
പഴയ റേഡിയോ ക്യോസ്ക് ഇന്ന് ടിവി ക്യോസ്കായി. എല്ലാ വീട്ടിലും ടിവി വന്നപ്പോള്‍ ഇതിനും പുതുമയില്ലാതായി. ആദ്യമായി റേഡിയോ വച്ചുതുടങ്ങിയത് താത്കാലികമായി ഇസ്മായില്‍ കാക്കയുടെ ചായക്കടയില്‍ ആയിരുന്നു, ക്യോസ്കിന്റെ പണിതീരുംവരെ വരെ. പിന്നീട് സുരേന്ദ്രനണ്ണന്റെ കടയുടെ വശത്ത് പഴയോരു വലിയ ഹോണ്‍സ്പീക്കര്‍ വച്ച് റേഡിയോ കേട്ടുതുടങ്ങി. രാവിലെ മുതല്‍ തുടങ്ങും പരിപാടികള്‍. വളവുപച്ചക്കാരുടെ ദിനത്തിന്റെ ഭാഗമെന്നോണം റേഡിയോയും തുടര്‍ന്നു. വാണിജ്യ പ്രക്ഷേപണത്തിലെ ഗാനങ്ങളും സിലോണിലെ(ശ്രീലങ്ക) വിവിധഭാരതിയും വൈക്കുന്നേരത്തെ പ്രതാപന്റെ വാര്‍ത്തകളും ജനങ്ങള്‍ കാതോര്‍ത്തു. തിരഞ്ഞെടുപ്പുകള്‍ കഴിയുമ്പോള്‍ ക്യോസ്ക്കിനുമുന്നില്‍ ജനം തടിച്ചുകൂടി. ഇസ്മായില്‍ കാക്കയുടെ കടയിലിരുന്ന് പഴമ്പൊരിയും മോദകവും തിന്ന് ചൂട് ചായയും മൊത്തിക്കുടിച്ച് ജനം തിരഞ്ഞെടുപ്പ് വിശകലനങ്ങള്‍ നടത്തി. ലോഡ് മമ്മൂഞ്ഞ് മാമായുടെ കമന്റുകള്‍ കേട്ട് അവര്‍ തലയറഞ്ഞ് ചിരിച്ചു. അന്നത്തെ ഇല്ലായ്മകളിലും അവര്‍ ചിരിച്ചു


