊടുക്കാറില്ല. ആഹാരമെന്നുപറയുന്നത്‌ അറബികൊടുക്കുന്ന ഗോതമ്പും സവാളയും അല്‍പം എണ്ണയും മാത്രം. അലിയുടെ ആഹാരത്തില്‍ ഒരു പങ്ക്‌ എനിക്കും തന്നു. ഗോതമ്പ്‌ കുറുക്കിയ എന്തോ ഒന്ന്. നാട്ടിലെ പശുവിന്‌ പുളിങ്കുരു കലക്കിക്കൊടുക്കുന്നതാണ്‌ എനിക്കപ്പ്പ്പോള്‍ ഓര്‍മ്മ വന്നത്‌. വിശന്നു വലഞ്ഞിരിക്കുകയായിരുന്ന എനിക്കത്‌ പക്ഷെ അമൃതായിരുന്നു.

പുറമെനിന്നൊരാളെ കണ്ടിട്ട്‌ വര്‍ഷങ്ങളായെന്നയാള്‍ പറഞ്ഞു. എത്രനാളായി അവിടെ എത്തിയിട്ടെന്നുപോലും അയാള്‍ മറന്നിരിക്കുന്നു. കുടുംബം അലിക്കിപ്പോള്‍ ഓര്‍മ്മയ്ക്കും അപ്പുറത്താണ്. അലിക്ക്‌ എന്നെക്കണ്ടതിലുള്ള സന്തോഷം അയാളിടെ ഓരോ ചലനങ്ങളിലും പ്രകടമായിരുന്നു. അലിയെ വല്ലാതെ മുഷിഞ്ഞ്‌ നാറുന്നുണ്ടായിരുന്നു. എങ്കിലും ഞാനയാളെ ഇഷ്ടപ്പെട്ടു. ലോകത്തേതോ കോണില്‍ക്കിടക്കുന്നയൊരാള്‍ നമുക്ക്‌ ജീവജലവും ആഹാരവും നല്‍കുന്നു.

അയാളുടെ ജീവിതവും എന്റെ ജീവിതവും ഞാന്‍ കൂട്ടിവായിച്ചു.
എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ലോകത്തിന്റെ മറ്റൊരു കോണില്‍ ഞങ്ങളുടെ കുടുംബങ്ങള്‍ ഞങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുണ്ടായിരിക്കും.
നിസ്ക്കാരപ്പായിലിരുന്ന് എനിക്ക്‌ വേണ്ടി ദുആ ഇരക്കുന്ന എന്റെ പാവം അമ്മച്ചി...
എന്റെ എല്ല കാര്യങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന എന്റെ "നന്ന"...
“റബ്ബുല്‍ ആലമീനായ തമ്പുരാനേ, അവരെ നീ കാത്തോളണേ...”

അലിയോട്‌ യാത്രപറഞ്ഞ്‌ മരുഭൂമിയിലേക്ക്‌ വണ്ടിയോടിക്കുമ്പോള്‍ റിയര്‍വ്യൂ മിററിലൂടെ അലി അകന്നുപോകുന്നത്‌ ഞാന്‍ കണ്ടു. ലോകത്ത്‌ ഒറ്റപ്പെട്ട്‌ പോയവന്റെ വ്യഥയോടെ...
കണ്ണുനീര്‍ കൊണ്ട്‌ അടഞ്ഞ കണ്ണുകളുമായി ഞാന്‍ വണ്ടിയോടിച്ചു.
“അലീ നിനക്ക്‌ വേണ്ടി ഞാന്‍ പടച്ചോനോട്‌ പ്രാര്‍ത്ഥിക്കാം. ...”

. . . . . . . . . . . . . . . . . . . . . . . . . . . .

നാളുകള്‍ കടന്നു പോയി. "ആടുജീവിതം" എന്റെയും ജീവിതമായി. ക്രമേണ അറബിക്കെന്നെ മതിപ്പായിതുടങ്ങി. കുറച്ചുനാളുകള്‍ കഴിഞ്ഞ്‌ അറബിയുടെ ഒരു സ്ഥാപനത്തിലേയ്ക്ക്‌ എന്നെ മാറ്റി. എന്റെ ജീവിതവും തളിര്‍ത്ത്‌ തുടങ്ങി. ഞാനും ചിരിക്കാന്‍ തുടങ്ങി. മരുഭൂമിയിലൂടെ വണ്ടിയോടിച്ചതിന്റെ സാഹസിക കഥകള്‍ ചിലര്‍ വീരസ്യത്തോടെ അവതരിപ്പിക്കുമ്പോള്‍ ഞാനോര്‍ക്കും, മരുഭൂമിയുടെ ഊഷരതയെക്കുറിച്ച്‌ ഇവരെന്തറിയുന്നു...

(Desert images courtesy goes to http://paazy4scrrc.blogspot.com/)

Monday, May 23, 2011

അല്‍മനാര്‍ എല്‍ പി സ്കൂള്‍


(ഫോട്ടോ- അഫ്‌സല്‍ ഖാന്‍ വളവുപച്ച)

ഒന്നാം ക്ളാസില്‍ ചേര്‍ക്കപ്പെടുന്ന മിക്ക ആണ്‍കുട്ടികളേയും പോലെ എനിക്കും സ്കൂളില്‍ പോകന്‍ മടിയായിരുന്നു. സ്കൂളില്‍ പോകാനായി ഇറങ്ങിയ ഞാന്‍ അയല്‍പക്കത്തുള്ള ഒരൊഴിഞ്ഞ വീടിന്റെ മുന്നില്‍ കുത്തിയിരുന്നു. വീട്ടില്‍ നിന്ന് സൂക്ഷിച്ച്‌ നോക്കിയാല്‍ എന്നെ കാണാം. ഉമ്മ വീട്ടില്‍ സഹായത്തിന്‌ നില്‍ക്കുന്ന സ്ത്രീയെ പറഞ്ഞു വിട്ടു- എന്നോട്‌ മര്യാദയ്ക്ക്‌ സ്കൂളില്‍ പോകാന്‍ പറയനായി. ഞാന്‍ കേട്ട ഭാവം നടിച്ചില്ല. അവര്‍ വാപ്പായോട്‌ പറയുമെന്ന് ഭീഷണിമുഴക്കി പോയി. വാപ്പ കടയിലാണ്‌. എന്നെ സ്കൂളിലയയ്ക്കാനായി ഒന്നിറങ്ങാന്‍ കഴിയാത്ത തിരക്കാണ്‌ കടയില്‍. അതിന്റെ ധൈര്യത്തില്‍ ഞാനിരുന്നു. പക്ഷെ മറ്റൊരാള്‍ ഒരു വടിയുമായെത്തി, വാപ്പയുടെ സഹായി സുരേന്ദ്രനണ്ണന്‍!

കരഞ്ഞും വിളിച്ചും ഞാന്‍ സ്കൂളിലേക്ക്‌ നടന്നു.

അല്‍മനാര്‍ സ്കൂളിലേക്ക്‌!

ക്ളാസ്‌ നേരത്തേ തുടങ്ങിക്കഴിഞ്ഞു. സുരേന്ദ്രനണ്ണന്‍ എന്നെ ക്ളാസിലാക്കിയിട്ട്‌ പോയി. ഞാന്‍ കലങ്ങിയ കണ്ണും തിരുമ്മി നിന്നു. ക്ളാസ്‌ ടീച്ചറെന്നെ അടുത്തേക്ക്‌ വിളിച്ചു. ആകാശ നീലിമയാര്‍ന്ന സാരിയുടുത്ത അല്‍പം ഇരുണ്ട നിറമുള്ള ടീച്ചര്‍. അവരെന്നെ അടുത്ത്‌ പിടിച്ച്‌ എന്തൊക്കെയോ ചോദിച്ചു. ഞാന്‍ നിന്ന് തേങ്ങി. ടീച്ചറെന്നെ ചേര്‍ത്ത്‌പിടിച്ചു നെറുകയില്‍ ഉമ്മ വച്ചു. ഞാനാദ്യമായ്‌ വാത്സല്യത്തിന്റെ ഊഷ്മളതയറിഞ്ഞൂ. ഞാന്‍ ടീച്ചറെ പറ്റിച്ചേര്‍ന്ന് നിന്നു. എനിക്കവര്‍ - രാധ ടീച്ചര്‍ - അമ്മയായി. ടീച്ചറിന്റെ സൌമ്യതയും ചിരിയുമൊക്കെ എന്റെ കുരുന്നു മനസ്സ്‌ ആരാധനയോടെ നോക്കിക്കണ്ടു. കുരുന്നു മനസ്സുകളില്‍ റോള്‍ മോഡലുകള്‍ രൂപം കൊള്ളുന്നത്‌ ഏതൊക്കെ വിധത്തിലാണ്‌!

1971 ലാണ്‌ ഞാന്‍ ഒന്നാം ക്ളാസില്‍ ചേരുന്നത്‌. അപ്പോഴേക്കും അല്‍മനാറ്‍ സ്കൂളിന്റെ പ്രതാപമൊക്കെ കുറഞ്ഞ്‌ തുടങ്ങിയിരുന്നു. രാത്രിയോളം നീളുന്ന യുവജനോത്സവമൊക്കെയുണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്‌. ഞങ്ങള്‍ ചെല്ലുമ്പോള്‍ അതൊക്കെ നിലച്ചു. കുട്ടികളെക്കൊണ്ട്‌ ഓടിക്കുകയും ചാടിക്കുകയും ചെയ്യുന്ന സ്പോട്ട്‌സ്‌ എന്നുവിളിക്കുന്ന പരിപാടി മാത്രമായി.


ചക്രായുധന്‍ സാറായിരുന്നു "വലിയ സാര്‍". എന്നു വച്ചാല്‍ ഹെഡ്‌മാസ്റ്റര്‍. പൊക്കം കുറഞ്ഞ്‌ അല്‍പം മെലിഞ്ഞ കൊമ്പന്‍ മീശ വച്ചയാള്‍. കക്ഷത്തൊരു ബാഗും വച്ച്‌ ഞെളിഞ്ഞാണ്‌ സാറിന്റെ വരവ്‌. കണ്ടാല്‍ ഒരു ടിപ്പിക്കല്‍ പോലീസ്‌ ഹേഡങ്ങുന്നിന്റെ ഛായ. സാറിനെ എല്ലാവര്‍ക്കും പേടിയായിരുന്നു.

എങ്കിലും സ്കൂളിനെ എല്ലാവരും ഇഷ്ടപ്പെട്ടു. കാരണം ഉച്ചക്ക്‌ എല്ലാവര്‍ക്കും ഉപ്പുമാവ്‌ കിട്ടും. കാര്യം അതാണ്‌. ഞങ്ങളതിനെ "പൊടി" എന്നാണ്‌ പറയുക. മികച്ചയിനം ഗോതമ്പ്‌, ചോറ്‌ പോലെ പാചകം ചെയ്തെടുക്കുന്നതാണ്‌ "പൊടി". രാവിലെ സ്കൂളിലേയ്ക്കിറങ്ങുമ്പോള്‍ പൊടി വാങ്ങാനുള്ള വട്ടയില ശേഖരിക്കാന്‍ ഒരിക്കലും മറക്കില്ല, പെന്‍സിലോ സ്ളേറ്റോ മറന്നാല്‍ക്കൂടി. അസാധാരണമായ സ്വാദായിരുന്നു പൊടിക്ക്‌. സ്കൂളില്‍ നിന്ന് കിട്ടുന്നത്‌ മൊത്തവും കഴിക്കാതെ കുറച്ച്‌ പൊതിഞ്ഞ്‌ വീട്ടില്‍ കൊണ്ട്‌ വരും, അനുജത്തി സബീലാക്ക്‌ കൊടുക്കാന്‍. അവള്‍ക്ക്‌ കൊടുക്കാന്‍ കൊണ്ട്‌ വരുന്നതില്‍ കയ്യിട്ട്‌ വീണ്ടും കുറച്ച്‌ ഞാനും തിന്നും. അത്രയ്ക്ക്‌ കൊതിയായിരുന്നു പൊടിയോട്‌. എനിക്ക്‌ മാത്രമല്ല. സ്കൂളിലെ എല്ലാവര്‍ക്കും. പക്ഷെ പൊടി ഞങ്ങളെപ്പോലുള്ളവര്‍ക്ക്‌ ഒരു ഇടവേള പലഹാരമായിരുന്നെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ അത്‌ തേടിവന്നിരുന്നവരാണ്‌ ഭൂരിപക്ഷവും എന്ന് വളരെ നാള്‍ കഴിഞ്ഞേ മനസ്സിലായുള്ളൂ.

ഒരു ദിവസം ഉച്ചയ്ക്ക്‌ കിട്ടിയ പൊടി വളരെക്കുറച്ച്‌ മാത്രം തിന്ന് ബാക്കി പൊതിഞ്ഞെടുത്ത്‌ ഞാന്‍ വീട്ടിലേയ്ക്ക്‌ നടക്കുകയായിരുന്നു. റബ്ബര്‍ തോട്ടത്തിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് മുബാറക്ക്‌ (നമ്മുടെ തേങ്ങ വെട്ടുകാരന്‍ കാക്ക തന്നെ, അന്ന് പുള്ളിക്കാരന്‌ പത്ത്‌- പന്ത്രണ്ട്‌ വയസ്സ്‌ ) അടുത്ത്‌ വന്ന് എന്തോ ചൂണ്ടിക്കാട്ടി നോക്കാന്‍ പറഞ്ഞു. ഞാന്‍ തിരിഞ്ഞ തക്കത്തിന്‌ പൊടിയും കൊണ്ട്‌ പുള്ളി പറപറന്നു. ഞാന്‍ സ്വര്‍ണ്ണമാല പോയ പെണ്ണിനെപ്പോലെ നിലവിളിച്ചു. ആര്‌ കേള്‍ക്കാന്‍! (അത്രയ്ക്കുണ്ടായിരുന്നു പൊടിയുടെ വില!)

ഗെറ്റപ്പോടെ വരുന്ന ചാക്കോസാറും "കനത്ത" കാലടികളോടെ വരുന്ന പാവം വിക്രമന്‍പിള്ള സാറും വിഹ്വലതകളോടെയെത്തുന്ന സുലേഹ സാറും സ്കൂളിനോട്‌ ചേര്‍ന്നുള്ള വീട്ടില്‍ നിന്ന് ചടുതലയോടെയെത്തുന്ന ബേബി സാറും ഓര്‍മ്മയില്‍ തെളിയുന്നു.


അല്‍മനാര്‍ സ്കൂള്‍ ഇപ്പോള്‍ ഏറെ മാറി. മൊത്തത്തില്‍ നന്നാക്കിയിരിക്കുന്നു. അദ്ധ്യാപകനിയമനത്തിലൂടെ കിട്ടുന്ന നേട്ടങ്ങള്‍ സ്കൂളിലും പ്രതിഫലിക്കുന്നു. പഴയ ബല്ലിന് മാത്രം മാറ്റമില്ല. ലോറിയുടെ വീലാണ് സ്കൂളിലെ മണിയടിക്കാന്‍ ഉപയോഗിക്കുന്നത്. അതിന്റെ ഒച്ച വളവുപച്ച ജംഗ്‌ഷനിലും കേള്‍ക്കാം!

ഇപ്പോള്‍ സ്കൂളിന്റെ തിണ്ണയിലൂടെ നടക്കുമ്പോള്‍ കാലത്തിന്റെ പാച്ചിലില്‍ വിട്ടുപോയ കണ്ണികളെ തിരയും... രാജന്‍, നാസര്‍, ഷാജഹാന്‍, അജയന്‍, രാധാമണി, സൂറ, ജലീസ...

Friday, April 22, 2011

കിര്‍മാണിയും ക്രിക്കറ്റും


പുതിയ തലമുറ

(ഫോട്ടോ അഫ്‌സല്‍ ഖാന്‍ വളവുപച്ച)

വളവുപച്ചയില്‍ ക്രിക്കറ്റ്‌ എത്തുന്നത്‌ "കിര്‍മാണി" വഴിയാണ്‌. എണ്‍പതുകളുടെ പകുതിയോടെ. ബഷീറും ( ഫെയിസ്‌ ബുക്കിലെ ബഷീര്‍ റാവുത്തര്‍ വളവുപച്ച) സുലൈമാനുമായിരുന്നു (സുലൈമാന്‍ റാവുത്തര്‍) എന്റെ അടുത്ത സുഹൃത്തുക്കള്‍. വളവുപച്ചയുടെ ഏതെങ്കിലും കോണിലിരുന്ന് തമാശകള്‍ പറഞ്ഞ്‌ ഞങ്ങള്‍ ചിരിക്കുന്ന ചിരിയുടെ ഒച്ച കേട്ട്‌ (പ്രത്യേകിച്ച്‌ സുലൈമാന്റെ അട്ടഹാസ ചിരി) നാട്ടുകാര്‍ സംശയത്തോടെ നോക്കി. അവര്‍ ഞങ്ങള്‍ക്കൊരു പേരും നല്‍കി - "ഡിസ്കോ കമ്പനി". അതുകൊണ്ട്‌ എന്തായിരുന്നു ഉദ്ദേശിച്ചതെന്ന് എനിക്കിപ്പോഴും അറിയില്ല.

പെരിങ്ങമ്മല കോളേജില്‍ പഠിച്ചിരുന്ന കിര്‍മാണി കോഴ്സ്‌ കഴിഞ്ഞ്‌ ഞങ്ങളോടൊപ്പം കൂടി. പെരിങ്ങമ്മലയിലുള്ള അമ്മുമ്മയുടെ വീട്ടില്‍ നിന്നായിരുന്നു കിര്‍മാണി കോളജില്‍ പൊയ്ക്കൊണ്ടിരുന്നത്‌. അതിനാല്‍ അതുവരെ വളവുപച്ചയില്‍ കൂടുതല്‍ തങ്ങാറില്ലായിരുന്നു. ബഷീറിണ്റ്റെ മൂത്ത സഹോദരനായിരുന്നു കിര്‍മാണി. നിസാര്‍ എന്നാണ്‌ ശരിക്കുള്ള പേര്‍. ഒരിക്കല്‍ സന്ദര്‍ഭ വശാല്‍ ഞാന്‍ വിളിച്ച പേരാണ്‌ കിര്‍മാണി എന്ന്. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലെ പഴയ വിക്കറ്റ്കീപ്പര്‍ സയ്യിദ്‌ കിര്‍മാണിയെയാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌. നിസാര്‍ എന്ന പേരുള്ള ധാരാളം പേര്‍ നാട്ടിലുണ്ടായിരുന്നതിനാല്‍ കിര്‍മാണി എന്ന പേര്‌ വളരെപ്പെട്ടെന്ന് പ്രശസ്തമായി.

അന്ന് ക്രിക്കറ്റ്‌ അത്ര പോപ്പുലറായിരുന്നില്ല. നഗരങ്ങളിലെ കുട്ടികള്‍ മാത്രം കളിച്ച്‌ പോന്നിരുന്ന കളി. നിലമേല്‍ കോളേജില്‍ പഠിക്കുമ്പോള്‍ കയര്‍ മാറ്റ്‌ വിരിച്ച പിച്ചില്‍ കുട്ടികള്‍ ക്രിക്കറ്റ്‌ കളിക്കുന്നത്‌ നോക്കി നിന്നിട്ടുണ്ടെങ്കിലും കളിയെക്കുറിച്ച്‌ കൂടുതല്‍ അറിയുമായിരുന്നില്ല.

ഒരു ദിവസം കരുന്നാപ്പള്ളിയുടെ ചായക്കടയില്‍ ചൂട്‌ ബോണ്ടയും തിന്ന് ചായയും കുടിച്ചിരിക്കുമ്പോള്‍ കിര്‍മാണി എന്നെ ക്രിക്കറ്റ്‌ പഠിപ്പിക്കാന്‍ തുടങ്ങി. പെരിങ്ങമ്മല കോളേജിലെ ക്രിക്കറ്റ്‌ ടീമില്‍ അംഗമായിരുന്നു കിര്‍മാണി. പതിയെ ക്രിക്കറ്റിനെക്കുറിച്ച്‌ എന്റെ മനസ്സില്‍ താത്പര്യമുണര്‍ന്നു തുടങ്ങി. പിറ്റേന്ന് മുതല്‍ കളി തുടങ്ങാമെന്ന് തീരു മാനിക്കുകയും ചെയ്തു.

പക്ഷെ പ്രശ്നങ്ങള്‍ തുടങ്ങുന്നതേയുള്ളൂ. ക്രിക്കറ്റ്‌ ബാറ്റ്‌ വാങ്ങണമെങ്കില്‍ തിരുവനന്തപുരത്തോ കൊല്ലത്തോ പോകണം. ബോളിന്റെ കാര്യവും അതുതന്നെ. എന്തു ചെയ്യും? കിര്‍മാണി പ്രശ്നം ഏറ്റെടുത്തു. ബാറ്റും സ്റ്റാമ്പ്‌സും താന്‍ കൊണ്ട്‌ വരും. ബോള്‍ ഉണ്ടാക്കുന്ന കാര്യം ഞാനും ഏറ്റു. കോളേജില്‍ വച്ച്‌ പൊളിഞ്ഞ ക്രിക്കറ്റ്‌ ബോള്‍ കണ്ടിട്ടുള്ള ഓര്‍മ്മയില്‍ ഞാനൊരെണ്ണം ഉണ്ടാക്കി. നല്ല ബലത്തില്‍ ചണം ചുറ്റിയ പേപ്പര്‍ പന്തില്‍ കട്ടിയുള്ള തുണിപൊതിഞ്ഞ്‌ തയ്ച്ചെടുത്തു. ബാറ്റുമായി കിര്‍മാണിയുമെത്തി. മനോഹരമായ ബാറ്റ്‌. കടയില്‍ നിന്ന് വാങ്ങൂന്നതിന്റെ ഫിനിഷിംഗ്‌ ഇല്ലെന്നതൊഴിച്ചാല്‍ ഒറ്‍ജിനല്‍ ബാറ്റ്‌ പോലെ തന്നെ. അതിനു പിന്നിലെ കഥ പിന്നീടാണറിയുന്നത്‌. പുരയിടത്തില്‍ നിന്ന ഒരു ചെറിയ പാല മരം മുറിച്ചിട്ട്‌ വെറും വെട്ടുകത്തിയും കുപ്പിച്ചില്ലും മാത്രം കൊണ്ട്‌ ഒരു ആശാരിയുടെ ചാതുരിയോടെ കിര്‍മാണി പണിഞ്ഞുണ്ടാക്കിയതായിരുന്നു ആ ബാറ്റ്‌. സഹായത്തിന്‌ താജുദ്ദീനേയും കൂട്ടി. (റബ്ബര്‍ വെട്ടുകാരനായ താജുദ്ദീന്‍ പിന്നീട്‌ ഞങ്ങളുടെ ടീമിണ്റ്റെ കീപ്പറായി മാറി. താജിനെ വെട്ടിച്ച്‌ ഒരു പന്തും കടന്നു പോകില്ല)


ആ ബാറ്റും കൊണ്ട്‌ ജംഗ്ഷന്‍ മുറിച്ച്‌ കടന്നുവേണം അല്‍മനാര്‍ സ്കൂളിലേയ്ക്ക്‌ പോകാന്‍. എത്ര ഒളിപ്പിച്ചിട്ടും ചിലര്‍ ബാറ്റ്‌ കണ്ട്‌ പിടിച്ചു. "എന്താടാ നെലന്തല്ലിയൊക്കെയായിട്ട്‌?" മുതിര്‍ന്ന വര്‍ക്ക്‌ പരിഹാസ്യഭാവം. ചെറുപ്പക്കാര്‍ക്ക്‌ പുച്ഛം. ഞങ്ങള്‍ കളി തുടങ്ങി. വളവുപച്ചയില്‍ ആദ്യമായി. സിംഗപ്പൂറ്‍ നിസാറും കൂടി. കളി സ്ഥിരമായി. പന്തിലും ബാറ്റിലും പരീക്ഷണങ്ങള്‍ നടന്നു. എങ്കിലും ഒരെണ്ണം വാങ്ങുക എന്നത്‌ വിദൂര സ്വപ്നമായി അവശേഷിച്ചു. നാട്ടുകാര്‍ കളിയാക്കല്‍ തുടര്‍ന്നു. " ഇവന്‍മാര്‍ക്ക്‌ ഈ നേരംകൊണ്ട്‌ വല്ല മുറ്റം തല്ലാനെങ്ങാനും പൊയ്ക്കൂടേ!" അവര്‍ ചോദിച്ചുകൊണ്ടേയിരുന്നു.

പേഴുംമൂട്ടില്‍ നിന്ന് അല്‍ത്താഫ്‌ ഞങ്ങളോടൊപ്പം കൂടി. നിലമേല്‍ കോളേജിലെ ക്രിക്കറ്റ്‌ ടീമില്‍ അല്‍ത്താഫുണ്ട്‌. മികച്ച ഓള്‍റൌണ്ടര്‍. ബൌളിംഗില്‍ അല്‍ത്താഫിണ്റ്റെ റണ്ണപ്‌ മനോഹരമായിരുന്നു. അന്നത്തെ സൂപ്പര്‍ ഹീറോ കപില്‍ ദേവിനെ ഓര്‍മ്മിപ്പിക്കുന്നത്‌. ക്രിക്കറ്റ്‌ കളിക്കാര്‍ കൂടിവന്നു. പേഴുംമൂട്ടില്‍ നിന്നും വിനയന്‍, സുഗുണനന്ദന്‍, ഷാജി, വിനോദ്‌ അങ്ങിനെ ക്രിക്കറ്റ്‌ കളി കുറച്ചുകൂടി ഗൌരവമായി തുടര്‍ന്നു. അപ്പോള്‍ കളി പരുത്തി സ്കൂള്‍ ഗ്രൌണ്ടിലേയ്ക്ക്‌ മാറ്റി. അവിടത്തെ കളിക്കാരും ഒപ്പം ചേര്‍ന്നു. അനില്‍, ജ്യോതി, മസൂദ്‌, ജലീല്‍, സിറാജ്‌ തുടങ്ങിയവരൊക്കെ അവിടത്തെ പ്രമുഖ കളിക്കാരായിരുന്നു. എല്ലാം മികച്ചവര്‍. കളി പുരോഗമിക്കവെ ഒരു ദിവസം പുതിയൊരു പയ്യന്‍ കൂട്ടത്തില്‍ കൂടി. സാമാന്യം നല്ല വണ്ണമുണ്ട്‌. അലസമായി പയ്യന്റെ ബൌളിങ്ങിനെ നേരിട്ട എല്ലാവരുടേയും കുറ്റി തെറിച്ചു. സ്പിന്‍ ചെയ്യുന്ന ബോള്‍ ആദ്യമായി കാണുകയായിരുന്നു ഞങ്ങള്‍. ഷിബിലിയായിരുന്നു അത്‌. കോണ്‍വെന്റില്‍ നിന്ന് കിട്ടിയ ട്രെയിനിംഗ്‌ ചെക്കന്‍ ഞങ്ങളുടെ മേല്‍ പ്രയോഗിച്ച്‌ ഷൈന്‍ ചെയ്തു.

ചിതറ ടീമുമായി ഞങ്ങള്‍ ഒരിക്കല്‍ മാച്ച്‌ വച്ചു. അവര്‍ തോല്‍ക്കുമെന്ന ഒരു ഘട്ടത്തിലേയ്ക്കടുക്കുമ്പോള്‍ മഴമൂലം കളി അടുത്ത ദിവസത്തേയ്ക്ക്‌ മാറ്റേണ്ടി വന്നു. പിറ്റേന്ന് പുതിയൊരു കളിക്കാരനുമായി ചിതറക്കാര്‍ എത്തി- "പച്ചയില്‍ ശ്രീ ധന്യക്കാരന്റെ" മകന്‍ അജിത്‌. നല്ല പൊക്കവും തടിയുമുള്ള ഒരുത്തന്‍. ടോസ്‌ കിട്ടി അവര്‍ ബാറ്റിംഗ്‌ തുടങ്ങി. അജിത്‌ മുന്നും പിന്നും നോക്കാതെ അടി തുടങ്ങി. സിക്സറിനൊക്കെ ഇത്രയും ദൈര്‍ഘ്യം ഉണ്ടെന്ന് അപ്പോഴാണ്‌ ഞങ്ങള്‍ക്ക്‌ മനസ്സിലായത്‌. ഞങ്ങളെ കുരുക്കിയ ഷിബിലിയെ അവന്‍ നിലം തോടീച്ചതേയില്ല. ചിതറയുടെ മൊത്തം സ്കോര്‍ 122ഓ മറ്റോ ആയിരുന്നെന്ന് തോന്നുന്നു. അതില്‍ അജിത്തിന്റെ വക 99 (റണ്ണൌട്ട്‌). അപാരമായ ടൈമിംഗും പ്രതിഭയും അജിതിനുണ്ടായിരുന്നു. പക്ഷെ എവിടെയോ അതെല്ലാം അയാള്‍ ഉപേക്ഷിച്ചു.

അന്നൊക്കെ ക്രിക്കറ്റ്‌ കളി ടിവിയില്‍ വല്ലപ്പോഴുമാണ്‌ വരിക. കളികാണാന്‍ സിംഗപ്പൂരിന്റെ വീടാണ്‌ ആശ്രയം. അവിടയേ അന്ന് ടിവിയുള്ളൂ. ശനിയാഴ്ച വൈകുന്നേരമുള്ള മലയാള സിനിമ കാണാന്‍ മാതേരുകുന്ന് മുഴുവന്‍ അവിടേയ്ക്കെത്തും. വീട്ടില്‍ അത്രയും ആള്‍ക്കാര്‍ക്ക്‌ ഇടമില്ലാത്തതിനാല്‍ ടിവിയെടുത്ത്‌ മുറ്റത്ത്‌ സ്ഥാപിക്കും. അവരുടെ മുറ്റത്തും പറമ്പിലുമൊക്കെയായിരുന്ന് നാട്ടുകാര്‍ വിശാലമായി ടിവികാണും. വേണമെങ്കില്‍ വീട്ടുകാര്‍ക്കും അതിനിടയിലെവിടെയെങ്കിലുമിരുന്ന് കാണം.

ഇന്നത്തെ ടിവി കവറേജ്‌ കാണുമ്പോള്‍ അന്നത്തെ കവറേജ്‌ എന്ത്‌ ബാലിശമായിരുന്നു എന്ന് ഓര്‍ത്തുപോകും. ഒട്ടും പ്രൊഫഷണലിസമില്ലാത്ത്‌ ക്യാമറാമാന്‍മാരും എഡിറ്റേഴ്സും. ബാറ്റ്‌സ്‌മാന്‍ ഓഫിലേക്ക്‌ വീശിയടിക്കുമ്പോള്‍ ക്യാമറ ലെഗ്‌സൈഡിലേയ്ക്ക്‌ പരക്കം പായും. എന്നിട്ട്‌ അവിടെയൊക്കെ പരതിയശേഷം തരികെ തപ്പിത്തടഞ്ഞ്‌ വരും. ഇന്നത്തെപ്പോലെ ഫ്രെയിം റേറ്റ്‌ കൂടിയ ക്യാമറകളൊന്നും അന്നില്ല. സ്ളോമോഷന്‍ കാണിച്ചാല്‍ പന്തിനെ നമുക്ക്‌ കാണാനേ കഴിയില്ല. സ്ളോമോഷനില്‍ പന്തിണ്റ്റെ സിം തിരിയുന്നതുവരെ വ്യക്തമായിക്കാണിക്കുന്ന ഇക്കാലത്തെ കുട്ടികള്‍ക്ക്‌ അത്‌ മനസ്സിലാകുമോ ആവോ!

ടിവിയും ക്രിക്കറ്റ്‌ കളിയും പിന്നീട്‌ വ്യാപകമായി. ക്രിക്കറ്റ്‌ അറിഞ്ഞുകൂടെന്ന് പറയുന്നത്‌ നാണക്കേടായി. പണ്ട്‌ ഞങ്ങളെ കളിയാക്കിയിരുന്ന വൃദ്ധരും ചെറുപ്പക്കാരും ടിവിക്ക്‌ മുന്നിലിരുന്ന് ആവേശത്തോടെ കളി കാണാന്‍ തുടങ്ങി. കളിയുടെ നിയമങ്ങളറിയില്ലെങ്കിലും തങ്ങള്‍ പിന്നിലായിപ്പോകരുതല്ലോ എന്ന് കരുതി വിഡ്ഡിക്കമന്റുകള്‍ തട്ടിവിടുന്ന വൃദ്ധരെക്കാണുമ്പോള്‍ പഴയ നെലം തല്ലി ബാറ്റ്‌ ഓര്‍ത്ത്‌പോകും. വളവുപച്ചയിലെ ക്രിക്കറ്റിന്റെ പിതാവ്‌ കിര്‍മാണിയേയും.

Monday, March 14, 2011

ഒരു വളവുപച്ചക്കാരന്‌ പുരസ്ക്കാരം

ഒരു വളവുപച്ചക്കാരന്‌ പുരസ്ക്കാരം കിട്ടിയാല്‍ അറിയിക്കണമല്ലൊ.
ഇതാ ഒരു പുരസ്ക്കാര വാര്‍ത്ത.
ഈ ഞാന്‍ ആനിമേഷനും രചനയും സംവിധാനവും നിര്‍വ്വഹിച്ച "മൈ ഡിയര്‍ ബപ്പുജി" എന്ന ആനിമേഷന്‍ മൂവിയ്ക്ക്‌ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ആനിമേഷന്‍ ഫിലിമിനുള്ള അനിയുഗ്‌-2011 അവാര്‍ഡ്‌ ലഭിച്ചു. പാലായിലെ "രതീഷ്‌ പഴയവീട്ടില്‍" ആണ്‌ "മൈ ഡിയര്‍ ബപ്പുജി" നിര്‍മ്മിച്ചിരിക്കുന്നത്‌. കേരള പ്രസ്സ്‌ അക്കാദമി, കേരള കാര്‍ട്ടൂണ്‍ അക്കാദമി, ഇന്‍ഫര്‍മേഷന്‍ ആണ്റ്റ്‌ ബ്രോഡ്കാസ്റ്റിംഗ്‌ വകുപ്പ്‌ എന്നിവര്‍ സംയുക്തമായാണ്‌ അനിയുഗ്‌ സംഘടിപ്പിക്കുന്നത്‌.


(ഇടത്തുനിന്നും എ.കെ. സൈബര്‍(സംവിധാനം), രതീഷ് (നിര്‍മ്മാണം),ബഹു. കേന്ദ്രമന്ത്രി ശ്രീ കെ. വി. തോമസ്, പ്രസന്നന്‍ ആനിക്കാട്( ചെയര്‍മാന്‍) സുധീര്‍നാഥ് (സെക്രട്ടറി)

ഈ ആനിമേഷന്‍ ഫിലിം ഇന്ത്യയിലെ എല്ലാ ഭാഷകളിലും റിലീസ്‌ ആകുന്നുണ്ട്‌. ബോംബയിലെ ഗാന്ധി പീസ്‌ ഫൌണ്ടേഷനാണ്‌ "മൈ ഡിയര്‍ ബപ്പുജി"യുടെ ഇന്ത്യയിലെ മൊത്തം വിതരണം ഏറ്റെടുത്തിരിക്കുന്നത്‌. മലയാളത്തില്‍ താമസിയാതെ "മൈ ഡിയര്‍ ബപ്പുജി" വിതരണത്തിനെത്തും.

Sunday, March 6, 2011

കിഴക്കുംഭാഗം ബീനാ ടാക്കീസ്


















നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടര്‍ന്നിരുന്ന പല സിനിമാ തീയറ്ററുകളും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞകൂട്ടത്തില്‍ നമ്മുടെ ബീനാ ടാക്കീസും കഥാവശേഷമായി.

"ആഷാഢം മയങ്ങി നിന്‍ മുകില്‍ വേണിയില്‍...
ആകാശം തിളങ്ങി നിന്‍ നയനങ്ങളില്‍... "
"നീലാംബുജങ്ങള്‍ വിടര്‍ന്നു... "
ഓരോ പ്രദര്‍ശനത്തിനും മുന്‍പ്‌ കിഴക്കുംഭാഗം ബീനാ ടാക്കീസില്‍ കേള്‍ക്കാറുള്ള ഗാനങ്ങള്‍!"സത്യവാന്‍ സാവിത്രി"യിലെ ഈ ഗാനങ്ങള്‍ വര്‍ഷങ്ങളോളം അവിടെനിന്ന്‌ കേട്ടിരുന്നു. ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍ മാത്രം ഉപയോഗിച്ചിരുന്ന്‌ ആക്കാലത്ത്‌ പുതിയഗാനങ്ങള്‍ വാങ്ങുക ചിലവേറിയ കാര്യമായിരുന്നു. ഇപ്പോഴും ഈ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ബീനാ ടാക്കീസാണ്‌ ഓര്‍മ്മവരിക.

ബീനയില്‍ നിന്ന്‌ ആദ്യം കണ്ട സിനിമയേതെന്ന്‌ ഓര്‍മ്മയില്ല. എങ്കിലും ചിതറ യു പി എസ്സില്‍ പഠിക്കുമ്പോള്‍ അവിടെനിന്ന്‌ കൊണ്ട്‌ പോയിക്കാണിച്ച "ദുര്‍ഗ്ഗ" എന്ന സിനിമ ഓര്‍മ്മയുണ്ട്‌. (എന്തുദ്ദേശത്തിലാണ്‌ ആ മസാല സിനിമ സ്കൂളില്‍ നിന്നുകൊണ്ടുപോയിക്കാണിച്ചതെന്ന്‌ ഇപ്പോഴും ഞാനതിശയിക്കാറുണ്ട്‌). റിസര്‍വേഡില്‍ (കൂടിയ ക്ളാസിണ്റ്റെ നാടന്‍ ഭാഷ്യം) ആയിരുന്നു അന്ന്‌ ഞങ്ങളിരുന്നത്‌. 55 പൈസയോമറ്റോ ആയിരുന്നു അന്നതിണ്റ്റെ റേറ്റ്‌. കുട്ടകം പോലെ കുഴിവുള്ള അന്നത്തെ മോഡല്‍ ചൂരല്‍ കസേരകളായിരുന്നു റിസര്‍വേഡില്‍. മൂട്ടക്കളുടെ മൊത്തവിതരണ കേന്ദ്രങ്ങളായിരുന്നു അന്നൊക്കെ തീയറ്ററുകള്‍. അവയ്ക്ക്‌ അര്‍മാദിക്കാന്‍ പറ്റിയതായിരുന്നു ചൂരല്‍ക്കസേരകള്‍.

റിസര്‍വേഡിലൊഴികെ മറ്റുള്ള ക്ളാസുകളിലെല്ലാം സ്ത്രീ പുരുഷ സീറ്റുകള്‍ വേലികെട്ടി തിരിച്ചിട്ടുണ്ടായിരിക്കും. റിസര്‍വേഡിണ്റ്റെ തൊട്ടു മുന്നില്‍ "ഫഷ്‌ ക്ളാസ്‌". ബഞ്ചില്‍ ചാരിയിരിക്കാന്‍ പലകയടിച്ചയിരിപ്പിടം. അടുത്തത്‌ ബഞ്ച്‌. പിന്നെ തറ. തറയില്‍ മണല്‍ വിരിച്ചിട്ടുണ്ടാകും. (തറയിലിരിക്കുന്നവരാണ്‌ യഥാര്‍ത്ഥ ആസ്വാദകര്‍. തട്ടുപൊളിപ്പന്‍ സിനിമകള്‍ക്ക്‌ അവരില്ലെങ്കില്‍ ഒരു രസവുമുണ്ടാകില്ല. സ്ളോമൊഷനില്‍ നായകന്‍ പ്രവേശിക്കുമ്പോള്‍ വിസിലടിയും കയ്യടിയുമില്ലെങ്കില്‍ പിന്നെന്ത്‌ നായക പ്രവേശം. നമ്മളൊക്കെ കൂടിയ ക്ളാസില്‍ മസിലുപിടിച്ചിരിക്കുകയാണല്ലൊ, ഇഞ്ചി കടിച്ചവരെപ്പോലെ. )

അകത്ത്‌ റിക്കര്‍ഡിട്ടുതുടങ്ങുന്നതോടെ തിയറ്ററിനകം പുകകൊണ്ട്‌ മൂടുകയായി. പ്രത്യേകിച്ചും തിയറ്ററിനുള്ളില്‍ പുകവലി പാടില്ല എന്ന സ്ളൈഡ്‌ കാണിക്കുന്നതോടെ കൂടുതല്‍ വാശിയോടെ സിഗററ്റും ബീഡിയും കത്തിയമരുന്നു, നമ്മുടെ വസ്ത്രങ്ങളില്‍ കഴികിയാലും മാറാത്ത പുകമണം അവശേഷിപ്പിച്ചുകൊണ്ട്‌.

ലൈറ്റുകള്‍ മങ്ങി ദ്രുതതാളത്തിലുള്ള സംഗീതം കേല്‍ക്കുമ്പോള്‍ സ്ക്രീനിനുമുന്നിലെ കര്‍ട്ടണ്‍ കളര്‍ബള്‍ബുകളുടെ അകമ്പടിയോടെ മെല്ലെ ഉയര്‍ന്നു തുടങ്ങുന്നു. സന്തോഷവും ആകാംഷയും കൊണ്ട്‌ ഹൃദയം മിടിക്കുന്നു. കാത്തിരുന്ന സ്വപ്ന ലോകത്തേക്ക്‌ പ്രവേശിക്കാന്‍ പോകുന്നതുപോലെ. കര്‍ട്ടണ്‍ ഉയര്‍ന്നുകഴിഞ്ഞ്‌ ഒരു നിമിഷത്തേക്ക്‌ നിശബ്ദത. പിന്നെ പ്രൊജക്ടര്‍ ശബ്ദിച്ച്‌ തുടങ്ങുന്നു. ഒരു കാലത്ത്‌ എന്നെ ഏറെ ത്രസിപ്പിച്ച സ്വരം അതായിരുന്നു. പ്രൊജക്ടറിണ്റ്റെ ശബ്ദം. ബീനയില്‍ അതിണ്റ്റെ ഒച്ച ഇത്തിരി കൂടുതലായിരുന്നെന്ന്‌ തോന്നുന്നു. നമ്മളുടെ പുറകിലുള്ള ദ്വാരത്തിലൂടെ തിയറ്ററിലെ നിറഞ്ഞ പുകയിലൂടെ നസീറും ഷീലയുമൊക്കെ സ്ക്രീനിലേയ്ക്ക്‌ പാറിവരുന്നു.

സിനിമയ്ക്ക്‌ മൂന്ന്‌ ഇടവേളകള്‍ ഉണ്ടാകും. രണ്ടാമത്തേതാണ്‌ ശരിക്കും ഇന്റര്‍വെല്‍. സോഡാ, ക്രഷ്‌, കപ്പലണ്ടിയും പാട്ടുപുസ്തകവും അപ്പോള്‍ വില്‍പ്പനയ്ക്കായി തിയറ്ററിനുള്ളിലെത്തും. മൂത്രമൊഴിക്കേണ്ട പുരുഷന്‍മാര്‍ അടുത്ത തെങ്ങിന്‍ ചുവട്ടിലേക്കോടും. മൂത്രപ്പുരപോലുള്ള ആഡംബരങ്ങളിലൊന്നും നാട്ടുകാര്‍ക്ക്‌ വിശ്വാസമില്ല. ( ഗള്‍ഫില്‍ പോയി വരും വരെ കക്കൂസും നാട്ടുകാര്‍ പൊങ്ങച്ചമാക്കി തള്ളിക്കളഞ്ഞിരുന്നല്ലൊ!)

ഗ്രാമങ്ങളിലെ സിനിമാ കൊട്ടകകള്‍ വെറും ഓലപ്പുരകള്‍ മാത്രമായിരുന്ന അക്കാലത്ത്‌ ബീനാ ടാക്കീസ്‌ ഒരു അതിശയം തന്നെയായിരുന്നു. തൂണുകളുടെ മറവില്ലാതെ ആസ്ബസ്റ്റോസ്‌ ഷീറ്റ്‌ മേഞ്ഞ മികച്ച തീയറ്റര്‍. എങ്കിലും അന്നത്തെ ഇരിപ്പിടങ്ങളുടെ സജ്ജീകരണമനുസരിച്ച്‌ ഓരോ ക്ളാസിലും മുന്നിലിരിക്കുന്നവര്‍ക്ക്‌ മാത്രമേ മറകൂടതെ കാണാന്‍ കഴിയുമായിരുന്നുള്ളൂ. ഇന്നത്തെതിയറ്ററുകളെപ്പോലെ ഓരോ വരിയും തമ്മില്‍ പൊക്ക വ്യത്യാസമുണ്ടായിരുന്നില്ല.

കൈ വണ്ടിയിലോ കാള വണ്ടിയിലോ ആയിരുന്നു സിനിമയുടെ പ്രചരണം. വണ്ടിയില്‍ പിരമിഡ്‌ പോലെ രണ്ട്‌ സിനിമാ ബോഡുകള്‍ ചാരിവച്ചിരിക്കും. ചെണ്ടക്കാര്‍ പിറകെ. ഒരാള്‍ നോട്ടീസ്‌ വിതരണത്തിനുണ്ടാകും. അനൌണ്‍സ്മെണ്റ്റൊന്നും ഉണ്ടാകില്ല. ചിലപ്പോള്‍ കോളാമ്പി പോലൊരെണ്ണം വച്ച്‌ വിളിച്ച്‌ പറയും. റിലീസായി ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കഴിഞ്ഞ പടങ്ങളായിരിക്കു പ്രദര്‍ശനത്തിനു വരിക. (പോസ്റ്റര്‍ വിതരണത്തിനു വരുന്ന പയ്യനായിരുന്നു അന്നൊക്കെ കുട്ടികളുടെ ഹീറോ. ടക്കീസിലെ ഗേറ്റില്‍ ടിക്കറ്റ്‌ കീറാനായി നില്‍ക്കുന്നയാളാകണമെന്നായിരുന്നു അന്നൊക്കെ മോഹിച്ചിരുന്നത്‌. പ്രൊജക്ടര്‍ ഓപ്പറേറ്ററെ ദൈവത്തെപ്പോലെ നോക്കിക്കണ്ടു. "എന്തൊരൊ ഭാഗ്യവാന്‍", ഞാന്‍ അസൂയപ്പെട്ടു. അയാള്‍ക്കെന്നും സിനിമ കാണാം!) പിന്നീട്‌ അനൌണ്‍സ്മെണ്റ്റ്‌ ജീപ്പിലായി. "മനം മയക്കുന്ന നൃത്ത നൃത്യങ്ങള്‍, സ്ത്രീകളെ കരയിക്കുന്ന ദുഖ രംഗങ്ങള്‍, നിങ്ങളുടെ കരളിനെ രോഞ്ചമണിയിക്കുന്ന മാദക രംഗങ്ങള്‍, ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍..." ഇങ്ങനെ തുടങ്ങിയ ഉച്ചഭാഷിണി പ്രയോഗങ്ങള്‍ പിന്നീട്‌ വിയെസ്‌ അച്ചുതാനന്ദണ്റ്റെ പ്രസംഗത്തിലെ കയറ്റിയിറക്കങ്ങള്‍ പോലെ സ്റ്റൈലിഷ്‌ ആയി.

ബീനയിലെ ഒരു അനൌണ്‍സര്‍ തണ്റ്റെ പ്രണയിനിയുടെ വീട്ടിനരികില്‍ അനൌണ്‍സ്മെണ്റ്റ്‌ വാഹനം നിര്‍ത്തി വിളിച്ചുപറഞ്ഞു "നാളെ മുതല്‍ കിഴക്കുംഭാഗം ബീനയുടെ വെള്ളിത്തിരയില്‍....
എന്നെ സ്നേഹിക്കൂ എന്നെ മാ......ത്രം"

Monday, February 7, 2011

നിറഞ്ഞ ആഴ്ചച്ചന്തകള്‍


(ഫോട്ടോകള്‍ - അഫ്സല്‍ ഖാന്‍, വളവുപച്ച)
ചെറുപ്പം പിന്നിട്ടവരുടെ ഓര്‍മ്മക്കുറിപ്പുകളില്‍ ഗൃഹാതുരത്വം അനുഭവപ്പെടാം. സ്വാഭാവികം. അതുകൊണ്ട്‌ പഴയ കാലം സ്വര്‍ഗ്ഗം ഇപ്പോള്‍ "നരകം" എന്ന അഭിപ്രായക്കാരനല്ല ഞാന്‍. എല്ലാവരേയും പോലെ എണ്റ്റെ കുട്ടിക്കാലം എനിക്ക്‌ പ്രിയപ്പെട്ടതാണ്‌ എന്ന്‌ മാത്രം കരുതിയാല്‍ മതി.
(ബ്ളോഗിലേയ്ക്കായി അഫ്സല്‍ എടുത്ത വളവുപച്ച ചന്തയുടെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ്‌ അവിടെ വന്ന മാറ്റത്തെക്കുറിച്ച്‌ ഞാന്‍ ബോധവാനാകുന്നത്‌. നാട്ടില്‍ പോകുമ്പോഴൊക്കെ ചന്തകാണാറുണ്ടായിരുന്നെങ്കിലും ചിത്രത്തിലെ ചന്ത എണ്റ്റെ ഓര്‍മകളിലെ ചന്തയില്‍ നിന്ന്‌ എന്തുമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന്‌ ഞാന്‍ അതിശയിച്ചു. ഒരു അന്തിച്ചന്തയുടെ പ്രതീതി).
ചരക്ക്‌ ഗതാഗതം പൊതുവെ കാളവണ്ടിയെ ആശ്രയിച്ചിരുന്ന കാലം. രാവിലെ നാലുമണിയോടെ കാളവണ്ടികളുടെ ഇരുമ്പ്‌ പട്ടയടിച്ച ചക്രങ്ങള്‍ റോഡിലുരയുന്ന ഒച്ച കേട്ട്‌ നമ്മള്‍ ഉണരും. കാളവണ്ടികളുടെ ഒരു പ്രവാഹം പാതിയുറക്കത്തില്‍ കേട്ട്‌ കിടക്കും. ഒരു ചന്ത ദിവസത്തിണ്റ്റെ തുടക്കമാണ്‌. തലേദിവസം വൈകിട്ട്‌ തന്നെ സ്ഥാനം പിടിച്ച കാളവണ്ടികളുമുണ്ടാകും. നേരം വെളുത്ത്‌ തുടങ്ങുമ്പോഴേക്കും വളവുപച്ച കിഴക്കേമുക്ക്‌ മുതല്‍ പഴയ വില്ലേജ്‌ ഓഫീസ്‌ കെട്ടിടം വരെയുള്ള റോഡിനിരുവശവും കാളവണ്ടികള്‍ കിടക്കുന്നുണ്ടാകും. 


(image courtesy goes to Anoop Ashok's photo  )

കടയ്ക്കല്‍ മുതല്‍ കുളത്തൂപ്പുഴ വരെയുള്ള മലഞ്ചരക്ക്‌ കര്‍ഷകരുടെയും വ്യാപാരികളുടേയും പ്രധാന വിപണികളിലൊന്ന്‌ -വളവുപച്ചച്ചന്ത- അതിരാവിലെ സജീവമാകും. സ്വന്തം കൃഷിയിടത്തില്‍ നിന്ന്‌ കിട്ടുന്ന ഉല്‍പന്നങ്ങള്‍ മാത്രമാണ്‌ ജനങ്ങളുടെ വരുമാനം. ഗള്‍ഫിണ്റ്റെ സാന്നിധ്യം തുടങ്ങിയിട്ടില്ല. റബ്ബര്‍ ചില ജന്‍മിമാര്‍ക്ക്‌ മാത്രവും.
കര്‍ഷകര്‍ കാളവണ്ടികളീലും തലച്ചുമടായും കൊണ്ടു വരുന്ന ഉല്‍പന്നങ്ങള്‍ ചന്തയില്‍ വിറ്റ്‌ വളവുപച്ചയില്‍ നിന്ന്‌ തന്നെ അവശ്യ സാധനങ്ങള്‍ വാങ്ങി മടങ്ങിപ്പോകുകയണ്‌ പതിവ്‌. അതുകൊണ്ട്‌ തന്നെ ചന്തയെ കേന്ദ്രീകരിച്ചായിരുന്നു വളവുപച്ച നിലനിന്നത്‌.

ചന്ത ദിവസം പതിവിലും നേരത്തെ കടകളൊക്കെ തുറക്കും. നിര്‍ത്തിയിട്ടിരിക്കുന്ന വലിയ രണ്ട്‌ ട്രെയിനുകള്‍ പോലെയാണ്‌ വളവുപച്ച. വടക്കുള്ള കെട്ടിടത്തില്‍ പേഴും മൂട്ടിലെ മജീദ്‌ മുതലാളിയുടെ "കവിത ടെക്സ്റ്റയിത്സ്‌" (പിന്നീട്‌ കല്‍പ്പനയെന്നാക്കി പേര്‌). സമീപം ആനപ്പുതയില്‍ക്കാരുടെ "സിറാജ്‌ ടെക്സ്റ്റയിത്സ്‌" ഡേവിഡ്‌ മുതലാളിയുടെ ( വളവുപച്ചക്കാര്‍ അദ്ദേഹത്തിണ്റ്റെ പേര്‍ ഒന്ന്‌ മലയാളീകരിച്ച്‌ "ദേവിട്‌" എന്നയിരുന്നു വിളിച്ചിരുന്നത്‌) പലചരക്ക്‌ ഹോള്‍സെയില്‍ കട എന്നിവയും തെക്ക്കെട്ടിടത്തില്‍ അബ്ദുല്‍ ഖാദര്‍ (എന്റെ വാപ്പ) മുതലാളിയുടെ ഷാപ്പുകട എന്ന സൂപ്പര്‍ മാര്‍ക്കറ്റും ഉണ്ടായിരുന്നു. ചായക്കടകളും മുറുക്കാന്‍ കടകളും ധാരാളം. ചന്ത ദിവസങ്ങളില്‍ മാത്രം തുറക്കുന്ന കടകളുമുണ്ട്‌ കൂട്ടത്തില്‍.


ശനിയാഴ്ച്ച സ്കൂളില്‍ പോകേണ്ടാത്തതുകൊണ്ട്‌ കാപ്പി കുടിച്ചശേഷം വാപ്പായുടെ കടയിലേക്കിറങ്ങും. നമ്മുടെ പോക്കറ്റ്‌ മണിയായ അഞ്ച്‌ പൈസ വാങ്ങാനാണ്‌ പോക്ക്‌. കടയില്‍ വല്ലാത്ത തിരക്കായിക്കും. അസാധാരണ വേഗത്തില്‍ വാപ്പ സാധനങ്ങളെടുത്ത്‌ പൊതിഞ്ഞ്‌ കൊടുക്കും. അതിനിടയില്‍ അഞ്ചുപൈസക്ക്‌ ചെല്ലുന്ന എന്നെ വേഗം ഒഴിവാക്കും.

കടയുടെ മുന്നില്‍ തന്നെയുണ്ടാകും ഏതെങ്കിലും മാജിക്കുകാരന്‍. മുതിര്‍ന്നവരുടെ കാലുകള്‍ക്കിടയിലൂടെ ഞാന്‍ ഊര്‍ന്ന്‌ കയറും. അയാളൊരു കുപ്പിയില്‍ പ്ളാസ്റ്റിക്‌ പാമ്പിനെയിട്ട്‌ വെള്ളംനിറച്ച്‌ മണ്ണില്‍ തലകീഴായി കുത്തി നിര്‍ത്തിയിരിക്കുകയാണ്‌. കുപ്പിക്കുള്ളില്‍ താഴെനിന്ന്‌ ഇടയ്ക്കിടെ കുമിളകള്‍ പൊന്തിവരും. കുപ്പിയിലെ വെള്ളം തീരുമ്പോള്‍ എന്തോ അത്ഭുതം സംഭവിക്കും എന്നയാള്‍ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും. നോട്ടിലെ കറമാറ്റിയും സരസമായി സംസാരിച്ചും മാജിക്കുകാരന്‍ അറബിപ്പാല്‍ക്കായത്തിലേയ്ക്കോ പല്‍പൊടിയിലേയ്ക്കോ കടക്കും. കാണികളിലൊരാളെക്കൊണ്ട്‌ പല്ല്‌ തേപ്പിച്ച ശേഷം തുപ്പിക്കുന്ന പതയില്‍ നിന്ന്‌ മാജിക്കുകാരന്‍ "ഉണ്ടളപ്പുഴുവിനെ" തോണ്ടിയെടുത്ത്‌ കാണിക്കുന്നതോട്‌ കൂടി ചിലര്‍ പോക്കറ്റില്‍ തപ്പിത്തുടങ്ങും. അത്യവശ്യം വില്‍പന നടന്നാല്‍ തറയില്‍ കമഴ്ത്തിവച്ച കുപ്പിയിലെ വെള്ളം ഒഴിച്ച്‌ കളഞ്ഞ്‌ മാജിക്കുകാരന്‍ പെട്ടിപൂട്ടി സ്ഥലം വിടും.

വയറ്റത്തടിച്ച്‌ പാടുന്നവര്‍ അകലെയല്ലാതെയുണ്ടാകും. "അറബിക്കടലിളകിവരുന്നൂ..." എന്ന്‌ നീട്ടിപ്പറഞ്ഞിട്ട്‌ ഗായകന്‍ ആകാശത്തേക്ക്‌ കൈ ചൂണ്ടി. അയാള്‍ ചൂണ്ടിയ ഭാഗത്തേക്ക്‌ ഞാന്‍ തിരിഞ്ഞ്‌ നോക്കി. ഒന്നും കണ്ടില്ല. അതയാളുടെ പാട്ടിണ്റ്റെ ഭാഗമായിരുന്നെന്ന്‌ പിന്നെടാണ്‌ മനസ്സിലായത്‌.
"ആകാശപ്പൊന്നു വരുന്നു...
ആലോലം തിരകളിലെ..."
അയാള്‍ പാട്ട്‌ തുടര്‍ ന്നു. വലിയ ശബ്ദത്തില്‍ വയറ്റത്ത്‌ താളമിട്ട്‌ കൊണ്ടായിരുന്നു പാട്ട്‌. അയാളുടെ ഒട്ടിയ വയര്‍ അടികൊണ്ട്‌ കറുത്ത്‌ നീലിമയാര്‍ന്ന്‌ കിടന്നു.

പാമ്പാട്ടികള്‍ ഇവര്‍ക്കിടയില്‍ സൂപ്പര്‍സ്റ്റാറുകളായിരുന്നു. വമ്പന്‍ ജനക്കൂട്ടം പാമ്പിണ്റ്റെ പ്രകടനം കാണാന്‍ തടിച്ച്‌ കൂടും. പരിപാടി മുറുകുമ്പോള്‍ പാമ്പാട്ടിയുടെ മകളെ കഴുത്തിലേക്ക്‌ കത്തി കുത്തിയിറക്കി തുണികൊണ്ട്‌ മൂടിയിടും. ശേഷം പാമ്പാട്ടി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ അവള്‍ ഉത്തരം പറയും. ഒരു ഏലസ്സിണ്റ്റെ ശക്തി കൊണ്ടാണ്‌ ഇത്‌ സാധിക്കുന്നതെന്നും അത്‌ ധരിച്ചാല്‍ ആരുടെ രഹസ്യവും അറിയാന്‍ കഴിയുമെന്നും പാമ്പാട്ടി പറയും. സംഭാവനയും ഏലസ്സിണ്റ്റെ കച്ചവടവുമായി പാമ്പാട്ടി ചെലവിനുള്ളത്‌ കണ്ടെത്തും.


വളവുപച്ചയിലെ ഔദ്യോഗിക ലോഡിംഗുകാര്‍- ലോഡ്‌ മമ്മൂഞ്ഞും, പെരിങ്ങമ്മലയും സജീവമായി എച്ചെമ്മെസ്സ്‌ ബസ്സിണ്റ്റെ മുകളിലേക്ക്‌ ചരക്ക്‌ കയറ്റിക്കൊണ്ടിരുന്നു. ചന്തയ്ക്കുള്ളില്‍ നിന്ന്‌ തിരിയാനിടമില്ലാത്ത തിരക്ക്‌. മീന്‍ എത്തിയിട്ടില്ല. ആലംകോട്ട്‌ നിന്നും മീനെത്താന്‍ വൈകും. മിക്കവാറും ഉച്ചയാകും മീനെത്താന്‍. അതുവരെ ആള്‍ക്കാര്‍ അവശ്യ സാധനങ്ങള്‍ വാങ്ങിയും കണ്ടും അവിടെയൊക്കെതന്നെയുണ്ടാകും.

ചന്തക്കുള്ളില്‍ തെക്കുവശത്തെ വരിക്കടയില്‍ മൊത്തവും തുണിക്കച്ചവടക്കാരാണ്‌. സാധാരണക്കാരണ്റ്റെ വസ്ത്രാവശ്യങ്ങള്‍ അവിടെയൊതുങ്ങും. ചന്തയ്ക്ക്‌ മദ്ധ്യത്തിലെ വരിക്കടയിലാണ്‌ എനിക്ക്‌ താത്പര്യം. ഫാന്‍സിയും കളിപ്പാട്ടങ്ങളുമടങ്ങിയ നിര. ഫിലിമിണ്റ്റെ തുണ്ടുകളിട്ട്‌ നോക്കുന്ന ചെറിയ ലെന്‍സ്‌ പെട്ടി. ഓരോ പ്രാവശ്യവും ഞാനവിടെ കറങ്ങി നിന്ന്‌ നോക്കും. മുപ്പത്‌ പൈസയാണ്‌ വില. അത്‌ വാങ്ങാനുള്ള പോക്കറ്റ്‌ മണിയില്ല.


പാട്ടുപുസ്തകക്കാരന്‍ പുതിയ സംഭ്രമജനകമായ കഥയുമായി എത്തിയിട്ടുണ്ടാകും. ഒരുകയ്യില്‍ ചപ്ളാം കൊട്ടയും മറുകയ്യില്‍ പാട്ടുപുസ്തകവുമായി അയാള്‍ കഥ പറയും. രണ്ടാനമ്മയും കാമുകനും ചേര്‍ന്ന്‌ പെണ്‍ കുട്ടിയെ കൊന്ന്‌ കുട്ടുകത്തില്‍ വേവിച്ച കഥ. കഥ കേട്ട്‌ കണ്ണീര്‍ വാര്‍ത്തുകൊണ്ട്‌ പെണ്ണുങ്ങള്‍ പാട്ടുപുസ്തകം വാങ്ങും. ഓരോ മാസവും പുതിയ വാര്‍ത്തകള്‍ പാട്ടിണ്റ്റെ രൂപത്തില്‍ മസാലയൊക്കെ ചേര്‍ത്ത്‌ കുഞ്ഞ്‌ പുസ്തക രൂപത്തില്‍ ചന്തയിലെത്തും. (മംഗളം വാരിക പിന്നീട്‌ കൊലപാതകഫീച്ചറുകള്‍ തുടങ്ങിയപ്പോള്‍ പാട്ട്പുസ്തകം അന്യംനിന്നുപോയി. ഇപ്പോള്‍ ആ സ്ഥാനം ടിവി സീരിയലുകള്‍ ഏറ്റെടുത്ത്‌ കഴിഞ്ഞു. )


മീന്‍ ചന്തയില്‍ കടക്കാതെ കറക്കുകാര്‍ ഇരിക്കുന്നിടത്തേക്ക്‌ പോകും. ഒരിക്കല്‍ അഞ്ചുപൈസ കറക്കില്‍ കൊണ്ട്‌ വച്ച്‌ പോയതിനാല്‍ പിന്നീട്‌ വച്ചിട്ടില്ല. എന്നാലും പോയി നോക്കി നില്‍ക്കും. കറങ്ങുമ്പോള്‍ നിരത്തി നിര്‍ത്തിയിരിക്കുന്ന ആണി ടംഗ്‌ ക്ളീനറില്‍ തട്ടിയുണ്ടാകുന്ന "ടിര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍..." ശബ്ദം കേല്‍ക്കാന്‍ ഞാനവിടെ നില്‍ക്കും.
ചന്തയ്ക്കകത്തും പുറത്തും രണ്ട്‌ കല്ലിന്‍മേല്‍ ബഞ്ച്‌ പോലെ ഉറിപ്പിച്ച പലകപ്പുറത്തിരുന്ന്‌ ശൌരം ചെയ്യുന്ന ബാര്‍ബറന്‍മാരെക്കാണാം.

രണ്ട്‌ മൂന്ന്‌ മണിയോട്‌ കൂടി ചന്ത ഒടുങ്ങുകയായി. മലപോലെ ചരക്ക്‌ കയറ്റിയ കാളവണ്ടികള്‍ വലിച്ചുകൊണ്ട്‌ വണ്ടിക്കാരനപ്പോലെ അവശനായ കാളകള്‍ നീങ്ങും. അവ അവശേഷിപ്പിച്ച ചണകവും വയ്ക്കോലും വളവുപച്ചയില്‍ നീളെ പരന്ന്‌ കിടക്കും. കാക്കകളും പരന്തുകളും അവരുടെ അവസാനത്തെ ഭക്ഷണവും കൊത്തിയെടുത്ത്‌ പറന്നു പോകും.

Wednesday, February 2, 2011

വായനശാല


(ചിത്രങ്ങള്‍ അഫ്സല്‍ ഖാന്‍, വളവുപച്ച)

അഞ്ചാം തരത്തില്‍ പഠിക്കുമ്പോഴായിരുന്നു ഞാന്‍ ഗുരു മന്ദിരത്തില്‍ ആദ്യമായി പോകുന്നത്‌. മദ്രസയുടെ ഇടവേളയില്‍ മന്ദിരത്തില്‍ നടക്കുന്ന എന്തോപരിപാടിയുടെ ഉച്ചഭാഷിണി കേട്ടായിരുന്നു അങ്ങോട്ട്‌ വച്ചുപിടിച്ചത്‌. പരുങ്ങലോടെ അവിടെ കറങ്ങി. വിശാലമായ ഒരു ഹാളിണ്റ്റെ അങ്ങേതലയ്ക്കല്‍ മുകളിലായി എഴുതിവച്ചിരിക്കുന്നത്‌ തപ്പിപ്പിടിച്ച്‌ വായിച്ചു.
"ജാതി ഭേദം മതദ്വേഷ
മേതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാപനമാണിത്‌"
അന്നങ്ങനെയാണ്‌ വായിച്ചത്‌- മാതൃകാ സ്ഥാപനം എന്ന്‌. ആശയമൊന്നും പിടികിട്ടിയില്ലെങ്കിലും അന്തരീക്ഷം ഇഷ്ടമായി. കെട്ടിടത്തിണ്റ്റെ മുകളില്‍ കയറി നാരായണ ഗുരുവിണ്റ്റെ പ്രതിമ കണ്ടു. മഞ്ഞുപോലെ ഒരു വിഗ്രഹം. മള്‍ട്ടികളറില്‍ വികൃതമാക്കപ്പെട്ട ഗുരു പ്രതിമകള്‍ക്കിടയില്‍ ഇപ്പോഴും വളവുപച്ചയിലെ പ്രതിമയെ എനിക്കിഷ്ടമാണ്‌. അതിണ്റ്റെ പിന്നിലെ കലാഹൃദയത്തിന്‌ പ്രണാമം.
മന്ദിരത്തിലെ കറക്കത്തിനിടയില്‍ ഞാനത്‌ കണ്ടു, ഒരു മുറിയില്‍ കുറെയേറെ പുസ്തകങ്ങള്‍. ആര്‍ത്തിയോടെ ഞാന്‍ ജനലഴികളില്‍ പിടിച്ച്‌ അകത്തേയ്ക്ക്‌ നോക്കിനിന്നു. വീട്ടില്‍ വാപ്പായ്ക്ക്‌ നല്ലൊരു പുസ്തക ശേഖരമുണ്ടായിരുന്നു. പലരും കൊണ്ടുപോയിപ്പോയി ആ ശേഖരം ശോഷിച്ചുവന്നു. ബഷീറും പൊറ്റക്കാട്ടും തകഴിയുമൊക്കെ ശേഖരത്തിലുണ്ടായിരുന്നെങ്കിലും ഒരഞ്ചാം ക്ളാസുകാരന്‌ അതെങ്ങനെ ദഹിക്കാന്‍!

മൂന്നാം തരത്തില്‍ സുന്നത്ത്‌ ചെയ്ത്‌ കിടക്കുമ്പോള്‍ "മുച്ചീട്ടുകളിക്കാരണ്റ്റെ മകള്‍" വായിച്ചുനോക്കിയിട്ടുണ്ട്‌. സുന്നത്ത്‌ കുട്ടിയെ കൊതിക്കുന്ന ഭക്ഷണം തീറ്റിച്ച്‌ തൃപ്തനാക്കുക ഒരു നാട്ടു നടപ്പാണ്‌. ഞാനാണെങ്കില്‍ അന്നേ ഭക്ഷണത്തോട്‌ വലിയ താത്പര്യമില്ലാത്തവന്‍. സുന്നത്ത്‌ ജോടിയായ നൌഷാദ്‌ നല്ല ഭക്ഷണ പ്രിയനും. എനിക്കുണ്ടായ വിരസതയ്ക്ക്‌ പരിഹാരമായാണ്‌ വാപ്പ ഭിത്തിയിലെ ഷെല്‍ഫ്‌ തുറന്ന്‌ പുസ്തകങ്ങളെടുത്ത്‌ തന്നത്‌. വാപ്പ മുഖവുരയായി മുച്ചീട്ടുകളിക്കാരണ്റ്റെ കഥാസാരം നല്‍കി. അന്ന്‌ വായിച്ചെങ്കിലും എനിക്കത്‌ വലിയ രസമുള്ളതായി തോന്നിയില്ല. ബാല പ്രസിദ്ധീകരണങ്ങളൊന്നുമില്ലാത്ത (വളവുപച്ചയില്‍ ലഭിക്കാത്ത) അക്കാലത്ത്‌ ഗ്രന്ഥങ്ങളുടെ ഒരു ശാല കണ്ടെത്തിയതിണ്റ്റെ സന്തോഷം!

തിരക്കിയറിഞ്ഞ്‌ അവിടെ അംഗമായി ചേര്‍ന്നു, നമ്മുടെ സി. കേശവന്‍ ഗ്രന്ഥശാലയില്‍. (ഒരു പക്ഷെ അവിടത്തെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ഞാനായിരിക്കുമോ?)പുസ്തകങ്ങള്‍ കുത്തിനിറച്ച അലമാരകള്‍ക്കിടയില്‍ കുട്ടിപ്പുസ്തകങ്ങള്‍ തപ്പുകയായിരുന്നു പ്രഥാന പരിപാടി. അക്കാലത്ത്‌ ബാലസാഹിത്യം തീരെ കുറവ്‌. മുതിര്‍ന്ന അംഗങ്ങള്‍ കുട്ടിയായ എനിക്ക്‌ വേണ്ടി പുസ്തകങ്ങള്‍ തിരഞ്ഞ്‌ തന്നു.

വായനയോടൊപ്പം ഞാനും വളര്‍ന്നു. ലൈബ്രറേറിയന്‍മാര്‍ മാറിവന്നു. നിസ്വാര്‍ഥമായി സേവനം നല്‍കിയവര്‍. കിഴക്കേമുക്കിലെ ചെറുപ്പക്കാര്‍. അവരതില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചില്ല, നല്‍കുക മാത്രം ചെയ്തു. വായനയെ ഗൌരവമായി കണ്ട കുറച്ചുപേര്‍ എന്നും ഗ്രന്ഥശാലയ്ക്ക്‌ പുറകിലുണ്ടായിരുന്നു, അതിനെ കൈപിടിച്ച്‌ നടത്താന്‍. അതില്‍ മാധവദാസ്‌ സാറിനെ ഞാന്‍ പ്രത്യേകമോര്‍ക്കുന്നു. മലയാളം മാഷ്‌. വലിയ വായനക്കാരന്‍. പത്താം തരത്തില്‍ പഠിക്കുമ്പോള്‍ പുസ്തക വില്‍പനയ്ക്കായി സ്കൂളില്‍ വന്ന ഒരാളില്‍ നിന്നും "ഭൌതിക കൌതുകം" എന്ന രണ്ട്‌ വാല്യങ്ങളുള്ള റഷ്യന്‍ പുസ്തകം സാര്‍ എനിക്കായി വാങ്ങിതന്നു. ആ പുസ്തകങ്ങള്‍ എത്രയാവര്‍ത്തി വായിച്ചിട്ടുണ്ടാകുമെന്ന്‌ എനിക്ക്‌ തന്നെയറിയില്ല. ഫിസിക്സിനെക്കുറിച്ചുള്ള എണ്റ്റെ എല്ലാ അറിവുകളുടേയും അടിസ്ഥാനം ആ പുസ്തകമാണ്‌. ഇപ്പോള്‍ എണ്റ്റെ മകന്‍ ആ പുസ്തകങ്ങള്‍ കൂടെക്കൂടെ വായിക്കാനെടുക്കുന്നത്‌ കാണൂമ്പോള്‍ ഞാന്‍ മാധവദാസ്‌ സാറിനെ വീണ്ടുമോര്‍ക്കുന്നു.

വായനയില്‍ കൂടുതല്‍ സുഹൃത്തുക്കളുണ്ടായി. എണ്റ്റെ വായനാ ശീലങ്ങളെ അവര്‍ സ്വാധീനിച്ചു. പരുത്തിയിലെ ജയനുമായി ജെയിംസ്‌ ഹാഡ്‌ ലീ ചേസും അഗതാക്രിസ്റ്റിയും ഷെര്‍ലക്‌ ഹോംസും പങ്കിട്ടു. അകാലത്തില്‍ മറഞ്ഞുപോയ ജലീലും ഇടയ്ക്കെങ്ങോ പുറപ്പെട്ടുപോയ കുട്ടപ്പനുമായി സാഹിത്യത്തിലേയും സിനിമയിലേയും നവതരംഗങ്ങള്‍ തിരിച്ചറിഞ്ഞു. "സ്വല്‍പം ബന്ദ്യമാണ്‌, കഥ പറഞ്ഞിരിക്കുന്നത്‌ രണ്ട്‌ തട്ടിലാണ്‌!" അടൂരിണ്റ്റെ അനന്തരം തിരുവനന്തപുരത്ത്‌ പോയി കണ്ടുവന്ന്‌ ജലീല്‍ പറഞ്ഞു. സങ്കീര്‍ണ്ണമായ എന്തിനേയും ബന്ദ്യം എന്ന്‌ ജലീല്‍ വിശേഷിപ്പിച്ചു. മനസ്സിലായില്ലെങ്കിലും ഞങ്ങള്‍ തലകുലുക്കി സമ്മതിക്കും. ജലീലിന്‌ എല്ലാറ്റിനും സ്വന്തമായ വിശകലനമുണ്ടായിരിക്കും. നല്ല വായനക്കരനുമായിരുന്നു. കുട്ടപ്പന്‍ രസകരമായി കഥകള്‍ പറയും, കണ്ടസിനിമയുടേയോ വായിച്ച നോവലിണ്റ്റേയോ. അതിലെ സംഭാഷണങ്ങള്‍ കൃത്യമായി ആവര്‍ത്തിക്കാന്‍ കുട്ടപ്പന്‌ അസാധാരണമായ കഴിവുണ്ടായിരുന്നു. വായനയുടെ മറ്റൊരു ലോകത്തേയ്ക്ക്‌ നയിച്ചത്‌ സജു തേഡാണ്‌. ഒരു തികഞ്ഞ റിബല്‍. പക്ഷേ എടുത്ത്‌ ചാട്ടമില്ലാതെ, പൊട്ടിത്തെറിയില്ലാതെ വ്യക്തമായി കാര്യങ്ങളവതരിപ്പിക്കാന്‍ സജുവിന്‌ കഴിയും. സജുവിനൊപ്പം യുക്തിവാദത്തിണ്റ്റേയും തത്വചിന്തകളുടേയും ചര്‍ച്ചകളും വായനയും. നിത്യചൈതന്യ യതിയെ കൂടുതല്‍ ഇഷ്ടപ്പെട്ടുതുടങ്ങി.


             (ഏറെനാള്‍ ലൈബ്രറേനിയനായിരുന്ന ഷാജീവ് (T.S.Shajeev thekkumkara Soman)
പിന്നെ വായനയില്‍ സ്വാധീനിച്ചത്‌ സ്മിത. കസിന്‍ എന്നതിലുപരി എണ്റ്റെ ഏറ്റവുമടുത്ത സുഹൃത്ത്‌. മാധവിക്കുട്ടിയുടെ കടുത്ത ആരാധികയാണ്‌ സ്മിത. എനിക്കും മാധവിക്കുട്ടിയെ വലിയ ഇഷ്ടമാണ്‌. (അവരുടെ മതം മാറ്റം ഞങ്ങള്‍ രണ്ട്‌ പേരും ഉള്‍ക്കൊള്ളാനായതേയില്ല.) കലാകൌമുദിയില്‍ വരുന്ന ലേഖനങ്ങളും കഥകളും ഞങ്ങള്‍ ചര്‍ച്ചചെയ്തു. എല്ലാം പോസിറ്റീവായി മാത്രം കാണുന്നയാള്‍. ഇപ്പോഴും എന്നെ അതിശയിപ്പിക്കുന്ന പുസ്തകങ്ങള്‍ കിട്ടിയാല്‍ ഞാനാദ്യം ഞാനാദ്യം പങ്കുവയ്ക്കുന്നത്‌ സ്മിതയുമായാണ്‌.

സി കേശവന്‍ ഗ്രന്ഥശാലയോടനുബന്ധിച്ചായിരുന്നു ശാസ്ത്ര സാഹിത്യപരിഷത്ത്‌ വളവുപച്ചയില്‍ വളര്‍ന്നത്‌. മുത്തുസ്വാമി സാറിണ്റ്റെ നേതൃത്വത്തില്‍ ജെ എം ഷിഹാബുദ്ദീന്‍ എന്ന കിങ്ങായിയുടെ സഹായത്തോടെ ശാസ്ത്രസാഹിത്യ പരിഷത്ത്‌ വളവുപച്ചയില്‍ സജീവമായി. തികഞ്ഞ ജനകീയനും നല്ല സംഘാടകനുമായിരുന്നു കിങ്ങായി. ആരുമായും ചേര്‍ന്നുപോകും. പുകയില്ലാത്ത അടുപ്പും ശാസ്ത്രകാമ്പെയിനുകളും ശാസ്ത്രപുസ്തകങ്ങളുടെ വില്‍പനയുമായി (പരിഷത്തിണ്റ്റെ പുസ്തകങ്ങളിലാണ്‌ ആദ്യമായി മികച്ച ലേ‌ഔട്ടും പ്രിന്റിംഗും കാണുന്നത്‌) സാധാരണക്കാരില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ ഒരു പരിധിവരെ അന്ന്‌ പരിഷത്തിന്‌ കഴിഞ്ഞിരുന്നു. ഇപ്പോളതൊക്കെ പിന്നോട്ടടിച്ച്‌ കുബേര്‍കുഞ്ചിയും മുസ്ളി പവ്വറും വാസ്തുശാത്രവുമൊക്കെയായി നിറഞ്ഞുനില്‍ക്കുകയല്ലെ കേരളം. ശാസ്ത്രസാഹിത്യ പരിഷത്ത്‌ നടത്തിയ കലാജാഥകാണാന്‍ മാതേരുകുന്നില്‍ നിന്നും ഉമ്മമാര്‍ വരെ വന്നെത്തി. "നാദിറപറയുന്നു" എന്ന സംഗീതശില്‍പം കണ്ട്‌ അവരില്‍ പലരുടേയും കണ്ണ്‌ നനഞ്ഞു (എണ്‍പതുകളില്‍ വലിയൊരു മുന്നേറ്റത്തിന്‌ കളമൊരുക്കിയ പരിഷത്ത്‌ പിന്നീടെപ്പോഴോ വഴി മറന്നു പോയി)

ഷിഹാബ്‌ ഗള്‍ഫിലേക്ക്‌ പുറപ്പെടും മുമ്പ്‌ പരിഷത്തിന്റെ യോഗത്തില്‍ നടത്തിയ യാത്രയയപ്പില്‍ ഷിഹാബിന്റെ അഭാവം ഒരു നഷ്ടമാണ്‌ എന്നു മറ്റംഗങ്ങള്‍ പറഞ്ഞതിനെ എതിര്‍ത്ത്‌ ആരുടേയും അഭാവം പരിഷത്തിന്‌ നഷ്ടമാകില്ല എന്ന്‌ ഞാന്‍ പറഞ്ഞു. പക്ഷേ ഷിഹാബിന്റെ അഭാവം പരിഷത്തിന്‌ വലിയ നഷ്ടം തന്നെയായിരുന്നു വെന്ന്‌ കാലം തെളിയിച്ചു.


പുതിയ കെട്ടിടത്തില്‍ വിശാലമായ സൌകര്യങ്ങളൊക്കെ കൂടി ഗ്രന്ഥശല ഇപ്പോള്‍ താലൂക്ക്‌ റഫറന്‍സ്‌ സെന്ററായി. അവിടെത്തന്നെയിരുന്ന് വായിക്കാന്‍ മതിയായ സൌകര്യം. എങ്കിലും ലൈബ്രറിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഈപ്പോഴും പഴയ മുറിതന്നെയാണ്‌ മനസ്സില്‍. അതുവഴി കടന്നു പോകുമ്പോള്‍ അറിയാതെ തോന്നും, പുതിയ തലമുറയിലെ ലൈബ്രറേയിയന്‍ വൈകുന്നേരങ്ങളില്‍ കനത്ത താക്കോലുമായി വരുന്നതും നോക്കി വായിച്ച്‌ തീര്‍ന്ന പുസ്തകവുമായി ആരെങ്കിലും കാത്തിരിക്കുന്നുണ്ടാവുമോ!

പിന്‍ കുറിപ്പ്‌. വളവുപച്ച പടിഞ്ഞാറേമുക്ക്‌ ഇപ്പോഴും നമ്മുടെ ഗ്രന്ഥശാലയ്ക്കെതിരെ പുറം തിരിഞ്ഞ്‌ നില്‍ക്കുന്നതെന്താണാവോ?