
(ചിത്രങ്ങള്‍ അഫ്സല് ഖാന്, വളവുപച്ച)
അഞ്ചാം തരത്തില്‍ പഠിക്കുമ്പോഴായിരുന്നു ഞാന്‍ ഗുരു മന്ദിരത്തില്‍ ആദ്യമായി പോകുന്നത്. മദ്രസയുടെ ഇടവേളയില്‍ മന്ദിരത്തില്‍ നടക്കുന്ന എന്തോപരിപാടിയുടെ ഉച്ചഭാഷിണി കേട്ടായിരുന്നു അങ്ങോട്ട് വച്ചുപിടിച്ചത്. പരുങ്ങലോടെ അവിടെ കറങ്ങി. വിശാലമായ ഒരു ഹാളിണ്റ്റെ അങ്ങേതലയ്ക്കല്‍ മുകളിലായി എഴുതിവച്ചിരിക്കുന്നത് തപ്പിപ്പിടിച്ച് വായിച്ചു.
"ജാതി ഭേദം മതദ്വേഷ
മേതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാപനമാണിത്"
അന്നങ്ങനെയാണ് വായിച്ചത്- മാതൃകാ സ്ഥാപനം എന്ന്. ആശയമൊന്നും പിടികിട്ടിയില്ലെങ്കിലും അന്തരീക്ഷം ഇഷ്ടമായി. കെട്ടിടത്തിണ്റ്റെ മുകളില്‍ കയറി നാരായണ ഗുരുവിണ്റ്റെ പ്രതിമ കണ്ടു. മഞ്ഞുപോലെ ഒരു വിഗ്രഹം. മള്‍ട്ടികളറില്‍ വികൃതമാക്കപ്പെട്ട ഗുരു പ്രതിമകള്‍ക്കിടയില്‍ ഇപ്പോഴും വളവുപച്ചയിലെ പ്രതിമയെ എനിക്കിഷ്ടമാണ്. അതിണ്റ്റെ പിന്നിലെ കലാഹൃദയത്തിന് പ്രണാമം.
മന്ദിരത്തിലെ കറക്കത്തിനിടയില്‍ ഞാനത് കണ്ടു, ഒരു മുറിയില്‍ കുറെയേറെ പുസ്തകങ്ങള്‍. ആര്‍ത്തിയോടെ ഞാന്‍ ജനലഴികളില്‍ പിടിച്ച് അകത്തേയ്ക്ക് നോക്കിനിന്നു. വീട്ടില്‍ വാപ്പായ്ക്ക് നല്ലൊരു പുസ്തക ശേഖരമുണ്ടായിരുന്നു. പലരും കൊണ്ടുപോയിപ്പോയി ആ ശേഖരം ശോഷിച്ചുവന്നു. ബഷീറും പൊറ്റക്കാട്ടും തകഴിയുമൊക്കെ ശേഖരത്തിലുണ്ടായിരുന്നെങ്കിലും ഒരഞ്ചാം ക്ളാസുകാരന് അതെങ്ങനെ ദഹിക്കാന്‍!
മൂന്നാം തരത്തില്‍ സുന്നത്ത് ചെയ്ത് കിടക്കുമ്പോള്‍ "മുച്ചീട്ടുകളിക്കാരണ്റ്റെ മകള്‍" വായിച്ചുനോക്കിയിട്ടുണ്ട്. സുന്നത്ത് കുട്ടിയെ കൊതിക്കുന്ന ഭക്ഷണം തീറ്റിച്ച് തൃപ്തനാക്കുക ഒരു നാട്ടു നടപ്പാണ്. ഞാനാണെങ്കില്‍ അന്നേ ഭക്ഷണത്തോട് വലിയ താത്പര്യമില്ലാത്തവന്‍. സുന്നത്ത് ജോടിയായ നൌഷാദ് നല്ല ഭക്ഷണ പ്രിയനും. എനിക്കുണ്ടായ വിരസതയ്ക്ക് പരിഹാരമായാണ് വാപ്പ ഭിത്തിയിലെ ഷെല്‍ഫ് തുറന്ന് പുസ്തകങ്ങളെടുത്ത് തന്നത്. വാപ്പ മുഖവുരയായി മുച്ചീട്ടുകളിക്കാരണ്റ്റെ കഥാസാരം നല്കി. അന്ന് വായിച്ചെങ്കിലും എനിക്കത് വലിയ രസമുള്ളതായി തോന്നിയില്ല. ബാല പ്രസിദ്ധീകരണങ്ങളൊന്നുമില്ലാത്ത (വളവുപച്ചയില്‍ ലഭിക്കാത്ത) അക്കാലത്ത് ഗ്രന്ഥങ്ങളുടെ ഒരു ശാല കണ്ടെത്തിയതിണ്റ്റെ സന്തോഷം!
തിരക്കിയറിഞ്ഞ് അവിടെ അംഗമായി ചേര്‍ന്നു, നമ്മുടെ സി. കേശവന് ഗ്രന്ഥശാലയില്‍. (ഒരു പക്ഷെ അവിടത്തെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ഞാനായിരിക്കുമോ?)പുസ്തകങ്ങള്‍ കുത്തിനിറച്ച അലമാരകള്‍ക്കിടയില്‍ കുട്ടിപ്പുസ്തകങ്ങള്‍ തപ്പുകയായിരുന്നു പ്രഥാന പരിപാടി. അക്കാലത്ത് ബാലസാഹിത്യം തീരെ കുറവ്. മുതിര്‍ന്ന അംഗങ്ങള്‍ കുട്ടിയായ എനിക്ക് വേണ്ടി പുസ്തകങ്ങള്‍ തിരഞ്ഞ് തന്നു.
വായനയോടൊപ്പം ഞാനും വളര്‍ന്നു. ലൈബ്രറേറിയന്മാര് മാറിവന്നു. നിസ്വാര്‍ഥമായി സേവനം നല്കിയവര്. കിഴക്കേമുക്കിലെ ചെറുപ്പക്കാര്‍. അവരതില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചില്ല, നല്‍കുക മാത്രം ചെയ്തു. വായനയെ ഗൌരവമായി കണ്ട കുറച്ചുപേര്‍ എന്നും ഗ്രന്ഥശാലയ്ക്ക് പുറകിലുണ്ടായിരുന്നു, അതിനെ കൈപിടിച്ച് നടത്താന്‍. അതില്‍ മാധവദാസ് സാറിനെ ഞാന്‍ പ്രത്യേകമോര്‍ക്കുന്നു. മലയാളം മാഷ്. വലിയ വായനക്കാരന്. പത്താം തരത്തില്‍ പഠിക്കുമ്പോള്‍ പുസ്തക വില്പനയ്ക്കായി സ്കൂളില്‍ വന്ന ഒരാളില്‍ നിന്നും "ഭൌതിക കൌതുകം" എന്ന രണ്ട് വാല്യങ്ങളുള്ള റഷ്യന്‍ പുസ്തകം സാര്‍ എനിക്കായി വാങ്ങിതന്നു. ആ പുസ്തകങ്ങള്‍ എത്രയാവര്‍ത്തി വായിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് തന്നെയറിയില്ല. ഫിസിക്സിനെക്കുറിച്ചുള്ള എണ്റ്റെ എല്ലാ അറിവുകളുടേയും അടിസ്ഥാനം ആ പുസ്തകമാണ്. ഇപ്പോള്‍ എണ്റ്റെ മകന് ആ പുസ്തകങ്ങള്‍ കൂടെക്കൂടെ വായിക്കാനെടുക്കുന്നത് കാണൂമ്പോള്‍ ഞാന്‍ മാധവദാസ് സാറിനെ വീണ്ടുമോര്‍ക്കുന്നു.
വായനയില്‍ കൂടുതല്‍ സുഹൃത്തുക്കളുണ്ടായി. എണ്റ്റെ വായനാ ശീലങ്ങളെ അവര്‍ സ്വാധീനിച്ചു. പരുത്തിയിലെ ജയനുമായി ജെയിംസ് ഹാഡ് ലീ ചേസും അഗതാക്രിസ്റ്റിയും ഷെര്‍ലക് ഹോംസും പങ്കിട്ടു. അകാലത്തില്‍ മറഞ്ഞുപോയ ജലീലും ഇടയ്ക്കെങ്ങോ പുറപ്പെട്ടുപോയ കുട്ടപ്പനുമായി സാഹിത്യത്തിലേയും സിനിമയിലേയും നവതരംഗങ്ങള്‍ തിരിച്ചറിഞ്ഞു. "സ്വല്പം ബന്ദ്യമാണ്, കഥ പറഞ്ഞിരിക്കുന്നത് രണ്ട് തട്ടിലാണ്!" അടൂരിണ്റ്റെ അനന്തരം തിരുവനന്തപുരത്ത് പോയി കണ്ടുവന്ന് ജലീല്‍ പറഞ്ഞു. സങ്കീര്‍ണ്ണമായ എന്തിനേയും ബന്ദ്യം എന്ന് ജലീല്‍ വിശേഷിപ്പിച്ചു. മനസ്സിലായില്ലെങ്കിലും ഞങ്ങള്‍ തലകുലുക്കി സമ്മതിക്കും. ജലീലിന് എല്ലാറ്റിനും സ്വന്തമായ വിശകലനമുണ്ടായിരിക്കും. നല്ല വായനക്കരനുമായിരുന്നു. കുട്ടപ്പന് രസകരമായി കഥകള്‍ പറയും, കണ്ടസിനിമയുടേയോ വായിച്ച നോവലിണ്റ്റേയോ. അതിലെ സംഭാഷണങ്ങള്‍ കൃത്യമായി ആവര്‍ത്തിക്കാന്‍ കുട്ടപ്പന് അസാധാരണമായ കഴിവുണ്ടായിരുന്നു. വായനയുടെ മറ്റൊരു ലോകത്തേയ്ക്ക് നയിച്ചത് സജു തേഡാണ്. ഒരു തികഞ്ഞ റിബല്‍. പക്ഷേ എടുത്ത് ചാട്ടമില്ലാതെ, പൊട്ടിത്തെറിയില്ലാതെ വ്യക്തമായി കാര്യങ്ങളവതരിപ്പിക്കാന്‍ സജുവിന് കഴിയും. സജുവിനൊപ്പം യുക്തിവാദത്തിണ്റ്റേയും തത്വചിന്തകളുടേയും ചര്‍ച്ചകളും വായനയും. നിത്യചൈതന്യ യതിയെ കൂടുതല്‍ ഇഷ്ടപ്പെട്ടുതുടങ്ങി.
(ഏറെനാള്‍ ലൈബ്രറേനിയനായിരുന്ന ഷാജീവ് (T.S.Shajeev thekkumkara Soman)
പിന്നെ വായനയില്‍ സ്വാധീനിച്ചത് സ്മിത. കസിന് എന്നതിലുപരി എണ്റ്റെ ഏറ്റവുമടുത്ത സുഹൃത്ത്. മാധവിക്കുട്ടിയുടെ കടുത്ത ആരാധികയാണ് സ്മിത. എനിക്കും മാധവിക്കുട്ടിയെ വലിയ ഇഷ്ടമാണ്. (അവരുടെ മതം മാറ്റം ഞങ്ങള്‍ രണ്ട് പേരും ഉള്‍ക്കൊള്ളാനായതേയില്ല.) കലാകൌമുദിയില് വരുന്ന ലേഖനങ്ങളും കഥകളും ഞങ്ങള്‍ ചര്‍ച്ചചെയ്തു. എല്ലാം പോസിറ്റീവായി മാത്രം കാണുന്നയാള്‍. ഇപ്പോഴും എന്നെ അതിശയിപ്പിക്കുന്ന പുസ്തകങ്ങള്‍ കിട്ടിയാല്‍ ഞാനാദ്യം ഞാനാദ്യം പങ്കുവയ്ക്കുന്നത് സ്മിതയുമായാണ്.
സി കേശവന് ഗ്രന്ഥശാലയോടനുബന്ധിച്ചായിരുന്നു ശാസ്ത്ര സാഹിത്യപരിഷത്ത് വളവുപച്ചയില്‍ വളര്‍ന്നത്. മുത്തുസ്വാമി സാറിണ്റ്റെ നേതൃത്വത്തില്‍ ജെ എം ഷിഹാബുദ്ദീന് എന്ന കിങ്ങായിയുടെ സഹായത്തോടെ ശാസ്ത്രസാഹിത്യ പരിഷത്ത് വളവുപച്ചയില്‍ സജീവമായി. തികഞ്ഞ ജനകീയനും നല്ല സംഘാടകനുമായിരുന്നു കിങ്ങായി. ആരുമായും ചേര്‍ന്നുപോകും. പുകയില്ലാത്ത അടുപ്പും ശാസ്ത്രകാമ്പെയിനുകളും ശാസ്ത്രപുസ്തകങ്ങളുടെ വില്പനയുമായി (പരിഷത്തിണ്റ്റെ പുസ്തകങ്ങളിലാണ് ആദ്യമായി മികച്ച ലേഔട്ടും പ്രിന്റിംഗും കാണുന്നത്) സാധാരണക്കാരില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ ഒരു പരിധിവരെ അന്ന് പരിഷത്തിന് കഴിഞ്ഞിരുന്നു. ഇപ്പോളതൊക്കെ പിന്നോട്ടടിച്ച് കുബേര്‍കുഞ്ചിയും മുസ്ളി പവ്വറും വാസ്തുശാത്രവുമൊക്കെയായി നിറഞ്ഞുനില്‍ക്കുകയല്ലെ കേരളം. ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ കലാജാഥകാണാന്‍ മാതേരുകുന്നില്‍ നിന്നും ഉമ്മമാര് വരെ വന്നെത്തി. "നാദിറപറയുന്നു" എന്ന സംഗീതശില്പം കണ്ട് അവരില്‍ പലരുടേയും കണ്ണ് നനഞ്ഞു (എണ്‍പതുകളില്‍ വലിയൊരു മുന്നേറ്റത്തിന് കളമൊരുക്കിയ പരിഷത്ത് പിന്നീടെപ്പോഴോ വഴി മറന്നു പോയി)
ഷിഹാബ് ഗള്‍ഫിലേക്ക് പുറപ്പെടും മുമ്പ് പരിഷത്തിന്റെ യോഗത്തില്‍ നടത്തിയ യാത്രയയപ്പില്‍ ഷിഹാബിന്റെ അഭാവം ഒരു നഷ്ടമാണ് എന്നു മറ്റംഗങ്ങള്‍ പറഞ്ഞതിനെ എതിര്‍ത്ത് ആരുടേയും അഭാവം പരിഷത്തിന് നഷ്ടമാകില്ല എന്ന് ഞാന്‍ പറഞ്ഞു. പക്ഷേ ഷിഹാബിന്റെ അഭാവം പരിഷത്തിന് വലിയ നഷ്ടം തന്നെയായിരുന്നു വെന്ന് കാലം തെളിയിച്ചു.


പുതിയ കെട്ടിടത്തില്‍ വിശാലമായ സൌകര്യങ്ങളൊക്കെ കൂടി ഗ്രന്ഥശല ഇപ്പോള്‍ താലൂക്ക് റഫറന്‍സ് സെന്ററായി. അവിടെത്തന്നെയിരുന്ന് വായിക്കാന്‍ മതിയായ സൌകര്യം. എങ്കിലും ലൈബ്രറിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഈപ്പോഴും പഴയ മുറിതന്നെയാണ് മനസ്സില്‍. അതുവഴി കടന്നു പോകുമ്പോള്‍ അറിയാതെ തോന്നും, പുതിയ തലമുറയിലെ ലൈബ്രറേയിയന്‍ വൈകുന്നേരങ്ങളില്‍ കനത്ത താക്കോലുമായി വരുന്നതും നോക്കി വായിച്ച് തീര്‍ന്ന പുസ്തകവുമായി ആരെങ്കിലും കാത്തിരിക്കുന്നുണ്ടാവുമോ!
പിന് കുറിപ്പ്. വളവുപച്ച പടിഞ്ഞാറേമുക്ക് ഇപ്പോഴും നമ്മുടെ ഗ്രന്ഥശാലയ്ക്കെതിരെ പുറം തിരിഞ്ഞ് നില്‍ക്കുന്നതെന്താണാവോ?

തിരക്കിയറിഞ്ഞ് ഞാന്‍ അവിടെ അംഗമായി ചേര്‍ന്നു, നമ്മുടെ സി. കേശവന് ഗ്രന്ഥശാലയില്‍. പുസ്തകങ്ങള്‍ കുത്തിനിറച്ച അലമാരകള്‍ക്കിടയില്‍ കുട്ടിപ്പുസ്തകങ്ങള്‍ തപ്പുകയായിരുന്നു പ്രഥാന പരിപാടി. അക്കാലത്ത് ബാലസാഹിത്യം തീരെ കുറവ്. മുതിര്‍ന്ന അംഗങ്ങള്‍ കുട്ടിയായ എനിക്ക് വേണ്ടി പുസ്തകങ്ങള്‍ തെരഞ്ഞ് തന്നു.
ReplyDeleteഎന്റെ സാഹിത്യ വായനയുടെ തുടക്കം സൈബര്‍ ചേട്ടന്റെ സ്വകാര്യ പുസ്തകശേഖരത്തില്‍ നിന്നും പിന്നെ സീ കേശവന് വായനശാലയും ചിതറ സ്കൂള്‍ വായനശലയും ആണെന്ന് ഓര്‍ക്കുന്നു.
ReplyDeleteകിഴക്കേമുക്കിനെ ഇന്നും വളവുപച്ചയുടെ ഭാഗമായി കാണാന്‍ മടിക്കുന്ന വളവുപച്ചകാര്ക്ക് ഇങനെയൊരു ഗ്രന്ഥശാലയെക്കുറിച്ചും അതിണ്റ്റെ പ്രധാന്യത്തെക്കുറിച്ചുമുള്ള അഞ്ജതയില്‍ അത്ഭുതപ്പെടാനില്ല!ഏഴാം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ് സൈബര്‍ ഇക്ക പറഞ്ഞതുപോലെ മദ്രസയുടെ ഇണ്റ്റെര്വെല് സമയങ്ങളില്‍ മന്ദിരത്തില്‍ നടക്കുന്ന പരിപാടികള്‍ കാണാന്‍ പോകുകയും ഗ്രന്ഥശാലയില്‍ അംഗമാകുന്നതും. മദ്രസയിലെമറ്റ്കുട്ടികള് കാണാതെ പുസ്തകങ്ങള്‍ ഒളിപ്പിച്ചുകൊണ്ട്പോകുന്നതും മറക്കാന്‍ ക്ഴിയില്ല,പുസ്തകങ്ങള്‍ വായന കഴിഞ്ഞത് തിരികെ എത്തിക്കുക എന്നത് സാഹസമായിരുന്നു,മന്ദിരത്തില്‍ കയറുന്ന കുട്ടികളെ മദ്രസയില്‍ കയറ്റില്ല എന്ന ധാരണയായിരുന്നു ഭയത്തിനുറവിടം,ഇന്നും ധാരണകള്‍ മാറാന്‍ സാധ്യതയില്ല! മാറ്റാന്‍ ആരും ശ്രമിക്കുന്നുമില്ല!!!
ReplyDeleteThis comment has been removed by the author.
ReplyDeleteethee vayanasalayilee 860 number kariyee ormmayundakooo ?
ReplyDelete