(ചിത്രം ഇവിടെ നിന്ന്)
തികഞ്ഞ മതവിശ്വാസിയായിരുന്നെങ്കിലും എന്റെ വാപ്പ സെക്യുലറായി ചിന്തിക്കുന്ന ആളായിരുന്നു. പരന്ന വായനയായിരിക്കാം അതിന് കാരണം. അത്രയൊന്നുമില്ലെങ്കിലും കമ്യൂണിസ്റ്റുകാരായ സഹോദരന്‍മാരുടെ സാന്നിധ്യം ഉമ്മയെക്കൊണ്ടും സങ്കുചിതമല്ലാതെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അതുകൊണ്ടുതന്നെ യാഥാസ്തിതിക മതരീതികളൊന്നും വീട്ടില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ ഓണവും വിഷുവുമൊക്കെ ഞങ്ങള്‍ കൊണ്ടാടി.
അത്തത്തിന് സഹോദരിമാര്‍ പൂക്കളമിടും. അവരുടെ കൂട്ടുകാരുടെ വീട്ടില്‍ ചെയ്യുന്ന രീതികണ്ട് മനസ്സിലാക്കി അതുപോലായിര്‍ന്നു പൂക്കളമിടുക. അത്തം പത്തിനും പൂക്കളമിടും. ഞങ്ങള്‍ കുട്ടികള്‍ പൂക്കള്‍ ശേഖരിക്കാന്‍ കുടും. വീട്ടിലുള്ള പൂക്കളാകും ശേഖരിക്കുക. എല്ലാം നാട്ടുപൂക്കള്‍. ലില്ലി, ഡാലിയ പോലുള്ള ചില ഫോറിന്‍ പൂക്കള്‍ അന്നത്തെ ഫാഷനാണ്. എങ്കിലും തെച്ചിയും ചെമ്പരത്തിയും മുക്കുറ്റിയും കോഴിവാലനുമൊക്കെയാണ് ഒരു വീട്ടിലെ പൂന്തോട്ടത്തില്‍ പ്രധാനം. ഹിന്ദു കുട്ടികള്‍ പൂതേടി വീട്ടിലെത്തും. പൂ പറിക്കുന്നതില്‍ ഉമ്മ തടസ്സം പറയാറില്ല. പക്ഷെ ചിലപ്പോള്‍ പൂ പറിക്കല്‍ ഒരു ആക്രമണം പോലെയാകും. തെച്ചിയുടെ മേല്‍ യുദ്ധത്തിലെന്നപോലെ കുട്ടികള്‍ ചാടിവീഴും. അപ്പോള്‍ ഉമ്മായുടെ സ്വഭാവം മാറും. പൂ പറിക്കാന്‍ വന്ന കുട്ടികള്‍ പറക്കും.
ഓണത്തിന് മുന്നോടിയായി ഊഞ്ഞാലിടും. ശങ്കരനോ ഗോപാലനോ ആയിരിക്കും ഊഞ്ഞാലിട്ടുതരിക. അതിനായി വാപ്പായുടെ കടയില്‍ നിന്നും പുതിയ കയര്‍ കൊണ്ടുവരും. ഊഞ്ഞാലിടുന്നതോടെ ഞങ്ങള്‍ക്ക് ഓണം അനുഭവപ്പെട്ട് തുടങ്ങും. എല്ലാവര്‍ക്കും പുതുവസ്ത്രമുണ്ടാകും. മദ്രസയില്‍ നിന്ന് മൂത്ത ഇത്താമാരുടെ (ഷമീന, ഷൈല) കൂട്ടുകാരികള്‍ വീട്ടില്‍ വന്ന് "കൊട്ട" കളിക്കും. പാവാടയും ബ്ളൌസും "ഏത്താപ്പുമാണ്" മുതിര്‍ന്ന പെണ്‍കുട്ടികളുടെ വേഷം. കൌമാരമെത്തുമ്പോള്‍ ഏത്താപ്പ് ഹാഫ്സാരിയാകും.
വീട്ടില്‍ ഓണത്തിന് സദ്യയാണുണ്ടാക്കുക. മുതിര്‍ന്നപ്പോള്‍ ചിലപ്പോഴൊക്കെ ഞങ്ങള്‍ ഉമ്മയുടെ ഉണ്ണിമുക്കിലുള്ള കുടുംബവീട്ടില്‍ ഓണം കൂടാനെത്തും. ഉമ്മയുടെ സഹോദരന്‍ “എ കെ” യുടെ വീട്ടില്‍. അവിടെ വിശദമായ ഓണസദ്യയുണ്ടാകും, നിലത്ത് ഇലയൊക്കെ വച്ച്. പക്ഷെ ഉമ്മുമ്മ (ഉമ്മയുടെ ഉമ്മ) തികഞ്ഞ യാഥാസ്തിതികയായിരുന്നു. ഉമ്മുമ്മ ഓണദിവസം എന്തെങ്കിലും മാംസഭക്ഷണം വയ്ക്കണമെന്ന് നിര്‍ബന്ധിക്കും. ഓണം ഇല്ലാതാക്കാനുള്ള ഉമ്മുമ്മയുടെ സൂത്രപ്പണിയായിരുന്നു അത്. കാരണം നമ്മള്‍ തെക്കര്‍ക്ക് ഓണത്തിന് മാംസഭക്ഷണം ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്. എന്നാല്‍ വടക്ക് ഓണത്തിന് ഇറച്ചി ഒഴിവാക്കാന്‍ പറ്റാത്തതാണെന്നറിയുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം. ആചാരങ്ങളൂടെയൊരു വൈചിത്ര്യമേ!
പൊതുവെ വളവുപച്ചയിലെ ഓണാഘോഷം മുളയില്‍ കയറ്റത്തിലൊതുങ്ങും. ഷിഹാബിന്റെ (കിംഗായി) കമന്ററിയാണ് മുളയികയറ്റത്തിന് കൊഴുപ്പേകുക. ഓണസദ്യയൊക്കെ കഴിഞ്ഞ് അല്‍പം "സേവിച്ച" പുരുഷന്‍മാരും വീട്ടിലെ പണിയൊക്കെ ഒതുക്കി സ്ത്രീകളൂം ആവേശത്തോടെ കാണികളാകും. പരിപാടിയുടെ ഗാംഭീര്യമല്ല, മറിച്ച് അതില്‍ നാട്ടുകാര്‍ പങ്കാളിയാകുക എന്നതാണ് ഓണപ്പരിപാടികളുടെ സന്തോഷം.
നാട് വിട്ടുനില്‍ക്കുന്നവര്‍ക്ക് വേറെവിടെ കൂടാന്‍ കഴിയും,
ഫെയിസ് ബുക്കിലല്ലാതെ.
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍!