
(ഫോട്ടോ- അഫ്‌സല്‍ ഖാന്‍ വളവുപച്ച)
ഒന്നാം ക്ളാസില്‍ ചേര്‍ക്കപ്പെടുന്ന മിക്ക ആണ്‍കുട്ടികളേയും പോലെ എനിക്കും സ്കൂളില്‍ പോകന്‍ മടിയായിരുന്നു. സ്കൂളില്‍ പോകാനായി ഇറങ്ങിയ ഞാന്‍ അയല്‍പക്കത്തുള്ള ഒരൊഴിഞ്ഞ വീടിന്റെ മുന്നില്‍ കുത്തിയിരുന്നു. വീട്ടില്‍ നിന്ന് സൂക്ഷിച്ച് നോക്കിയാല്‍ എന്നെ കാണാം. ഉമ്മ വീട്ടില്‍ സഹായത്തിന് നില്‍ക്കുന്ന സ്ത്രീയെ പറഞ്ഞു വിട്ടു- എന്നോട് മര്യാദയ്ക്ക് സ്കൂളില്‍ പോകാന്‍ പറയനായി. ഞാന്‍ കേട്ട ഭാവം നടിച്ചില്ല. അവര്‍ വാപ്പായോട് പറയുമെന്ന് ഭീഷണിമുഴക്കി പോയി. വാപ്പ കടയിലാണ്. എന്നെ സ്കൂളിലയയ്ക്കാനായി ഒന്നിറങ്ങാന്‍ കഴിയാത്ത തിരക്കാണ് കടയില്‍. അതിന്റെ ധൈര്യത്തില്‍ ഞാനിരുന്നു. പക്ഷെ മറ്റൊരാള്‍ ഒരു വടിയുമായെത്തി, വാപ്പയുടെ സഹായി സുരേന്ദ്രനണ്ണന്‍!
കരഞ്ഞും വിളിച്ചും ഞാന്‍ സ്കൂളിലേക്ക് നടന്നു.
അല്‍മനാര്‍ സ്കൂളിലേക്ക്!
ക്ളാസ് നേരത്തേ തുടങ്ങിക്കഴിഞ്ഞു. സുരേന്ദ്രനണ്ണന്‍ എന്നെ ക്ളാസിലാക്കിയിട്ട് പോയി. ഞാന്‍ കലങ്ങിയ കണ്ണും തിരുമ്മി നിന്നു. ക്ളാസ് ടീച്ചറെന്നെ അടുത്തേക്ക് വിളിച്ചു. ആകാശ നീലിമയാര്‍ന്ന സാരിയുടുത്ത അല്‍പം ഇരുണ്ട നിറമുള്ള ടീച്ചര്‍. അവരെന്നെ അടുത്ത് പിടിച്ച് എന്തൊക്കെയോ ചോദിച്ചു. ഞാന്‍ നിന്ന് തേങ്ങി. ടീച്ചറെന്നെ ചേര്‍ത്ത്‌പിടിച്ചു നെറുകയില്‍ ഉമ്മ വച്ചു. ഞാനാദ്യമായ് വാത്സല്യത്തിന്റെ ഊഷ്മളതയറിഞ്ഞൂ. ഞാന്‍ ടീച്ചറെ പറ്റിച്ചേര്‍ന്ന് നിന്നു. എനിക്കവര്‍ - രാധ ടീച്ചര്‍ - അമ്മയായി. ടീച്ചറിന്റെ സൌമ്യതയും ചിരിയുമൊക്കെ എന്റെ കുരുന്നു മനസ്സ് ആരാധനയോടെ നോക്കിക്കണ്ടു. കുരുന്നു മനസ്സുകളില്‍ റോള്‍ മോഡലുകള്‍ രൂപം കൊള്ളുന്നത് ഏതൊക്കെ വിധത്തിലാണ്!
1971 ലാണ് ഞാന്‍ ഒന്നാം ക്ളാസില്‍ ചേരുന്നത്. അപ്പോഴേക്കും അല്‍മനാറ്‍ സ്കൂളിന്റെ പ്രതാപമൊക്കെ കുറഞ്ഞ് തുടങ്ങിയിരുന്നു. രാത്രിയോളം നീളുന്ന യുവജനോത്സവമൊക്കെയുണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്. ഞങ്ങള്‍ ചെല്ലുമ്പോള്‍ അതൊക്കെ നിലച്ചു. കുട്ടികളെക്കൊണ്ട് ഓടിക്കുകയും ചാടിക്കുകയും ചെയ്യുന്ന സ്പോട്ട്‌സ് എന്നുവിളിക്കുന്ന പരിപാടി മാത്രമായി.

ചക്രായുധന്‍ സാറായിരുന്നു "വലിയ സാര്‍". എന്നു വച്ചാല്‍ ഹെഡ്‌മാസ്റ്റര്‍. പൊക്കം കുറഞ്ഞ് അല്‍പം മെലിഞ്ഞ കൊമ്പന്‍ മീശ വച്ചയാള്‍. കക്ഷത്തൊരു ബാഗും വച്ച് ഞെളിഞ്ഞാണ് സാറിന്റെ വരവ്. കണ്ടാല്‍ ഒരു ടിപ്പിക്കല്‍ പോലീസ് ഹേഡങ്ങുന്നിന്റെ ഛായ. സാറിനെ എല്ലാവര്‍ക്കും പേടിയായിരുന്നു.
എങ്കിലും സ്കൂളിനെ എല്ലാവരും ഇഷ്ടപ്പെട്ടു. കാരണം ഉച്ചക്ക് എല്ലാവര്‍ക്കും ഉപ്പുമാവ് കിട്ടും. കാര്യം അതാണ്. ഞങ്ങളതിനെ "പൊടി" എന്നാണ് പറയുക. മികച്ചയിനം ഗോതമ്പ്, ചോറ് പോലെ പാചകം ചെയ്തെടുക്കുന്നതാണ് "പൊടി". രാവിലെ സ്കൂളിലേയ്ക്കിറങ്ങുമ്പോള്‍ പൊടി വാങ്ങാനുള്ള വട്ടയില ശേഖരിക്കാന്‍ ഒരിക്കലും മറക്കില്ല, പെന്‍സിലോ സ്ളേറ്റോ മറന്നാല്‍ക്കൂടി. അസാധാരണമായ സ്വാദായിരുന്നു പൊടിക്ക്. സ്കൂളില്‍ നിന്ന് കിട്ടുന്നത് മൊത്തവും കഴിക്കാതെ കുറച്ച് പൊതിഞ്ഞ് വീട്ടില്‍ കൊണ്ട് വരും, അനുജത്തി സബീലാക്ക് കൊടുക്കാന്‍. അവള്‍ക്ക് കൊടുക്കാന്‍ കൊണ്ട് വരുന്നതില്‍ കയ്യിട്ട് വീണ്ടും കുറച്ച് ഞാനും തിന്നും. അത്രയ്ക്ക് കൊതിയായിരുന്നു പൊടിയോട്. എനിക്ക് മാത്രമല്ല. സ്കൂളിലെ എല്ലാവര്‍ക്കും. പക്ഷെ പൊടി ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഒരു ഇടവേള പലഹാരമായിരുന്നെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ അത് തേടിവന്നിരുന്നവരാണ് ഭൂരിപക്ഷവും എന്ന് വളരെ നാള്‍ കഴിഞ്ഞേ മനസ്സിലായുള്ളൂ.
ഒരു ദിവസം ഉച്ചയ്ക്ക് കിട്ടിയ പൊടി വളരെക്കുറച്ച് മാത്രം തിന്ന് ബാക്കി പൊതിഞ്ഞെടുത്ത് ഞാന്‍ വീട്ടിലേയ്ക്ക് നടക്കുകയായിരുന്നു. റബ്ബര്‍ തോട്ടത്തിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് മുബാറക്ക് (നമ്മുടെ തേങ്ങ വെട്ടുകാരന്‍ കാക്ക തന്നെ, അന്ന് പുള്ളിക്കാരന് പത്ത്- പന്ത്രണ്ട് വയസ്സ് ) അടുത്ത് വന്ന് എന്തോ ചൂണ്ടിക്കാട്ടി നോക്കാന്‍ പറഞ്ഞു. ഞാന്‍ തിരിഞ്ഞ തക്കത്തിന് പൊടിയും കൊണ്ട് പുള്ളി പറപറന്നു. ഞാന്‍ സ്വര്‍ണ്ണമാല പോയ പെണ്ണിനെപ്പോലെ നിലവിളിച്ചു. ആര് കേള്‍ക്കാന്‍! (അത്രയ്ക്കുണ്ടായിരുന്നു പൊടിയുടെ വില!)ഗെറ്റപ്പോടെ വരുന്ന ചാക്കോസാറും "കനത്ത" കാലടികളോടെ വരുന്ന പാവം വിക്രമന്‍പിള്ള സാറും വിഹ്വലതകളോടെയെത്തുന്ന സുലേഹ സാറും സ്കൂളിനോട് ചേര്‍ന്നുള്ള വീട്ടില്‍ നിന്ന് ചടുതലയോടെയെത്തുന്ന ബേബി സാറും ഓര്‍മ്മയില്‍ തെളിയുന്നു.

അല്‍മനാര്‍ സ്കൂള്‍ ഇപ്പോള്‍ ഏറെ മാറി. മൊത്തത്തില്‍ നന്നാക്കിയിരിക്കുന്നു. അദ്ധ്യാപകനിയമനത്തിലൂടെ കിട്ടുന്ന നേട്ടങ്ങള്‍ സ്കൂളിലും പ്രതിഫലിക്കുന്നു. പഴയ ബല്ലിന് മാത്രം മാറ്റമില്ല. ലോറിയുടെ വീലാണ് സ്കൂളിലെ മണിയടിക്കാന്‍ ഉപയോഗിക്കുന്നത്. അതിന്റെ ഒച്ച വളവുപച്ച ജംഗ്‌ഷനിലും കേള്‍ക്കാം!
ഇപ്പോള്‍ സ്കൂളിന്റെ തിണ്ണയിലൂടെ നടക്കുമ്പോള്‍ കാലത്തിന്റെ പാച്ചിലില്‍ വിട്ടുപോയ കണ്ണികളെ തിരയും... രാജന്‍, നാസര്‍, ഷാജഹാന്‍, അജയന്‍, രാധാമണി, സൂറ, ജലീസ...