Monday, July 18, 2011

പ്രവാസിയുടെ ആടുജീവിതം

ബെന്യാമിന്റെ "ആടുജീവിതം" എന്ന നോവല്‍ ഒറ്റയിരിപ്പിലാണ്‌ വായിച്ച്‌ തീര്‍ത്തത്‌. അത്‌ വായിക്കുമ്പോള്‍ സമാനമായ ഒരു കഥ ഞാനോര്‍ത്തു. വളവുപച്ചക്കാരനായ ബഷീര്‍ റാവുത്തറുടെ കഥ. ഒരു പ്രവാസിയുടെ ജീവിതാനുഭവങ്ങള്‍. "ആടുജീവിത"ത്തിനോളം തീവ്രമല്ലെങ്കിലും ഒരു ശരാശരി പ്രവാസിയുടെ ജീവിത ദുരിതങ്ങള്‍ അതില്‍ നിന്നും വായിച്ചെടുക്കാനാകും.

എന്റെ വളവുപച്ചയിലെ ഏറ്റവുമടുത്ത രണ്ട് സുഹൃത്തുക്കളായിരുന്നു ബഷീറും സുലൈമാന്‍(റാവുത്തര്‍)ഉം. ജീവിതത്തിന്റെ ദുരിതങ്ങള്‍ താണ്ടി കരക്കേറിയവര്‍. എല്ലാദിവസവും വൈകുന്നേരം ഞങ്ങളൊരുമിച്ച് മാതേരുകുന്ന്-പരുത്തിയില്‍കൂടി ഒഴുകുപാറവഴി മടത്തറപ്പോകും. അവിടെ സംസം ബേക്കറിയില്‍ നിന്നും മൂന്ന് ചൂയിംഗം വാങ്ങിതിന്ന് തിരികെ നടക്കും, തമാശയും പൊട്ടിച്ചിരിയുമായി. വഴിയില്‍ ചില പെണ്‍കുട്ടികളെ കാണാമല്ലൊ എന്നൊരു ഉ(ദുരു)ദ്ദേശവും ഇതിന്റെ പുറകിലുണ്ടായിരുന്നു. സുലൈമാന്‍ തികഞ്ഞ സമാധാനപ്രിയന്‍. ബഷീറാണെങ്കില്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍ മോന്തയ്ക്ക് അള്ളിപ്പിടിച്ച് കളയും! പക്ഷെ ആരെയും വേദനിപ്പിക്കാന്‍ ബഷീറിന് കഴിയില്ല. തന്റെ വിവാ‍ഹത്തില്‍പ്പോലും ബഷീര്‍ തികഞ്ഞ സ്വാത്വികനായി, മറ്റൊരാള്‍ക്കും കഴിയാത്ത തരത്തില്‍.

(ബഷീറും കിങ്ങായിയും(ഷിഹാബുദ്ദീന്‍) ഇഎം നസീറും ബൈജുവും ജോഷിബെനഡിക്റ്റും ഗോപുവും ബാബുരാജിനോടുമൊക്കെ ഞാന്‍ ജീവിതത്തില്‍ കടപ്പെട്ടിരിക്കുന്നു. എന്റെ ജീവിതത്തിലെ ഓരോ സന്നിഗ്ധ ഘട്ടങ്ങളില്‍ എനിക്ക്‌ താങ്ങായി നിന്ന എന്റെ സുഹൃത്തുക്കള്‍. അതില്‍ ബഷീറും ഷിഹാബും നസീറുമൊക്കെ സാമ്പത്തികമായിപ്പോലും എന്നെ തുണച്ചിട്ടുണ്ട്‌, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ! ബന്ധുക്കളേക്കാളും സുഹൃത്തുക്കളാകും നമുക്ക്‌ പ്രതിസന്ധികളില്‍ തണലാകുക എന്നാണ്‌ അനുഭവത്തില്‍ നിന്ന്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌.)

വളവുപച്ചയിലെ ജനങ്ങള്‍ ഭൂരിഭാഗവും മാതേരുകുന്നിലാണ്‌. അങ്ങിങ്ങ്‌ ചില പണക്കാരൊഴിച്ചാല്‍ പൊതുവെ പാവങ്ങളാണ്‌ മിക്കവരും. ദാരിദ്ര്യം എങ്ങും. ചെറുപ്പക്കാരുടെ ഒരേയൊരു പ്രതീക്ഷ പേര്‍ഷ്യയാണ്‌. ആലിബാബയുടെ നിധിനിറഞ്ഞ ഗുഹപോലെ പേര്‍ഷ്യ എല്ലാവരേയും മോഹിപ്പിച്ചുകൊണ്ടിരുന്നു. അയല്‍പക്കത്തെ ടേപ്പ്‌ റിക്കാര്‍ഡറില്‍ നിന്നുയരുന്ന വീയെംകുട്ടി വിളയില്‍ വത്സലമാരുടെ പാട്ടുകള്‍ക്ക്‌ ചെവിയോര്‍ക്കുമ്പോള്‍ അത്തരമൊരെണ്ണം സ്വന്തമാക്കുന്ന നാളിനെക്കുറിച്ച്‌ ചെറുപ്പക്കാര്‍ സ്വപ്നം കണ്ടു. ഗള്‍ഫുകാര്‍ ടേപ്പ്‌ റെക്കാര്‍ഡറും തൂക്കിപ്പിടിച്ച്‌ നടന്നു. കിഴക്കേമുക്കിലെ ഷംഹൂണ്‍ സായിപ്പ്‌ (ജപ്പാന്‍) പേര്‍ഷ്യയില്‍ നിന്ന്‌ കൊണ്ട്‌ വന്ന ടേപ്പ്‌ റെക്കോര്‍ഡര്‍ കല്‍പ്പനാ ടെക്സ്റ്റയിത്സില്‍ കൊണ്ട്‌ വച്ച്‌ പാടിച്ചപ്പോള്‍ അന്ന്‌ ഒരുത്സവത്തിനുള്ള ആള്‍ക്കൂട്ടമുണ്ടായി. വഴുതിപ്പോകുന്ന തരം പോളിസ്റ്റര്‍ ഷര്‍ട്ടും പോളിസ്റ്റര്‍ മുണ്ടുമുടുത്ത്‌ കയ്യില്‍ ട്രിപ്പിള്‍ ഫൈവ് സിഗററ്റും ചുവന്നുതുടുത്ത മുഖവും വെളുത്ത കാലുകളുമായി ഗള്‍ഫുകാര്‍ ഗ്രാമങ്ങളിലെ ഹീറോകളായി. പേര്‍ഷ്യക്കാര്‍ പോകുന്ന വഴിക്കെല്ലാം അതുവരെ അനുഭവിക്കാത്ത സുഗന്ധം കാറ്റില്‍ പടര്‍ന്നു. 'മാണിയറ്‌" കെട്ടിടങ്ങളുണ്ടാക്കി. (അതില്‍ കാര്‍പ്പോര്‍ച്ചുണ്ടാക്കി ആടിനെ കെട്ടിയിടാനും റബ്ബര്‍ഷീറ്റ്‌ ഉണക്കാനും ഉപയോഗിച്ചു). അവര്‍ നാട്ടുകാര്‍ക്ക്‌ വാരിക്കോരിക്കൊടുത്തു. ഗള്‍ഫിലെ ദുരിക്കടലില്‍നിന്ന്‌ ഒരിറ്റ്‌ സന്തോഷത്തിനായി അവന്‍ കാണിക്കുന്നതാണിതൊക്കെ എന്ന്‌ നാട്ടുകാര്‍ക്ക്‌ മനസ്സിലായതേയില്ല. ഒരാളിന്റെ ഗള്‍ഫിലെ ജോലിയെക്കുറിച്ച്‌ മറ്റൊരാള്‍ നാട്ടില്‍ പരാമര്‍ശിക്കാതെ നോക്കുമായിരുന്നു. അത്‌ ഒരലിഖിതനിയമം പോലെ എല്ലാവരും പാലിച്ചു. പേര്‍ഷ്യന്‍ സാധനങ്ങള്‍ വാങ്ങി കച്ചവടം ചെയ്യുന്നവര്‍ നാട്ടില്‍ സാധാരണയായി. വിദേശത്തുനിന്നും കൊണ്ട്‌ വരുന്ന എന്തിനും വലിയഡിമാന്റായിരുന്നു. ഇത്തരം കച്ചവടക്കാരെ സ്മഗ്ളര്‍ എന്നറിയപ്പെട്ടു. അതൊരു സ്റ്റൈലന്‍ ജോലിയായി അറിയപ്പെട്ടു.

"താത്താര മോന്‌ എന്തേര്‌ ജോലി" എന്ന ചോദ്യത്തിന്‌ "വോ, അവനിപ്പം സ്മഗ്ളറാ, അയ്യം ജോലികളുക്കൊന്നും ഞാന്‍ വിടൂല" എന്ന്‌ തള്ളമാര്‍ അഭിമാനപൂര്‍വ്വം പറഞ്ഞു.

കള്ളക്കടത്ത്‌ മോശം പണിയാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. അങ്ങനെയല്ലല്ലൊ smuggling.
ഇങ്ങനെ ഫോറിന്‍ തുണികള്‍ വിറ്റ്‌ പ്രദേശത്തെ ഏറ്റവും വലിയ വസ്ത്രവ്യാപാരിയായവര്‍ വരെയുണ്ട്‌ നാട്ടില്‍. അത്രയ്ക്കുണ്ടായിരുന്നു ഫോര്‍ന്റെ സ്വാധീനം.
കാരണവന്‍മാര്‍ വൈകുന്നേരത്തെ വെടിവട്ടങ്ങളില്‍ ഗള്‍ഫ്‌ വിശേഷങ്ങളായി സ്ഥിരം.
"അത്‌ നമ്മടെ ഷംസല്ലേ, എടേ നീ എപ്പഴ്‌ വന്നെടേ?"
"മാമാ ഞാനിന്നലെ വന്നു"
"നീയിപ്പ എവിടേണെടേ?"
"ഞാനങ്ങ്‌ റിയാദില്‌"
"റിയാദിലെവിടെയായിട്ട്‌ വരും?"
"അല്‍കോബാറെന്ന് പറയും"
"വോ, തന്നേ...നമ്മടെ മോന്‍ അവിടെയല്ലീ. അല്‍ക്കോബാരില്‌ ജംഷനിലാണോടേ, അവിടൊരു വലിയൊരു കടയുണ്ടല്ല്, എന്തേര്‌ അതിന്റെ പേര്‌.... ".....
ഇങ്ങനെ പോകും നാട്ടുവര്‍ത്തമാനം.

എഴുപതുകളില്‍ വിസയെ നാട്ടുകാര്‍ എന്‍ ഓ സി എന്നാണ്‌ വിളിച്ചിരുന്നത്‌. ആപേരില്‍ നാടകമൊക്കെ അക്കാലത്തുണ്ടായിരുന്നു. എന്നോസിക്കായി കാത്തിരിക്കുന്നവരുടെ നിര നീണ്ടു. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ പാര്‍ട്ടി ഓഫീസുകളിലും അഴിയടിച്ച ആര്‍ട്ട്‌ ക്ളബ്ബുകളിലും നെടുവീര്‍പ്പുകള്‍ മറന്ന് രാഷ്ട്രീയം പകലന്തിയോളം ചര്‍ച്ചചെയ്തു. ഗള്‍ഫില്‍ നിന്നു വരുന്ന ഓരോരുത്തരേയും പ്രതീക്ഷയോടെ നോക്കി. ഒരു വിസയ്ക്ക്‌ വേണ്ടി.... സില്‍ക്ക്‌ ജുബ്ബയിട്ട വിസക്കച്ചവടക്കാര്‍ പ്രൌഢിയോടെ നടന്നു. ചെറുപ്പക്കാര്‍ വിനീത വിധേയരായി അവര്‍ക്ക്‌ പിന്നാലെയും.

ഇതാണ് കഥയുടെ പശ്ചാത്തലം. എഴുപത്-എണ്‍പതുകളിലെ വളവുപച്ച.
ഇനി ബഷീര്‍ പറയട്ടെ...


“...പഴക്കമുള്ള ചെറിയൊരു വീടായിരുന്നു എന്റെത്‌.
അന്ന്‌ മാതേരുകുന്നില്‍ കറന്റ് എത്തിയിട്ടില്ല.
വീട്ടിലും കറന്റില്ല. മണ്ണെണ്ണ വെളിച്ചത്തില്‍ പഠിക്കാനിരിക്കുമ്പോഴും അക്ഷരാര്‍ത്ഥത്തില്‍ ഊണിലും ഉറക്കത്തിലും എന്റെ മനസ്സില്‍ പേര്‍ഷ്യമാത്രമായിരുന്നു. രാവിലെ വീട്ടില്‍ നിന്ന്‌ കപ്പയും കഞ്ഞിയും കുടിക്കുമ്പോള്‍ പേര്‍ഷ്യക്കാരന്‍ ബന്ധുപറഞ്ഞ കുബൂസും ആട്ടിറച്ചിയും ഒട്ടക ബിരിയാണിയും വയറുനിറയെ കഴിക്കുന്നത്‌ സ്വപ്നം കണ്ടു.
ഗള്‍ഫില്‍ എത്തിപ്പെട്ടാല്‍ കൈനിറയെ വാരിക്കൂട്ടുന്നത്‌ സ്വപ്നം കണ്ടവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു.
ഞാനും നാട്ടിലെ ഒരു വിസക്കാരനെ സമീപിച്ചു.
"ഹയറായിരിക്കട്ട്‌. അനിയാ നല്ലകാര്യം. നിനക്ക്‌ പറ്റിയ ഒരെണ്ണം വന്നിട്ടൊണ്ട്‌. കാശൊണ്ടെങ്കി നമിക്കിപ്പോതന്നെ ശരിയാക്കാം."
കാശിന്റെ കാര്യം ഉപ്പുപ്പ ഏറ്റു. അദ്ദേഹത്തിന്റെ കുറച്ച്‌ വസ്തുവിറ്റ്‌ കാശ്‌ തന്നു. സ്വപ്നങ്ങള്‍ക്ക്‌ ചിറക്‌ വച്ചു. ഞാനും ഗള്‍ഫ്കാരനാകാന്‍ പോകുന്നു.

ബോംബയിലേയ്ക്ക്‌ പുറപ്പെടുന്നതിന്റെ തലേന്ന് രാത്രിനടത്തിയ നേര്‍ച്ചക്കിടയിലും ഞാന്‍ സ്വപ്നം കാണുകയായിരുന്നു. പെട്രോമാക്സിന്റെ വെളിച്ചത്തില്‍ മുസ്ളിയാക്കന്‍മാര്‍ മുഴക്കത്തോടെ റാത്തീബ്‌ ചൊല്ലുമ്പോള്‍ ഞാന്‍ ചന്ദ്രലേഖ സിനിമയില്‍ ശ്രീനിവാസന്‍ കാണുന്ന സ്വപ്നം പോലെ ഒരു മൂലയിലിരുന്ന് അറേബ്യയിലൂടെ ഊളിയിടുകയായിരുന്നു.

വലിയൊരു യാത്രയയപ്പായിരുന്നു അത്‌. ബോംബയ്ക്ക്‌ ഞാന്‍ തിരിച്ചു, ട്രെയിനില്‍. ദുരിതങ്ങളിലേയ്ക്കാണ്‌ ചെന്നിറങ്ങുന്നതെന്ന് അപ്പോഴും ഓര്‍ത്തില്ല. പേപ്പറൊക്കെ കൊണ്ട്‌ ഉണ്ടാക്കിയതുപ്പോലുള്ള ചോപ്പാട്ടി എന്ന് നാട്ടുകാര്‍ പറയുന്ന ഒരു കുടിലിലേയ്ക്ക്‌ ഞങ്ങള്‍ കുറച്ചുപേരെ കൊണ്ട്‌ തള്ളി. വിശപ്പും ദാഹവും എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കിലും പ്രതീക്ഷകള്‍ തകര്‍ന്നടിഞ്ഞതാണ്‌ എന്നെ തളര്‍ത്തിയത്‌. മറ്റുള്ളവരുടെ കാര്യവും അങ്ങയായിരിക്കുമെന്ന് മനസ്സിലായി. എങ്കിലും നേരിയ പ്രതീക്ഷ...

ഏറെനേരം കഴിഞ്ഞ്‌ ഞങ്ങളെ കുടിലിലേയ്ക്ക്‌ കൊണ്ട്‌ വന്നവരിലൊരാള്‍ ഒരു കെട്ട്‌ സാധനവുമായി വന്ന് എല്ലാവര്‍ക്കും ഓരോന്ന് കൊടുത്തു. നല്ല കട്ടിയുള്ള പരന്ന ആ സാധനം ഇട്ടിരിക്കാനുള്ളതാണെന്നായിരുന്നു ഞങ്ങള്‍ കരുതിയത്‌. അത്‌ കഴിക്കാനുള്ള റൊട്ടിയാണെന്ന് പിന്നെ മനസ്സിലായി.

ജയിലേത്‌ പോലുള്ള ആറ്‌ മാസം. അതും പണം കൊടുത്ത്‌ വാങ്ങിയ ശിക്ഷ!വിസ ശരിയാകാന്‍ ഇനിയും നാളുകളെടുക്കും. നാട്ടില്‍ പോയിവരാന്‍ എല്ലാവരോടും പറഞ്ഞു. ചിലരൊക്കെ നേരത്തെ നാട്ടില്‍ പോയിക്കഴിഞ്ഞിരുന്നു. ഒന്നുമാകാതെ തിരികെ നാട്ടിലേയ്ക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. വീണ്ടും നാട്ടുകാരെ അഭിമുഖീകരിക്കാനെനിക്ക്‌ വയ്യ!പക്ഷെ, കയ്യിലാണെങ്കില്‍ പണം അവസാനത്തെ ചില ചില്ലറ നോട്ടുകളിലേയ്ക്കെത്തിക്കൊണ്ടിരുന്നു. ബോംബയില്‍ കക്കൂസില്‍ പോകണമെങ്കിലും കാശ്‌ വേണം!

ഗതികെട്ട്‌ ഞാന്‍ നാട്ടിലേയ്ക്ക്‌ തിരിച്ചു. വരുന്ന കാര്യം വീട്ടിലറിയിച്ചു. കൊല്ലത്ത്‌ ട്രെയിനിറങ്ങി. ബസില്‍ കയറി കടയ്ക്കലെത്തി. വളവുപച്ചയ്ക്ക്‌ പോകാന്‍ ചമ്മല്‍. അവസാന ബസിന്‌ പോകാമെന്ന് തീരുമാനിച്ച്‌ കടയ്ക്കലെ മുറുക്കാന്‍ കടകളുടെ പിന്നില്‍ മറഞ്ഞു നിന്നു. ആകെ പത്ത്‌ രൂപ മാത്രം കയ്യില്‍. വിശന്നപ്പോള്‍ ഒരു കപ്പലണ്ടി മുട്ടായി വാങ്ങിതിന്ന് പച്ചവെള്ളവും കുടിച്ചു.
എട്ട്‌ മണിക്കുള്ള ഗോപാലകൃഷ്ണന്‍ ബസില്‍ കയറി വളവുപച്ചയിലിറങ്ങി. വളവുപച്ച നിറയെ ജനക്കൂട്ടം. അവര്‍ എന്നെ പൊതിഞ്ഞു. ബോംബയില്‍ നിന്ന് തിരിച്ച എന്നെ കാണാനിലാത്തതിനാല്‍ വീട്ടിലാകെ പരിഭ്രാന്തിയും കരച്ചിലും. നാട്ടുകാരും അന്വേഷിക്കുകയാണ്‌. മാന്യമായി നേരത്തെ വന്നിരുന്നെങ്കില്‍ ജംഗ്‌ഷനിലുള്ള കുറച്ചുപേരെ മാത്രം എനിക്കഭിമുഖീകരിച്ചാല്‍ മതിയായിരുന്നു. ഇതിപ്പോ...

വീട്ടിനുവെളിയിലിറങ്ങാതെ പൊതുവെ ഞാന്‍ കഴിച്ചുകൂട്ടി.
അവസാനം ടെലഗ്രാം വന്നു. വിസ റെഡി.

1986 ഫെബ്രുവരിയില്‍ ഞാന്‍ ഗള്‍ഫിലിറങ്ങി. വിമാനത്താവളത്തില്‍ നിന്ന് എന്നെയും ഒരുകൂട്ടം മറ്റ്‌ രാജ്യക്കാരേയും ഒരു പിക്കപ്പ്‌വാനില്‍ കയറ്റി മരുഭൂമിയിലൂടെ അറബി കൊണ്ട്‌ പോയി. നഗരത്തിന്റെ ആര്‍ഭാടങ്ങള്‍ വിട്ട്‌ വണ്ടി ഓടിക്കൊണ്ടിരുന്നു. മരുഭൂമിയിലൂടെ അഞ്ഞൂറ്‍ കിലോമീറ്ററെങ്കിലു സഞ്ചരിച്ചിട്ടുണ്ടാകുമെന്നാണ്‌ എനിക്കന്ന് തോന്നിയത്‌. തീക്ഷ്ണമായ മരുഭൂമി. അവസാനിക്കാത്ത യാത്രപോലെ തോന്നി. കടലുപോലെ അനന്തമായ മരുഭൂമിയിലെ തുരുത്ത്‌ പോലെ തോന്നിച്ച ഒരിടത്ത്‌ ഞങ്ങളുടെ യാത്രയവസാനിച്ചു.

കുറച്ച്‌ കൂടാരങ്ങളും നിറയെ ആടുകളുമായിരുന്നു അവിടെ. ആടിനെ മേയ്ക്കാനുള്ള വിസ എന്നൊക്കെ നാട്ടില്‍ പറഞ്ഞിരുന്നത്‌ തമാശയല്ലെന്ന് ഞാനൊരു നടുക്കത്തോടെ മനസ്സിലാക്കി. അതെ ഗള്‍ഫില്‍ ആട്ടിനെ മേയ്ക്കാനുള്ള വിസയാണ്‌ എന്റെ നാട്ടുകാരന്‍ എനിക്ക്‌ തന്നത്‌. ഒരു പക്ഷെ അയാളിതൊന്നും അറിഞ്ഞിട്ടുണ്ടാകില്ലായിരിക്കാം.

ഇനിയൊരു തിരിച്ചുപോക്ക്‌ എന്റെ സ്വപ്നത്തില്‍ പോലുമുണ്ടായിരുന്നില്ല. എന്തു ചെയ്തായാലും ഇവിടെ പിടിച്ചു നില്‍ക്കാന്‍ ഞാനുറച്ചു. എണ്റ്റെ കൂടെയുള്ളവരില്‍ മലയാളികള്‍ ആരുമുണ്ടായിരുന്നില്ല. പാകിസ്ഥാനികളും ഇന്ത്യയിലെ മറ്റ്‌ ഭാഗത്ത്‌ നിന്നെത്തിയവരും. ബോംബയിലെ വാസത്തിനിടയില്‍ കിട്ടിയ കുറച്ച്‌ മറാത്തിയും ഹിന്ദിയും വച്ച്‌ ഞാനവരെ കൈകാര്യം ചെയ്തു. ഉര്‍ദുവില്‍ അവരെന്നെ കൈകാര്യം ചെയ്തു. അങ്ങനെ ഹിന്ദിയും ഉര്‍ദുവും എനിക്ക്‌ അടിയറവ്‌ പറഞ്ഞു.

ആടുകള്‍ക്കൊക്കെ ഇത്രയും വലിപ്പം വയ്ക്കാനാകുമെന്ന് അവിടെ വച്ചാണ്‌ ഞാനറിയുന്നത്‌. നമ്മുടെ നാട്ടിലെ ആടുകളും ആള്‍ക്കാരുമൊക്കെ എത്ര ചെറിയവര്‍! ആടുകളെ അനുസരണപഠിപ്പിക്കാന്‍ നോക്കിയെങ്കിലും അവയൊന്നും എന്റെ വരുതിയില്‍ നിന്നേയില്ല. അറബി എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അതൊക്കെ തെറിയായിരുന്നെന്ന് ഇപ്പോഴെനിക്കറിയാം. അന്നെന്നെ അതൊന്നും ഏശിയതേയില്ല. കാരണം എനിക്ക്‌ അറബി അറിയില്ലല്ലൊ! അറബി എന്നെ ബെല്‍റ്റും തലേക്കെട്ടുമൊക്കെ ഊരി അടിക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ സങ്കടത്തിനൊന്നും അവിടെ വിലയുണ്ടായിരുന്നില്ല. ആടിനെ അനുസരിപ്പിക്കുന്നതിനേക്കാള്‍ എളുപ്പം നമ്മള്‍ ആടിനെ അനുസരിക്കുന്നതാണെന്ന് ഞാന്‍ പഠിച്ചു.

മരുക്കാട്ടിലേയ്ക്ക്‌ (മരുഭൂമിയെ കാട്‌ എന്ന അര്‍ത്ഥത്തിലാണ്‌ അറബികള്‍ പ്രയോഗിക്കുക) അട്ടിന്‍ക്കൂട്ടത്തേയും കോണ്ട്‌ രാവിലെ പുറപ്പെടും. ഒരു ചുള്ളിക്കമ്പിന്റെ നിഴല്‍ പോലും കിട്ടില്ല. പൊള്ളുന്ന ചൂട് എന്നൊക്കെ ആലങ്കാരികമായി കേട്ടിട്ടുണ്ടെങ്കിലും മരുഭൂമിയിലെ ചൂട് പൊള്ളിക്കുകതന്നെ ചെയ്യുമെന്ന് മനസ്സിലായി. തണലിന്റെ വില നമ്മള്‍ തിരിച്ചറിയുന്നതപ്പോഴാണ്‌. കേരളീയനോട്‌ തണലില്ലാത്ത അവസ്ഥ വിവരിക്കാനാവില്ല, മരുഭൂമിയിലെ ചൂടിനെക്കുറിച്ചും.

നാടൊക്കെ എന്റെ ഓര്‍മ്മയിലെങ്ങോ വിദൂര കോണിലേയ്ക്കൊതുങ്ങി. വല്ലപ്പോഴും വരുന്ന ടാങ്കര്‍ ലോറികളില്‍ നിന്ന് സംഭരിക്കുന്ന വെള്ളമാണ്‌ ദാഹം തീര്‍ക്കാനും ദേഹ ശുദ്ധിക്കും ഉപയോഗിക്കുന്നത്‌. നാട്ടിലെ പോലെ കുളി സ്വപ്നത്തില്‍ മാത്രം. ഒളു എടുക്കുന്നതുപോലെയാണ്‌ അവിടത്തെ ശുചിയാക്കല്‍. കുപ്പിയുയര്‍ത്തി മടമടാന്ന് വെള്ളകുടിക്കാനൊന്നുമാകില്ല. വെള്ളം റേഷനാണ്‌. മരുഭൂമിയിലെ ഏറ്റവും വിലപിടിച്ച വസ്തു വെള്ളമാണ്‌! അതില്‍ തന്നെ ആദ്യ പരിഗണന ആടിനാണ്‌. അതില്‍പ്പിന്നയേ നമുക്ക്‌ കിട്ടൂ.

ആദ്യം കുറേക്കാലം പഴയൊരു മണ്‍വീട്ടിലായിരുന്നു എനിക്കിടം തന്നത്‌. രാവിലെ കുബൂസും ദാലും കിട്ടും. പിന്നെ ആടിനെ മേച്ച്‌ വരുമ്പോള്‍ വൈകുന്നേരമാണ്‌ കഴിക്കാനെന്തെങ്കിലും കിട്ടുക. ഒരു കടലോളം കുടിക്കാനുള്ള ദാഹമുണ്ടാകും എപ്പോഴും. പക്ഷെ വെള്ളം മരീചികയാണ്. നാട്ടിലെ കുളവും തോടും തണുത്ത മരച്ചോലകളും പണ്ടെങ്ങോ ഞാന്‍ കണ്ട പകല്‍ക്കിനാവാണെന്ന് തോന്നി.


മരുഭൂമിയിലെ ജീവിതം ഞാന്‍ പരിചയിച്ചു തുടങ്ങി. ഒരിക്കല്‍ ഒട്ടകങ്ങള്‍ക്കുള്ള തീറ്റയുമായി പിക്കപ്‌ വാനില്‍ അറബി എന്നെ അയാളുടെ ഗ്രാമത്തിലേയ്ക്കയച്ചു. മരുഭൂമിയിലൂടെയുള്ള യാത്രയില്‍ വഴിതെറ്റി ഞാനലഞ്ഞു. ഞങ്ങള്‍ താമസിക്കുന്നതിന്റെ ചുറ്റുവട്ടത്തൊക്കെ വണ്ടിയുമായി കറങ്ങിയിട്ടുണ്ടെന്നല്ലാതെ മരുഭൂമിയില്‍ ഡ്രൈവിംഗ്‌ എക്സ്‌പെര്‍ട്ടൊന്നുമല്ലായിരുന്നു ഞാന്‍. വണ്ടിയിലെ വെള്ളവും തീര്‍ന്നു. എണ്റ്റെ പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങി.
ആരുമറിയാതെ ഈ മണല്‍ക്കാട്ടില്‍ ഞാനൊടൊങ്ങുമല്ലോയെന്നോര്‍ത്തു.
അങ്ങ് ദൂരെ വളവുപച്ച...
പതിയെ നാടിന്റെ ഓര്‍മ്മകള്‍...
അത്തായും അമ്മച്ചിയും...
സഹോദരി...
ജ്യേഷ്ടന്‍...
ഓരോരുത്തരായി മനസ്സില്‍ മിന്നിമറഞ്ഞു.
പെട്ടെന്ന് ദൂരെയോരു കറുത്ത പൊട്ട്‌ തെളിഞ്ഞു. ഞാനങ്ങോട്ട്‌ വണ്ടി വിട്ടു. ഞങ്ങള്‍ താമസിക്കുന്നതുപോളുള്ളയൊരിടം. മറ്റൊരു ആട്ടിന്‍ കൂട്‌. വണ്ടി നിര്‍ത്തി ഞാന്‍ കൂടാരത്തിനടുത്തേക്ക്‌ നടന്നു. പെട്ടൊന്നൊരു കൂറ്റന്‍ പട്ടി എണ്റ്റെ നേരെ കുരച്ച ചാടി. ഞാന്‍ പാഞ്ഞ്‌ വണ്ടിയില്‍ കയറി ഡോറടച്ചു. പട്ടി വണ്ടിക്ക്‌ ചുറ്റും കുരച്ചുകൊണ്ട്‌ ഓടി നടന്നു. അതിന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ എന്നെ കടിച്ച്‌ കീറിയേനെ.

പട്ടിയുടെ നിര്‍ത്താത്ത കുര കേട്ട്‌ കൂടാരത്തില്‍ നിന്നൊരാള്‍ ഇറങ്ങിവന്നു. കറുത്ത ഒരാജാനബാഹു. പഴയ സിനിമകളിലൊക്കെ കാണുന്നതുപോലുള്ള ഒരു ഭീകര വില്ലന്‍ രൂപം. നാട്ടിലിത്തിരി പൊക്കമുള്ള ഞാന്‍ അയാളുടെ മുന്നില്‍ നിസ്സാരനായിതോന്നി. മുഖത്ത്‌ കത്തികൊണ്ടെന്നപോലെ വരഞ്ഞ പാടുകള്‍. സുഡാനികളുടെ ഗോത്ര ശീലങ്ങള്ളാണതെന്ന് പിന്നീട്‌ ഞാനറിഞ്ഞു. വണ്ടി സ്റ്റാര്‍ട്ടാക്കി പുറപ്പെടാന്‍ തയ്യാറായി ഞാനിരുന്നു.

സുഡാനി അടുത്ത്‌ വന്ന് കാര്യം തിരക്കി. അറിയാവുന്ന അറബിയില്‍ ഞാന്‍ വിശദീകരിച്ചു. എണ്‍പത്‌ കിലോമീറ്ററോളം ഞാന്‍ വഴിമാറി വന്നിരിക്കുകയാണെന്നയാള്‍ പറഞ്ഞു. പോകേണ്ട ദിക്ക്‌ അയാള്‍ ചൂണ്ടിക്കാട്ടി. ഞാനയളോട്‌ കുടിക്കാനല്‍പം വെള്ളം ചോദിച്ചു. അയാളെന്നെ കൂടരത്തിലേയ്ക്ക്‌ ക്ഷണിച്ചു.

അവിടെ അയാള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്‌. വെള്ളം കുടിച്ച്‌ ഒന്നാശ്വാസമായപ്പോള്‍ ഞാനയളുമായി സംസാരിച്ചു. സുഡനിലെ ഏതോ ദരിദ്രകുടുമ്പത്തിലെ പ്രതീക്ഷയാണയാള്‍.
അഹമ്മദ്‌ അലി.
അയാളിവിടെ ഒറ്റക്കാണ്‌. അറബി വല്ലപ്പോഴും വരും. ശംബളമൊന്നും കൊടുക്കാറില്ല. ആഹാരമെന്നുപറയുന്നത്‌ അറബികൊടുക്കുന്ന ഗോതമ്പും സവാളയും അല്‍പം എണ്ണയും മാത്രം. അലിയുടെ ആഹാരത്തില്‍ ഒരു പങ്ക്‌ എനിക്കും തന്നു. ഗോതമ്പ്‌ കുറുക്കിയ എന്തോ ഒന്ന്. നാട്ടിലെ പശുവിന്‌ പുളിങ്കുരു കലക്കിക്കൊടുക്കുന്നതാണ്‌ എനിക്കപ്പ്പ്പോള്‍ ഓര്‍മ്മ വന്നത്‌. വിശന്നു വലഞ്ഞിരിക്കുകയായിരുന്ന എനിക്കത്‌ പക്ഷെ അമൃതായിരുന്നു.

പുറമെനിന്നൊരാളെ കണ്ടിട്ട്‌ വര്‍ഷങ്ങളായെന്നയാള്‍ പറഞ്ഞു. എത്രനാളായി അവിടെ എത്തിയിട്ടെന്നുപോലും അയാള്‍ മറന്നിരിക്കുന്നു. കുടുംബം അലിക്കിപ്പോള്‍ ഓര്‍മ്മയ്ക്കും അപ്പുറത്താണ്. അലിക്ക്‌ എന്നെക്കണ്ടതിലുള്ള സന്തോഷം അയാളിടെ ഓരോ ചലനങ്ങളിലും പ്രകടമായിരുന്നു. അലിയെ വല്ലാതെ മുഷിഞ്ഞ്‌ നാറുന്നുണ്ടായിരുന്നു. എങ്കിലും ഞാനയാളെ ഇഷ്ടപ്പെട്ടു. ലോകത്തേതോ കോണില്‍ക്കിടക്കുന്നയൊരാള്‍ നമുക്ക്‌ ജീവജലവും ആഹാരവും നല്‍കുന്നു.

അയാളുടെ ജീവിതവും എന്റെ ജീവിതവും ഞാന്‍ കൂട്ടിവായിച്ചു.
എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ലോകത്തിന്റെ മറ്റൊരു കോണില്‍ ഞങ്ങളുടെ കുടുംബങ്ങള്‍ ഞങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുണ്ടായിരിക്കും.
നിസ്ക്കാരപ്പായിലിരുന്ന് എനിക്ക്‌ വേണ്ടി ദുആ ഇരക്കുന്ന എന്റെ പാവം അമ്മച്ചി...
എന്റെ എല്ല കാര്യങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന എന്റെ "നന്ന"...
“റബ്ബുല്‍ ആലമീനായ തമ്പുരാനേ, അവരെ നീ കാത്തോളണേ...”

അലിയോട്‌ യാത്രപറഞ്ഞ്‌ മരുഭൂമിയിലേക്ക്‌ വണ്ടിയോടിക്കുമ്പോള്‍ റിയര്‍വ്യൂ മിററിലൂടെ അലി അകന്നുപോകുന്നത്‌ ഞാന്‍ കണ്ടു. ലോകത്ത്‌ ഒറ്റപ്പെട്ട്‌ പോയവന്റെ വ്യഥയോടെ...
കണ്ണുനീര്‍ കൊണ്ട്‌ അടഞ്ഞ കണ്ണുകളുമായി ഞാന്‍ വണ്ടിയോടിച്ചു.
“അലീ നിനക്ക്‌ വേണ്ടി ഞാന്‍ പടച്ചോനോട്‌ പ്രാര്‍ത്ഥിക്കാം. ...”

. . . . . . . . . . . . . . . . . . . . . . . . . . . .

നാളുകള്‍ കടന്നു പോയി. "ആടുജീവിതം" എന്റെയും ജീവിതമായി. ക്രമേണ അറബിക്കെന്നെ മതിപ്പായിതുടങ്ങി. കുറച്ചുനാളുകള്‍ കഴിഞ്ഞ്‌ അറബിയുടെ ഒരു സ്ഥാപനത്തിലേയ്ക്ക്‌ എന്നെ മാറ്റി. എന്റെ ജീവിതവും തളിര്‍ത്ത്‌ തുടങ്ങി. ഞാനും ചിരിക്കാന്‍ തുടങ്ങി. മരുഭൂമിയിലൂടെ വണ്ടിയോടിച്ചതിന്റെ സാഹസിക കഥകള്‍ ചിലര്‍ വീരസ്യത്തോടെ അവതരിപ്പിക്കുമ്പോള്‍ ഞാനോര്‍ക്കും, മരുഭൂമിയുടെ ഊഷരതയെക്കുറിച്ച്‌ ഇവരെന്തറിയുന്നു...

(Desert images courtesy goes to http://paazy4scrrc.blogspot.com/)